ആലുവ: ശതാബ്ദി നിറവിൽ ആലുവാ സർവ്വമത സമ്മേളനം, ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ വിളിച്ചുചേർത്ത സർവമത സമ്മേളനത്തിന് ഈ ശിവരാത്രി നാളിൽ നൂറാം വാർഷികം ആഘോഷിക്കുകയാണ്. ശതാബ്ദിയാഘോഷത്തിന് ബുധനാഴ്ച തുടക്കമാകും. ശിവരാത്രിയോടനുബന്ധിച്ച് 1924 മാർച്ച് മൂന്ന്, നാല് തീയതികളിൽ ആലുവ അദ്വൈതാശ്രമത്തിലാണ് സർവ്വമത സമ്മേളനം നടന്നത്. അമേരിക്കയ്ക്കു പുറത്ത് ആദ്യമായൊരു സർവമത സമ്മേളനം നടന്നതിന് ലോകം സാക്ഷിയായി. ലോകത്തിൽ അതിനു മുമ്പ് ഒരിക്കൽ മാത്രമേ അത്തരത്തിൽ ഒരു സർവമത സമ്മേളനം നടന്നിട്ടുള്ളൂ; ഷിക്കാഗോയിൽ 1893-ലായിരുന്നു അത്.

ശ്രീനാരായണ ഗുരുവാണ് സർവമത സമ്മേളനം എന്ന ആശയം മുന്നോട്ടുവെക്കുന്നത്. 1921-ൽ മലബാർ കലാപത്തെ തുടർന്ന് ജാതി മത സംഘർഷം രൂക്ഷമായത് ശ്രദ്ധിക്കാനിടയായ ശ്രീനാരായണ ഗുരു സർവ്വമത സമ്മേളനത്തിന് മുൻകൈ എടുക്കുക ആയിരുന്നു. പെരിയാറിന് അഭിമുഖമായി അദ്വൈതാശ്രമത്തിലാണ് സർവമത സമ്മേളനത്തിന് വേദിയൊരുക്കിയത്. 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്' എന്നതായിരുന്നു സമ്മേളനത്തിന്റെ മുദ്രാവാചകം. ആ സന്ദേശം പ്രധാന കവാടത്തിൽ ആലേഖനം ചെയ്തിരുന്നു. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന ടി. സദാശിവയ്യർ അധ്യക്ഷത വഹിച്ചു. കെ. കുരുവിള (ക്രിസ്തുമതം), മഞ്ചേരി രാമയ്യർ, മഞ്ചേരി രാമകൃഷ്ണയ്യർ (ബുദ്ധമതം), സ്വാമി ശിവപ്രസാദ് (ബ്രഹ്മസമാജം), മുഹമ്മദ് മൗലവി (ഇസ്ലാം), പണ്ഡിറ്റ് ഋഷിറാം (ആര്യ സമാജം) എന്നിവർ വിവിധ മതങ്ങളെ പ്രതിനിധീകരിച്ച് സംസാരിച്ചു.

എല്ലാ മതങ്ങളുടെയും പ്രതിനിധികളുടെ പ്രഭാഷണം വിശദമായി കേട്ട ശ്രീനാരായണ ഗുരു ഒടുവിൽ മറുപടിപ്രസംഗവും നടത്തി. എല്ലാ മതങ്ങളുടെയും പരമമായ ഉദ്ദേശ്യം ഒന്നാണെന്നും ഭിന്ന മതാനുയായികൾ തമ്മിൽ കലഹിക്കേണ്ട ആവശ്യമില്ലെന്നും ഗുരു പ്രഖ്യാപിച്ചു. ശിവഗിരിയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന മഹാ പാഠശാലയിൽ എല്ലാ മതങ്ങളും പഠിപ്പിക്കുന്നതിന് വേണ്ട സൗകര്യം ഏർപ്പെടുത്തുമെന്നും ഗുരു വ്യക്തമാക്കി. സഹോദരൻ അയ്യപ്പൻ, ജനാബ് കെ.എം. സീതിഹാജി, എം.ബി. സേലം എന്നിവർ പങ്കെടുത്തു. സ്വാമി സത്യവ്രതൻ സ്വാഗതവും സി.വി. കുഞ്ഞുരാമൻ നന്ദിയും പറഞ്ഞു.

ആലുവയിൽ നടക്കുന്ന ശതാബ്ദിയാഘഓഷം ബുധനാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറുമണിക്ക് ആലുവ അദ്വൈതാശ്രമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കെടുക്കുമെന്ന് ആശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ശ്രീനാരായണ സാഹിത്യ സമ്മേളനം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടുമണിക്ക് വനിതാ യുവജന സമ്മേളനം ജെബി മേത്തർ ഹിഷാം എംപി. ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മന്ത്രി വീണാ ജോർജ് ദാർശനിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ചരിത്ര സമ്മേളനം ഉച്ചയ്ക്ക് രണ്ടുമണിക്ക് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 10 മണിക്ക് സംഘടനാ സമ്മേളനം ഋതംബരാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. രണ്ടുമണിക്ക് സന്ന്യാസി സംഗമം. വൈകീട്ട് അഞ്ചുമണിക്ക് നൂറാമത് സർവമത സമ്മേളനം സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയാകും.