ഗുരുവായൂർ: ഉത്സവം ആറാംവിളക്കായിരുന്ന ബുധനാഴ്ച ഗുരുവായൂരപ്പൻ സ്വർണക്കോലത്തിൽ എഴുന്നള്ളി. കൊമ്പൻ ഇന്ദ്രസെൻ തിടമ്പേറ്റി. ഉത്സവം കഴിയുംവരെ സ്വർണക്കോലപ്രഭയിലാകും എഴുന്നള്ളിപ്പ്. താന്ത്രികപ്രധാനമായ ഉത്സവബലി വെള്ളിയാഴ്ച നടക്കും. ബുധനാഴ്ച വൈകീട്ട് കാഴ്ചശ്ശീവേലിക്കാണ് സ്വർണക്കോലം എഴുന്നള്ളിപ്പ് തുടങ്ങിയത്. ശാന്തിയേറ്റ കീഴ്ശാന്തി കൊടയ്ക്കാട് കേശവൻ നമ്പൂതിരി കോലം എഴുന്നള്ളിച്ചു.

വിഷ്ണുവും ഗോപീകൃഷ്ണനും പറ്റാനകളായി നിരന്നതോടെ നവംമേളത്തിന് കോലമർന്നു. ചൊവ്വല്ലൂർ മോഹനവാരിയർ മേളം നയിച്ചു. എട്ടാംവിളക്ക് ദിവസമായ വെള്ളിയാഴ്ച ഉത്സവബലി ആറുമണിക്കൂറോളം നീളും. ദേവീദേവന്മാർക്കും പരിവാരദേവതകൾക്കും പൂജയോടെ വിസ്തരിച്ച് നിവേദ്യം സമർപ്പിക്കുന്ന ചടങ്ങാണിത്. ബലിതൂവലും ഉച്ചപ്പൂജയും കഴിയാൻ വൈകീട്ട് നാലുമണിയാകും. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞുള്ള കാഴ്ചശ്ശീവേലി ഉണ്ടാകില്ല. ചടങ്ങുകൾ നടക്കുന്ന നേരത്ത് ഭക്തർക്ക് നാലമ്പലത്തിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമുണ്ടാകും.