ഗുരുവായൂർ: ഇത്തവണ ഗുരുവായൂർ ഏകാദശിക്ക് ഒട്ടേറെ അപൂർവതകൾ. ഗുരുവായൂർ ഏകാദശി രണ്ടു ദിവസം ആചരിക്കുമ്പോൾ ഏകാദശി അനുഷ്ഠിക്കുന്നവർക്കുള്ള പ്രസാദ ഊട്ട് മൂന്നിനും നാലിനും നടക്കുമെന്നതാണ് ഒരു പ്രത്യേകത. ദേവസ്വം നേരത്തേ നിശ്ചയിച്ച മുപ്പതിനായിരം പേർക്കുള്ള ഏകാദശിയൂട്ട് രണ്ടു ദിവസമാകുമ്പോൾ ഇരട്ടിയാകും. സ്വർണക്കോലം എഴുന്നള്ളത്ത് നാലു ദിവസത്തിനു പകരം ഇത്തവണ അഞ്ചു ദിവസമുണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത.

അഷ്ടമി ദിവസമായ ബുധനാഴ്ച മുതൽ വിശിഷ്ഠ സ്വർണക്കോലം വിളക്കിന് എഴുന്നള്ളിക്കാൻ തുടങ്ങും. നവമി, ദശമി, ഏകാദശി രണ്ടു ദിവസവും വിളക്കിന് സ്വർണക്കോലപ്രഭയിലാകും എഴുന്നള്ളത്ത്. തുടർച്ചയായ എൺപതു മണിക്കൂർ ദർശനത്തിനും ഇത്തവണ ക്ഷേത്രം വേദിയാകും. ദശമി ദിവസമായ ഡിസംബർ രണ്ടിന് പുലർച്ചെ മൂന്നിന് ക്ഷേത്രനട തുറന്നാൽ ദ്വാദശി ദിവസമായ അഞ്ചിന് രാവിലെ പതിനൊന്നു വരെ പൂജകൾക്കല്ലാതെ ശ്രീലകം അടയ്ക്കില്ല.

ഗുരുവും വായുവും ചേർന്ന് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയ ഏകാദശി നാളിലെ ഉദയാസ്തമയപൂജ വിശേഷതയാണ്. പുരാതനകാലം മുതൽ നടന്നുവരുന്ന ചടങ്ങാണിത്. ദേവസ്വം ഏകാദശി ആചരിക്കുന്ന രണ്ടു ദിവസങ്ങളിൽ ആദ്യ ദിനമായ ഡിസംബർ മൂന്നിന് ഉദയാസ്തമയപൂജ നടത്താനാണ് ദേവസ്വം തീരുമാനിച്ചിട്ടുള്ളത്. ഇതിൽ ക്ഷേത്രപരിചാരകന്മാരിൽ പ്രതിഷേധസ്വരമുണ്ട്. നാലിന് നടത്തണമെന്നാണ് അവരുടെ ആവശ്യം. മറ്റൊരു ചടങ്ങായ പാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പും മൂന്നിനാണ്.