കണ്ണൂർ: കൈതപ്രം സോമയാഗത്തിൽ ഭക്തിനിർഭരമായ പ്രവർഗ്യം ചടങ്ങു നടന്നു. ഋത്വിക്കുകളുടെ വേദഘോഷത്തോടെ തേജോഗോളമായി അഗ്‌നി ജ്വലിപ്പിക്കുന്ന ഏറ്റവും പ്രധാനവും മനോഹരവുമായ ഈ ചടങ്ങ് വേദജ്ഞർക്കും ഭക്തർക്കും നിർവൃതിയേകുന്നതായി.

മഹാവീരം എന്ന പേരുള്ള മൺകുടുക്കയാണ് പ്രവർഗ്യത്തിന്റെ പാത്രം. അതിന് കൈകൊണ്ട് പിടിക്കാവുന്ന രീതിയിൽ താഴോട്ട് നീട്ട്. ഈ പാത്രത്തിന്റെ അടിഭാഗം (നീട്ട്) മണ്ണിൽ കുഴിച്ചിടുന്നു. അതിന്റെ ചുറ്റുപാടും തീയിട്ട് പാത്രത്തിൽ മുക്കാൽ ഭാഗം നെയ്യ് ഒഴിച്ച് തീവീശിക്കത്തിച്ചു. ചുറ്റും വലംവെച്ച് ഋത്വിക്കുകൾ വേദമന്ത്രം ഘോഷിക്കുമ്പോൾ തീയിൽ മൺകലം ചുട്ടുപഴുക്കുന്നുണ്ടായിരുന്നു. അതിലെ നെയ്യ് ബാഷ്പമാകാൻ തുടങ്ങിയതോടെ ജ്വാല ഉയർന്നു.

അധ്യര്യു എന്ന ഋത്വിക് യജമാനനുവേണ്ടി യാഗശാലയിൽ കെട്ടിയിട്ടിട്ടുള്ള പശുവിനെ കറന്ന് അതിൽനിന്ന് ഒരു സ്പൂൺ പാൽ ഈ കത്തുന്ന നെയ്യിലേക്ക് പകർന്നു. നെയ്യും പാലും ചേർന്ന ഈ മിശ്രിതത്തിന് 'ഘർമ' എന്നാണ് പേര്. 'ഘർമ'മെന്നാൽ ചൂട്. അത് അതിപ്രകാശത്തോടെ ജ്വലിച്ച് ക്രമത്തിൽ മേലോട്ടുപൊങ്ങി വലുപ്പം കൂടിക്കൂടി ഒരു തേജോഗോളമായി ഉയർന്നു.

തുടർന്ന് പ്രതിപ്രസ്ഥാതൻ എന്ന ഋത്വിക്ക് യജമാനപത്‌നിയെ പ്രതിനിധീകരിച്ച് ആടിനെ കറന്ന് ആ പാൽ മഹാവീരത്തിൽ പകർന്നു. അങ്ങനെ രണ്ടാമതൊരു അഗ്‌നിഗോളംകൂടി ഉയരുന്നതോടെ പ്രവർഗ്യം ചടങ്ങ് അവസാനിച്ചു.

ബുധനാഴ്ച രാവിലെ മുതൽ വേദമന്ത്രങ്ങളും യാഗഹോമാദികളും നടക്കും. വെള്ളിയാഴ്ച മൂന്നിന് സോമരസം ഹോമിച്ച ശേഷം യാഗശാല അഗ്‌നിക്കിരയാക്കുന്നതോടെ യാഗം സമാപിക്കും.