- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്തിയോടെ ഉപവാസമനുഷ്ഠിച്ച ഒരു മാസത്തെ പുണ്യം ആവാഹിച്ച് ചെറിയ പെരുന്നാൾ; സൗദിയിലും ഖത്തറിലും യു എ ഇയിലും അടക്കം സുന്നി ലോകത്തെല്ലാം ഇന്നലെ റമദാൻ ആഘോഷം പൊടിപൊടിച്ചു; ഷിയകൾ ആഘോഷിക്കുന്ന ഇന്ന് സുന്നികളുടെ നാടായ കേരളവും ആഘോഷിക്കുന്നു; ലോകം ഏകമനസ്സോടെ ഈദുൽ ഫിത്തറിനെ വരവേൽക്കുമ്പോൾ
ഭക്തിയോടെ ഉപവാസമനുഷ്ഠിച്ച ഒരു മാസത്തെ പുണ്യം ആവാഹിച്ച് ഈദുൽ ഫിത്തർ എത്തി. ഇസ്ലാമിക സംസ്‌കാരത്തിലെ പുണ്യസ്ഥലങ്ങൾ ഏറെയുള്ള സൗദി ഉൾപ്പടെയുള്ള സുന്നി മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങൾ ഇന്നലെ ഈദുൽ ഫിത്തർ ആഘോഷിച്ചപ്പോൾ ഷിയകൾക്ക് ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ഇന്നാണ് ആഘോഷം. കേരളവും ഇന്ന് ഈദുൽ ഫിത്തർ ആഘോഷിക്കുന്നു. ഇസ്ലാമിക ചന്ദ്രമാസ കലണ്ടർ പ്രകാരം ചന്ദ്രന്റെ പിറവ് ദർശിക്കുന്നതിനെ ആശ്രയിച്ചാണ് ഈദ്-ഉൽ -ഫിത്തറിന്റെ തീയതി നിശ്ചയിക്കുന്നത്.
സൂര്യോദയം മുതൽ സൂര്യാസ്തമനം വരെ ഒരു മാസം നീണ്ട ഉപവാസത്തിനൊടുവിൽ എത്തിയ ഈദുൽ ഫിത്തർ കുടുംബാംഗങ്ങൾക്കൊപ്പം ലോകമെമ്പാടും ആഘോഷമാക്കി. സൗദി അറേബ്യ, യുണൈറ്റഡ് എമിരേറ്റ്സ്, ഖത്തർ, ജോർദ്ദാൻ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇന്നലെയായിരുന്നു ഈദുൽ ഫിത്തർ. അതേസമയം, രണ്ട് വ്യത്യസ്ത കൂട്ടം ആളുകൾ ഭരിക്കുന്ന ലിബിയയിൽ കിഴക്കൻ മേഖലയിൽ ഇന്നലെ ഈദുൽ ഫിത്തർ ആഘോഷിച്ചപ്പോൾ ട്രിപോളി ആസ്ഥാനമാക്കിയുള്ള ഭരണത്തിൻ കീഴിലുള്ള പ്രദേശങ്ങളിൽ ഇന്നാണ് പെരുന്നാൾ ആഘോഷിക്കുന്നത്.
ഇറാൻ പരമാധികാരി ആയത്തൊള്ള അലി ഖമേനിയും ഇറാഖിലെ ഉന്നത ഷിയ നേതാവ് ആയത്തൊള്ള അലി സിസ്റ്റാഹിയും ഇന്നായിരിക്കും പെരുന്നാൾ എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇറാഖിലെ സുന്നി നേതാക്കൾ ഇന്നലെ തന്നെ പെരുന്നാൽ ആഘോഷിക്കാൻ ആഹ്വാനം ചെയ്തിരുന്നു. അതേസമയം, ലോകത്തിൽ ഏറ്റവും അധികം മുസ്ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യയിൽ, രണ്ടാമത്തെ വലിയ ഇസ്ലാമിക ഗ്രൂപ്പായ മുഹമ്മദീയ സമൂഹത്തിൽ ഇന്നലെ പെരുന്നാൾ ആഘോഷിച്ചപ്പോൾ, ഇന്തോനേഷ്യയിൽ ഔദ്യോഗികമായി ഈദുൽ ഫിത്തർ ആഘോഷിക്കുന്നത് ശനിയാഴ്‌ച്ചയായിരിക്കും എന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.
സൂര്യോദയം മുതൽ അസ്തമനം വരെ ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിച്ച് ഉപവാസം അനുഷ്ഠിക്കുക എന്നത് ഇസ്ലാമത വിശ്വാസ പ്രകാരം ഏറ്റവും അധികം പ്രാധാന്യമുള്ള അഞ്ച് കാര്യങ്ങളിൽ ഒന്നാണ്. സൂര്യൻ അസ്തമിക്കുന്നതോടെ സുഹൃത്തുക്കളും കുടുംബാമ്മ്ഗങ്ങളുമൊത്ത് ഉപവാസം അവസാനിപ്പിക്കും. മാത്രമല്ല, വലിയൊരു വിഭാഗം വിശ്വാസികൾ പള്ളികളിലെത്തി പ്രാർത്ഥനകളിൽ ഒത്തു ചേരുകയും ചെയ്യും.
ലോക സമാധാനത്തിനായി പലയിടങ്ങളിലും വിശ്വാസികൾ പ്രാർത്ഥനകളിൽ മുഴുകിയപ്പോഴും ചിലയിടങ്ങളിൽ പെരുന്നാൾ ദിനത്തിലും ചോരപ്പുഴ ഒഴുകുകയായിരുന്നു. സുഡാനിൽ ഔദ്യോഗിക സൈന്യവും വിമതരം തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നൂറോളം പേർ മരണമടഞ്ഞു. നിരവധിപേർക്ക് പരിക്കുകൾ ഏറ്റിട്ടുണ്ട്. യമനിൽ, ഭക്ഷണ പദാർത്ഥങ്ങൾ വിതരണം ചെയ്യുന്നിടത്ത് ബുധനാഴ്‌ച്ച ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 78 പേരോളം മരണമടഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, ദീർഘനാളായി നിരന്തരം പോരാടിയിരുന്ന സൗദി അറേബ്യയും ഇറാനും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത് ഈ പെരുന്നാൾ കാലത്ത് പുറത്തുവന്ന ഒരു ശുഭവാർത്തയാണ്. ചൈനയുടെ മധ്യസ്ഥതയിലായിരുന്നു ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നത്. അതുപോലെ സിറിയൻ പ്രസിഡണ്ട് ബാഷർ അസ്സാദിനെ കാണുവാനായി സൗദി ഒരു സംഘം നയതന്ത്ര ഉദ്യോഗസ്ഥരെ അയച്ചതും ഒരു നല്ല സൂചനയായിട്ടാണ് ലോകം വിലയിരുത്തുന്നത്.
മറുനാടന്‍ ഡെസ്‌ക്