അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിലെ ഈവർഷത്തെ പൂരത്തിന് 28-ാം തിയതി കൊടിയേറും. പുറപ്പാട് ദിവസം രാവിലെ എട്ടിന് നങ്ങ്യാർകൂത്തോടെ പൂരച്ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് 8.30-ന് കൂത്തുപുറപ്പാട്. രാവിലെ 10-നാണ് ആദ്യ ആറാട്ടെഴുന്നള്ളിപ്പായ പൂരം പുറപ്പാട്. 11-ന് ആറാട്ട് കഴിഞ്ഞ് പൂരം കൊട്ടിക്കയറി ചെറുശ്ശേരി കുട്ടന്മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം. രാവിലെയും രാത്രിയും 9.30-ന് വടക്കേനട ഇറങ്ങിയുള്ള ആറാട്ട് എഴുന്നള്ളിപ്പുകളാണ് പൂരത്തിന്റെ പ്രധാന ചടങ്ങ്. 11 ദിവസങ്ങളായി 21 ആറാട്ടുകളാണുള്ളത്.

11 ദിവസം നീളുന്ന പൂരത്തിന് മുന്നോടിയായി എട്ടുദിവസത്തെ ദ്രവ്യകലശം 19- ന് തുടങ്ങും. 27-ന് രാത്രി എട്ടിന് വിശേഷമായ രോഹിണി കളംപാട്ടുണ്ടാവും. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ മൂന്നാംപൂരത്തിനാണ് പൂരം കൊടിയേറുന്നത്. 30-നാണ് പൂരക്കൊടിയേറ്റം. പതിനൊന്നാം പൂരം കഴിഞ്ഞ് പുലർച്ചെ ക്ഷേത്രംട്രസ്റ്റി വള്ളുവനാട്ടുകര രാജാവും മലയരുടെ മൂപ്പൻ മലയരാജാവും തമ്മിലുള്ള കൂടിക്കാഴ്ചയോടെ കമ്പംകൊളുത്തി പൂരം സമാപിക്കും. പൂരദിവസങ്ങളിൽ നിത്യേന രാവിലെ ഏഴിനും വൈകുന്നേരം 5.30-നും ക്ഷേത്രാങ്കണത്തിൽ സംഗീത -നൃത്ത -കലാ പരിപാടികളും രാത്രി പത്തിന് പൂരപ്പറമ്പ് സോപാനം ഓപ്പൺ ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറും. എല്ലാദിവസവും ചാക്യാർക്കൂത്ത്, ഓട്ടൻതുള്ളൽ, നാദസ്വരം, പാഠകം, തായമ്പക, കേളി തുടങ്ങിയവയും അവതരിപ്പിക്കും.

സാംസ്‌കാരിക ഘോഷയാത്രയും സമ്മേളനവും
പൂരം വിളംബരംചെയ്ത് ഈവർഷം മുതൽ പൂരത്തലേന്ന് സാംസ്‌കാരിക ഘോഷയാത്രയും അഞ്ചാംപൂരത്തിന് സാംസ്‌കാരികസമ്മേളനവും നടക്കും. 27-ന് വൈകുന്നേരം 5.30-ന് പൂരം വിളംബര ഘോഷയാത്ര കല്യാണി കല്യാണമണ്ഡപ പരിസരത്തുനിന്ന് ആരംഭിച്ച് ആറു മണിയോടുകൂടി പൂരപ്പറമ്പ് മൈതാനിയിൽ സമാപിക്കും. ഏപ്രിൽ ഒന്നിന് അഞ്ചാംപൂരത്തിനാണ് സാംസ്‌കാരികസമ്മേളനം. വൈകീട്ട് 4.30-ന് പൂരപ്പറമ്പ് സോപാനം ഓഡിറ്റോറിയത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും. മലബാർ ദേവസ്വംബോർഡ് പ്രസിഡന്റ് എം.ആർ. മുരളി അധ്യക്ഷതവഹിക്കും. ഈ വർഷത്തെ മാന്ധാദ്രി പുരസ്‌കാരം കേരള കലാമണ്ഡലം ചാൻസലർ ഡോ. മല്ലികാ സാരാഭായിക്ക് സമ്മാനിക്കും. കലാസാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് തിരുമാന്ധാംകുന്ന് ഭഗവതി ദേവസ്വം നൽകിവരുന്നതാണ് ഈ പുരസ്‌കാരം.