ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തിനു മുന്നോടിയായി നടത്തുന്ന സഹസ്രകലശ ചടങ്ങുകൾക്ക് വ്യാഴാഴ്ച തുടക്കമാകും. ആയിരം കലശാഭിഷേകത്തോടെ മാർച്ച് രണ്ടിന് ചടങ്ങുകൾ പൂർത്തിയാകും. മൂന്നാം തിയതിയാണ് തൃക്കൊടിയേറ്റ്. പിന്നെ 10 ദിവസം ഉത്സവനാൾ. കൊടിയേറ്റത്തിനു മുൻപ് മൂന്നുമണിക്കാണ് ആനയോട്ടം. കലശ-ഉത്സവദിവസങ്ങളിൽ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളെ നാലമ്പലത്തിൽ പ്രവേശിപ്പിക്കില്ല.

കലശദിവസങ്ങളിൽ ദർശനസംവിധാനത്തിലും മാറ്റമുണ്ടാകും. വടക്കേനടയിലെ വാതിലിലൂടെയാണ് ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനം. ഒരുവരിയേ ഉണ്ടാകൂ. തിരിച്ചും ഇതുവഴിതന്നെ പുറത്ത് കടക്കണം. വ്യാഴാഴ്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ആചാര്യവരണത്തോടെ കലശചടങ്ങുകൾ തുടങ്ങും. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് വസ്ത്രവും പവിത്രവും നൽകി ആചാര്യവരണം നിർവഹിക്കും.

നാലമ്പലത്തിലെ മുളയറയിൽ 16 വെള്ളിപ്പൂപ്പാലികകളിൽ ധാന്യങ്ങൾ വിതച്ച് മുളയിടും ഈ സമയം ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനമില്ല. വെള്ളിയാഴ്ച വാതിൽമാടത്തിൽ ഹോമങ്ങൾ ആരംഭിക്കും.