എരുമേലി: ചരിത്രപ്രസിദ്ധമായ എരുമേലി ചന്ദനക്കുടം 10-നും പേട്ടതുള്ളൽ 11-നും നടക്കും. മഹല്ല് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിലാണ് എരുമേലി ചന്ദനക്കുടം ഉത്സവം. വൈകീട്ട് 6.20-ന് മസ്ജിദ് അങ്കണത്തിൽ ഉദ്ഘാടന സമ്മേളനം നടക്കും. ഏഴിന് ചന്ദനക്കുട ഘോഷയാത്ര മന്ത്രി വി.എൻ. വാസവൻ ഫ്‌ളാഗ് ഓഫ് ചെയ്യും. എരുമേലി പേട്ട ശാസ്താക്ഷേത്രത്തിലും ധർമശാസ്താ ക്ഷേത്രത്തിലും ആചാരാനുഷ്ഠാനങ്ങളോടെ ചന്ദനക്കുടം ഘോഷയാത്രയെ സ്വീകരിക്കും.

മസ്ജിദ് അങ്കണത്തിൽനിന്ന് ചരളവരെയും തിരികെ പൊലീസ് സ്റ്റേഷൻ ജങ്ഷൻ, കെ.എസ്.ആർ.ടി.സി ജങ്ഷൻ, ചെമ്പകത്തുങ്കൽ പാലം ജങ്ഷൻ എന്നിവിടങ്ങളിലൂടെ പള്ളി അങ്കണത്തിൽ സമാപിക്കും. ആനകളുടെ കരുതലിന് എലഫെന്റ് സ്‌ക്വാഡിന്റെ സേവനമുണ്ട്. ചന്ദനക്കുടം ഘോഷയാത്രക്ക് മുൻപ് ജമാഅത്ത് ഓഫീസിൽ ജമാഅത്ത് പ്രതിനിധികളും അമ്പലപ്പുഴ സംഘവുമായി സൗഹൃദസംഗമം ഉണ്ട്.

11-ന് ബുധനാഴ്ചയാണ് അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ എരുമേലി പേട്ടതുള്ളൽ. അമ്പലപ്പുഴ പേട്ടതുള്ളലിന് രണ്ട് ആനകളും ആലങ്ങാട് പേട്ടക്ക് ഒരു ആനയും അകമ്പടിയാകും. ഉച്ചയ്ക്ക് 12-മണിയോടെയാണ് അമ്പലപ്പുഴ പേട്ടതുള്ളൽ. മൂന്നുമണിയോടെ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ നടക്കും. പേട്ടതുള്ളൽ സംഘാംഗങ്ങൾക്ക് തിരിച്ചറിയൽകാർഡ് നൽകും.