- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരം മുഴുവൻ മുറിവേൽപ്പിച്ച് സ്വയം കുരിശിലേറി ഫിലിപ്പൈൻസിലെ വിശ്വാസികൾ; കെനിയയിലും ഭാരമേറിയ കുരിശേറി നിലത്ത് വീണ് വിശ്വാസികൾ; പാശ്ചാത്യ രാജ്യങ്ങളിലും വിശ്വാസ സമൂഹം മലകയറി; ലോകം ദുഃഖവെള്ളി ആചരിച്ചതിങ്ങനെ
ക്രിസ്തുവിന്റെ പീഡനാനുഭവങ്ങൾ ഏറ്റെടുത്ത് ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികൾ. ചിലർ സ്വയം കുരിശുകൾ ഏറ്റുവാങ്ങിയപ്പോൾ മറ്റുചിലർ മുതുകിൽ ചാട്ടവാറടികൾ ഏറ്റുവാങ്ങിയായിരുന്നു ദൈവപുത്രന്റെ വേദന സ്വാംശീകരിച്ചത്. അത്യന്തം ഭക്തിനിർഭരമായ അന്തരീക്ഷത്തിലായിരുന്നു ലോകമെമ്പാടും ദുഃഖവെള്ളിയാഴ്‌ച്ച ആചരിച്ചത്.
ഫിലൈപ്പൈൻസ് തലസ്ഥാനമായ മനിലയിൽ നിന്നും വടക്കു മാറിയുള്ള സാൻ ജുവാൻ ഗ്രാമത്തിൽ യേശു ക്രിസ്തുവിന്റെ അവസാന മണിക്കൂറുകൾ പുനരാവിഷ്‌കരിച്ചത് കാണാൻ വിശ്വാസികളും വിനോദസഞ്ചാരികളും തടിച്ചു കൂടി. നൂറുകണക്കിന് വിശ്വാസികളായിരുന്നു മുൾക്കിരീടമണിഞ്ഞ്, നഗ്‌നപാദരായി തെരുവുകളിലൂടെ നടന്നത്. ഈ യാത്രയിൽ ഉടനീളം അവർ ചാട്ടവാറടി ഏറ്റുവാങ്ങുന്നുമുണ്ടായിരുന്നു.
രക്തം വാർന്നൊഴുകുന്ന മുതുകുമായി നടന്നു നീങ്ങിയ വിശ്വാസികളെ കാണാൻ നിരത്തുകൾക്ക് ഇരുപുറവും ഭക്തിയോടെ ജനക്കൂട്ടം കാത്തു നിന്നു. ചിലർ, മൂർച്ചയുള്ള ആയുധങ്ങൽ ഉപയോഗിച്ച് ദേഹത്ത് വരഞ്ഞും രക്തം വരുത്തുന്നുണ്ടായിരുന്നു. ഇത് ഒരു വഴിപാടാണ്, എന്റെ കുടുംബത്തിന്റെ ആയുരാരോഗ്യ സൗഖ്യങ്ങൾക്കായാണ് ഞാൻ ഇത് ചെയ്യുന്നത്, 31 കാരനായ ഡാറേൻ പാസ്‌കൽ പറയുന്നു.
ഈ പുനരാവിഷ്‌കാരത്തിന്റെ അവസാനത്തിൽ റോമൻ പടയാളികളുടെ വേഷമണിഞ്ഞവരുടെ അകമ്പടിയോടെ മൂന്ന് പേരെ മലമുകളിലേക്ക് കയറ്റി. അതിൽ രണ്ടു പേരെ കുരിശിൽ കെട്ടിയിട്ടപ്പോൾ, യേശു ക്രിസ്തുവിന്റെ ഭാഗം അഭിനയിച്ച വ്യക്തിയെ ആണിയാൽ കുരിശിൽ തറയ്ക്കുക തന്നെയായിരുന്നു. നിരവധി വിനോദ സഞ്ചാരികളായിരുന്നു ആ രംഗം ക്യാമറയിൽ പകർത്തിയത്. പതിറ്റാണ്ടുകളോളമായി ഈ ഗ്രാമത്തിൽ തുടർന്ന് വരുന്ന ആചാരമാണിത്. കോവിഡ് മൂലം കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഇത് ഇല്ലായിരുന്നു.
പാശ്ചാത്യ നാടുകളിൽ ഈസ്റ്റർ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് കൂടിയായിരുന്നു ദുഃഖവെള്ളിയാച്ച. സ്പെയിനിൽ ലക്ഷക്കണക്കിന് വിശ്വാസികളായിരുന്നു പരമ്പരാഗതമായ വിലാപയാത്രക്കായി നിരത്തുകളിൽ ഇറങ്ങിയത്. 2019 ന് ശേഷം മാസ്‌കോ കറ്റ് നിയന്ത്രണങ്ങളോ ഇല്ലാത്ത ആദ്യത്തെ ദുഃഖവെള്ളിയാഴ്‌ച്ച വിലാപയാത്രയായിരുന്നു ഇന്നലത്തേത്. കടന്നു പോകുന്ന വഴിയിലെല്ലാം ക്രിസ്തുവിന്റെ പീഡനാനുഭവങ്ങൾ ഓർത്തുകൊണ്ട് കണ്ണുനീരോടെ വിശ്വാസികൾ റോഡിനിരുവശവും നിരന്നു നിന്ന് യാത്രയെ വരവേറ്റു.
കുരുത്തോല ഞായർ ദിനത്തിൽ ആരംഭിച്ച പരേഡുകൾ ഈസ്റ്റർ ദിനം വരെ തുടാരും. ദിവസേനയുള്ള പരേഡുകൾ കാണാൻ നിരവധി വിനോദ സഞ്ചാരികളാണ് സ്പെയിനിലേക്കെത്തുന്നത്. റോമൻ കാത്തലിക് സംസ്‌കാരത്തിന്റെ കേന്ദ്രമായിരുന്നപ്പോൾ സ്പെയിനിൽ ആരംഭിച്ചതാണ് ഈ പതിവ്. അതേസമയം, വത്തിക്കാൻ നഗരത്തിൽ പോപ്പ് ഫ്രാൻസിസ് കുട്ടികളുടെ ജയിലിലെത്തി അവിടത്തെ അന്തേവാസികളുടെ പാദശുശ്രൂഷ നടത്തി. ആർക്കും പാപത്തിലേക്ക് വഴുതിവീഴാൻ ആകുമെന്നും, പാപം മനസ്സിലാകി പശ്ചാത്തപിക്കുകയും അത് ആവർത്തിക്കാതിരിക്കുകയും വേണമെന്നും അദ്ദേഹം അവരോട് പറഞ്ഞു.
റോമിന്റെ പ്രാന്തപ്രദേശത്തുള്ള ഇതേ ജയിലിലായിരുന്നു മാർപ്പാപ്പയായി ചുമതലയേറ്റശേഷം ആദ്യമായി പോപ്പ് ഫ്രാൻസിസ് പാദ ശുശ്രൂഷ നടത്തിയത്. ഇത്തവണ പത്ത് പുരുഷ അന്തേവാസികളുടെയും രണ്ട് വനിത അന്തേവാസികളുടെയും പാദങ്ങളായിരുന്നു അദ്ദേഹം കഴുകിയത്. ഓരോരുത്തരുടെയും ഓരോ പാദങ്ങളിൽ വെള്ളം ഒഴിച്ച് വെളുത്ത ടവൽ കൊണ്ട് പതുക്കെ തുടക്കുകയായിരുന്നു. അതിനു ശേഷം പാദങ്ങളിൽ ചുംബനം അർപ്പിക്കുകയും ചെയ്തു.
ഇന്തോനേഷ്യയിലും ഇന്നലെ ദുഃഖവെള്ളിയാഴ്‌ച്ച ആചരിച്ചു. ഫ്ലോഴ്സ് ദ്വീപിൽ നടന്ന പ്രാർത്ഥനാ ചടങ്ങിൽ ഏഴായിരത്തിലധികം പേർ പങ്കെടുത്തു. ഇന്നലെ മാതാവിന്റെ പ്രതിമയുമേന്തിയ ഘോഷയാത്രയോടെയായിരുന്നു ഇന്തോനേഷ്യയിൽ ഈസ്റ്റർ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. 16-ാം നൂറ്റാണ്ടിലെ ഒരു ഐതിഹ്യവുമായി ബന്ധപ്പെട്ടതാണ് ഈ ഘോഷയാത്ര. അന്ന് ഒരു കുട്ടിക്ക് കടലിൽ നിന്നും കിട്ടിയതാണത്രെഈ പ്രതിമ.അതീവ ശക്തിയുള്ള ദേവീ പ്രതിമയായി അവർ ആരാധിച്ചിരുന്നത്രെ. പിന്നീട് പോർച്ചുഗീസുകാരുടെ വരവോടെയാണ് അത് കന്യാ മാതാവിന്റെ പ്രതിമയായി അംഗീകരിക്കപ്പെടുന്നത്.
മറുനാടന് ഡെസ്ക്