- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതൃപുണ്യം തേടി ഇന്ന് കർക്കിടക വാവുബലി; നമുക്ക് മുമ്പുള്ള മൂന്നു തലമുറയിലെ പിതൃക്കൾക്ക് ശ്രാദ്ധവും തർപ്പണവും നടത്തുന്ന പുണ്യദിനം; വിവിധ കേന്ദ്രങ്ങളിൽ ഇന്ന് ആയിരങ്ങൾ ബലി തർപ്പണം നടത്തും: രാമായണമാസാരംഭവും ഇന്ന്
ഇന്നു കർക്കടകം ഒന്ന്. ഈ വർഷം കർക്കടകവാവുബലിയും രാമായണമാസാരംഭവും ഒരു ദിവസമാണെന്ന പ്രത്യേകത കൂടിയുണ്ട്.. രാമായണ മാസത്തിന് തുടക്കമാകുന്ന ഇന്നു തന്നെ മലയാളികൾ തങ്ങളുടെ പിതൃക്കൾക്കായി കർക്കിടക വാവു ബലിയം അർപ്പിക്കും. കർക്കടകം അവസാനിക്കുന്ന ഓഗസ്റ്റ് 16 വരെയാണു രാമായണമാസമായി ആചരിക്കുന്നത്. രാമായണ മാസം തുടങ്ങുന്ന ഇന്ന് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണം ഉൾപ്പെടെയുള്ള ചടങ്ങുകൾക്കും തുടക്കമാവും.
കർക്കടകത്തിലെ കറുത്ത വാവ് പിതൃക്കൾക്കു ബലിതർപ്പണത്തിനു പ്രധാനമാണ്. ഓഗസ്റ്റ് 15, 16 ദിവസങ്ങളിലായി കർക്കടക അമാവാസി വരുന്നുണ്ടെങ്കിലും ബലിതർപ്പണത്തിനു സ്വീകരിക്കുന്നതു മാസത്തിൽ ആദ്യം വരുന്ന അമാവാസിയാണ്. ഇന്നു സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ബലിതർപ്പണം നടക്കും. പിതൃക്കൾക്കായി ബലിതർപ്പണം നടത്തുന്നവർ പലവിധത്തിലുള്ള ചിട്ടവട്ടങ്ങൾ അനുഷ്ഠിക്കുകയും പാലിക്കുകയും ചെയ്യേണ്ടതുണ്ട്. ബലിയിടുന്നതിന്റെ തലേദിവസം വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ച് ഈറനണിഞ്ഞ് മൺമറഞ്ഞ പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ചാണ് ബലിതർപ്പണം നടത്തുന്നത്. എള്ള്, പുഷ്പങ്ങൾ, ചോറ്, ഉണക്കലരി എന്നിങ്ങനെയുള്ള പൂജാദ്രവ്യങ്ങൾകൊണ്ടാണ് ബലിതർപ്പണം നടത്തുന്നത്. ബലിതർപ്പണത്തിന് ശേഷം കാക്കയെ ഊട്ടുന്ന രീതിയും നിലവിലുണ്ട്. കാക്ക കഴിക്കുന്നതോടെ ആത്മാവിന് ശാന്തി ലഭിച്ചു എന്നാണ് വിശ്വാസം.
മനസ്സും ശരീരവും ശുദ്ധിയാക്കിയതിന് ശേഷം മാത്രമാകണം ബലിതർപ്പണം നടത്തേണ്ടത്. ഇതിനായി തലേദിവസം മുതൽ ഒരുക്കങ്ങൾ നടത്തുകയും ശ്രദ്ധിക്കുകയും വേണം. തലേദിവസം അരിഭക്ഷണം ഒഴിവാക്കി ഒരിക്കൽ വൃതം അനുഷ്ഠിക്കേണ്ടതുണ്ട്. അതായത് ഒരിക്കൽ എടുക്കുന്ന ദിവസം ഒരു നേരം മാത്രമാണ് അരി ആഹാരം കഴിക്കാൻ സാധിക്കുക. അന്നേ ദിവസം സസ്യാഹാരവും ഒരു നേരം അരിആഹാരം എന്നിങ്ങനെയാകും ഭക്ഷണക്രമം. കൂടാതെ തർപ്പണം തുടങ്ങി തർപ്പണം കഴിയുന്ന സമയം വരെയും വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ പാടില്ല. ബലിതർപ്പണം കഴിയുന്നത് വരെ പൂർണ ഉപവാസമാണ് അനുഷ്ഠിക്കേണ്ടത്.
ഇതിന് പുറമേ സ്ത്രീകൾ ബലിതർപ്പണം നടത്തുമ്പോഴും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ആർത്തവമുള്ള സ്ത്രീകൾ ബലിതർപ്പണം നടത്തരുതെന്ന വിശ്വസവും നിലനിൽക്കുന്നുണ്ട്. സ്നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും പിതൃതർപ്പണത്തിനുള്ള സൗകര്യം സജ്ജമാക്കാറുണ്ട്. എല്ലാ മാസവും ബലിതർപ്പണം നടത്താമെങ്കിലും കർക്കടക മാസത്തിൽ ബലിതർപ്പണം നടത്തുന്നത് കൂടുതൽ പുണ്യം നൽകുമെന്നും വിശ്വസിക്കപ്പെടുന്നു. കർക്കടക മാസം പുണ്യ മാസമായാണ് കണക്കാക്കുന്നത്.