കോഴഞ്ചേരി: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ 111-ാമത് പരിഷത്തിന് ഞായറാഴ്ച തുടക്കമാകും. രാവിലെ 10.45-ന് ചെറുകോൽപ്പുഴ ജങ്ഷനിൽ ജ്യോതിപ്രയാണ, ഛായാചിത്ര, പതാക ഘോഷയാത്രകൾ സംഗമിക്കും. ഘോഷയാത്രയെ ഹിന്ദുമത മഹാമണ്ഡലം ഭാരവാഹികൾ സ്വീകരിച്ച് പമ്പാനദിയിലെ വിദ്യാധിരാജ നഗറിലേക്ക് ആനയിക്കും. പന്മനയിൽ ആശ്രമത്തിൽനിന്നും എത്തിച്ച ദീപം 11.20-ന് നഗറിലെ കെടാവിളക്കിലേക്ക് പകരും. നഗറിലെ വേദിയിൽ ചട്ടമ്പിസ്വാമിയുടെ ഛായാചിത്രം പ്രതിഷ്ഠിക്കും.

ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ, നഗറിന് മുമ്പിലുള്ള കൊടിമരത്തിൽ പതാക ഉയർത്തുന്നതോടെ എട്ടുദിവസത്തെ ആദ്ധ്യാത്മിക സംഗമം തുടങ്ങും. മൂന്നുമണിക്ക് ഉദ്ഘാടനസഭ. ശ്രീരംഗം മന്നാർഗുഡി മഠാധിപതി സ്വാമി ത്രിദണ്ഡി ചെന്തലക്കര ചെമ്പകമന്നാർഗുഡി ജീയാർ ഉദ്ഘാടനംചെയ്യും. വർക്കല ശിവഗിരിമഠം പ്രസിഡന്റ് സച്ചിതാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. മഹാമണ്ഡലം പ്രസിഡന്റ് ആചാര്യവന്ദനം നടത്തും.

വാഴൂർ തീർത്ഥപാദാശ്രമത്തിലെ സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ അനുഗ്രഹപ്രഭാഷണം നടത്തും. ഡോ. വിദ്യാധിരാജ ദർശന പുരസ്‌കാരം എഴുമറ്റൂർ രാജരാജവർമ്മയ്ക്ക് കേന്ദ്രമന്ത്രി വി. മുരളീധരൻ സമർപ്പിക്കും. വൈകീട്ട് ഏഴിന് കേരളനവോത്ഥാനം സനാതന പ്രഭാവത്തിലൂടെ എന്നവിഷയത്തിൽ വർക്കല ശിവഗിരി മഠം പ്രസിഡന്റ് സച്ചിതാനന്ദ സ്വാമി പ്രഭാഷണം നടത്തും.