- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തങ്ക അങ്കി ചാർത്തിയ ദീപാരാധന കണ്ട് കൈതൊഴുതു ഭക്തലക്ഷങ്ങൾ; അയ്യപ്പ സ്വാമിക്ക് ഇന്ന് മണ്ഡലപൂജ
ശബരിമല: സന്നിധാനത്ത് തടിച്ചുകൂടിയ ഭക്ത ലക്ഷങ്ങൾക്ക് പുണ്യം പകർന്ന് തങ്ക അങ്കി ചാർത്തിയ ദീപാരാധന. ഇന്നലെ തങ്ക അങ്കി ചാർത്തി ദീപാരാധന നടന്നപ്പോൾ ശബരിമലയാകെ അയ്യപ്പസ്വാമിയെ കണ്ടു തൊഴാനായി വലിയ തിരക്കായിരുന്നു. ദർശനസുകൃതത്തിന്റെ പുണ്യം പകരാൻ ശബരീശന് ഇന്ന് മണ്ഡലപൂജ നടക്കും. അയ്യപ്പ സേവാസംഘത്തിന്റെ എട്ടംഗ സംഘം പമ്പയിൽ നിന്നു തങ്ക അങ്കി പേടകം ചുമന്നാണു കൊണ്ടുവന്നത്.
പേടകവും വഹിച്ച് പമ്പയിൽ നിന്ന് തുടങ്ങിയ ഘോഷയാത്രയെ തന്ത്രിയുടെ അനുജ്ഞ വാങ്ങി ശരംകുത്തിയിൽ എത്തിയ ദേവസ്വം, അയ്യപ്പ സേവാസംഘം പ്രതിനിധികളും പൊലീസ് സംഘവും ചേർന്നു സ്വീകരിച്ചു സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളിൽ ദേവസ്വം പ്രസിഡന്റും ഉദ്യോഗസ്ഥരും ചേർന്ന് എതിരേറ്റ് ശ്രീകോവിലിലേക്ക് ആനയിച്ചു. പിന്നീട് പേടകം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങി. തുടർന്നായിരുന്നു തങ്ക അങ്കി ചാർത്തി അയ്യപ്പന് ദീപാരാധന നടന്നത്.
ഇതിന് ശേഷമാണ് ഭക്തർക്ക് പതിനെട്ടാം പടി കയറി ദർശനം അനുവദിച്ചത്. തങ്ക അങ്കി ചാർത്തിയുള്ള അയ്യനെ കണ്ടു തൊഴാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തീർത്ഥാടകരുടെ തിരക്ക് ശരംകുത്തി വരെ നീണ്ടു. പുഷ്പാഭിഷേകം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിൽ എത്തിയ ഘോഷയാത്രയെ ദേവസ്വം ബോർഡ് പ്രതിനിധികൾ സ്വീകരിച്ച് ബലിക്കൽപ്പുര വാതിലിലൂടെ സോപാനത്തേക്കു കടന്നു. തന്ത്രി കണ്ഠര് രാജീവര് ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങി. തത്വമസിയുടെ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടന്നപ്പോൾ എല്ലായിടവും കർപ്പൂരദീപം കൊളുത്തി ഭക്തർ ഭഗവത് ചൈതന്യം ഏറ്റുവാങ്ങി.
ഇന്ന് ഉച്ചയ്ക്ക് 12.30നും ഒന്നിനും മധ്യേ തങ്ക അങ്കി ചാർത്തി മണ്ഡലപൂജ നടക്കും. തന്ത്രി കണ്ഠര് രാജീവര് കാർമികത്വം വഹിക്കും. 41 ദിവസം നീണ്ട മണ്ഡലകാല തീർത്ഥാടനത്തിനു സമാപ്തി കുറിച്ച് ഇന്നു രാത്രി 10ന് നട അടയ്ക്കും. പിന്നെ മകരവിളക്ക് തീർത്ഥാടന കാലത്തിനായി 30ന് വൈകിട്ട് 5ന് നട തുറക്കും.
വെള്ളിയാഴ്ച രാവിലെയാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽനിന്നു ഘോഷയാത്ര ആരംഭിച്ചത്. വൈകീട്ട് 5.30-ഓടെ ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം ശരംകുത്തിയിൽ വെച്ച് തങ്ക അങ്കി ഏറ്റുവാങ്ങി. വിശ്രമത്തിന് ശേഷം അവിടെനിന്നു യാത്ര ആരംഭിച്ചു. സന്നിധാനത്ത് ഏറ്റുവാങ്ങിയ ശേഷം വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി ദീപാരാധന നടത്തി.
മണ്ഡലപൂജ നടക്കുന്ന ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ നെയ്യഭിഷേകം തുടങ്ങും. കളഭാഭിഷേകം കഴിഞ്ഞതിന് ശേഷം തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കും. ഉച്ചയ്ക്ക് 12.30 നും ഒരു മണിക്കും മദ്ധ്യേയാണ് മണ്ഡലപൂജ. രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട വീണ്ടും ഡിസംബർ 30 ന് വൈകിട്ട് അഞ്ചിന് മകരവിളക്ക് ഉത്സവത്തിനായി തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്.