- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല നട ഇന്ന് തുറക്കും; മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി: എരുമേലി പേട്ട തുള്ളൽ ജനുവരി 11ന്
ശബരിമല: ശബരിമലയിൽ മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. മണ്ഡലകാലത്തിനുശേഷം അടച്ച അയ്യപ്പക്ഷേത്രനട വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കണ്ഠര് രാജീവര് തുറക്കും. മേൽശാന്തിയുടെ ചുമതലയുള്ള തിരുവല്ല കാവുംഭാഗം നാരായണൻ നമ്പൂതിരി പതിനെട്ടാം പടിയിറങ്ങി ആഴി തെളിക്കും. ഇതിനുശേഷമാകും ഭക്തർക്ക് പതിനെട്ടാംപടി കയറാനാവുക.
ജനുവരി പതിനാലിനാണ് മകരവിളക്ക്. വരുംദിവസങ്ങളിൽ ലക്ഷക്കണക്കിന് ഭക്തർ എത്തുന്നത് മുന്നിൽക്കണ്ടുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. നടതുറക്കുന്ന ഇന്ന് പ്രത്യേക പൂജകളൊന്നും ഉണ്ടാകില്ല. മകരവിളക്കുകാലത്തെ പൂജകൾക്ക് ശനിയാഴ്ച പുലർച്ചെ മൂന്നിന് നിർമ്മാല്യത്തിനുശേഷം തുടക്കമാകും.
ജനുവരി 11-നാണ് എരുമേലി പേട്ട തുള്ളൽ. 12-ന് പന്തളത്തുനിന്ന് തിരുവാഭരണഘോഷയാത പുറപ്പെടും. 13-നാണ് പമ്പവിളക്കും പമ്പസദ്യയും. മകരവിളക്ക് കാലത്തെ നെയ്യഭിഷേകം 18 വരെയുണ്ടാകും. 19-ന് ഈവർഷത്തെ തീർത്ഥാടനത്തിന് സമാപനം കുറിച്ച് മാളികപ്പുറത്ത് ഗുരുതി നടക്കും. 20-ന് രാവിലെ ഏഴിന് നട അടയ്ക്കും.
മകരവിളക്ക് ഉത്സവത്തിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഒരുക്കം പൂർത്തിയാക്കുകയാണ്. കാനനപാതകളിലെ മാലിന്യം പൂർണമായും നീക്കി. ആഴിയും വൃത്തിയാക്കി. പമ്പയിൽ കുളിക്കാൻ എത്തുന്നവർ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ ഒഴുക്കിന് തടസ്സമായി കെട്ടിക്കിടന്നിരുന്നു. ഇവ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരും ഡിവൈഎഫ്ഐ. യൂത്ത് ബ്രിഗേഡും നീക്കി നീരൊഴുക്ക് സുഗമമാക്കി. സന്നിധാനവും കാനനപാതകളും ഇവർ ശുചീകരിച്ചു.