- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർച്ച് ബിഷപ്പ് സിറിൽ വാസിൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ പൊന്തിഫിക്കൽ ഡെലിഗേറ്റ്; നിയമന ഉത്തരവിറക്ക് ഫ്രാൻസിസ് മാർപാപ്പ
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലിഗേറ്റായി ആർച്ച് ബിഷപ്പ് സിറിൽ വാസിലിനെ നിയമിച്ചു. ഫ്രാൻസിസ് മാർപാപ്പയാണ് നിയമനം നടത്തി ഉത്തരവിറക്കിയത്. പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ മുൻ സെക്രട്ടറിയും സ്ലൊവാക്യയിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായിരുന്നു അദ്ദേഹം.
സീറോ മലബാർ സഭയിലെ മറ്റു രൂപതകളിലെല്ലാം നടപ്പിലാക്കിയ സിനഡ് തീരുമാനമനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുർബാനയർപ്പണ രീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു രൂപപ്പെട്ട പ്രതിസന്ധി പഠിക്കുന്നതിനും പരിഹാരമാർഗം നിർദേശിക്കുന്നതിനുമാണു ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രത്യേക പ്രതിനിധിയായി മാർ സിറിൽ വാസിലിനെ നിയോഗിച്ചിരിക്കുന്നത്. ഓഗസ്റ്റ് നാലിനു അദ്ദേഹം കൊച്ചിയിലെത്തും. പേപ്പൽ ഡെലിഗേറ്റ് പ്രവർത്തിക്കുമ്പോഴും അതിരൂപതയുടെ ഭരണനിർവഹണ ചുമതല അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് തുടർന്നും നിർവഹിക്കും.
2023 മെയ് 4-ന് സിറോ മലബാർ സഭയുടെ പെർമനന്റ് സിനഡ് അംഗങ്ങൾ വത്തിക്കാനിലെത്തി സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദിനാൾ പിയെത്രോ പരോളിനുമായും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ തലവൻ നിയുക്ത കർദിനാൾ ക്ലൗദിയോ ഗുജറോത്തിയുമായും നടത്തിയ ചർച്ചയിൽ രൂപപ്പെട്ട നിർദേശമാണ് ഒരു പൊന്തിഫിക്കൽ ഡെലിഗേറ്റിനെ അയയ്ക്കുക എന്നത്. ഈ നിർദ്ദേശം മാർപാപ്പ അനുഭാവപൂർവം പരിഗണിക്കുമെന്നു വത്തിക്കാൻ വ്യക്തമാക്കിയിരുന്നു. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കാനൻ നിയമ പ്രൊഫസറും ഈശോ സഭാംഗവുമായ ഫാ. സണ്ണി കൊക്കരവാലയിൽ പൊന്തിഫിക്കൽ ഡെലിഗേറ്റിനെ അനുഗമിക്കും.
1965ൽ സ്ലൊവാക്യയിലെ കൊസിഷെയിൽ ജനിച്ച ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പ്രാഥമിക പഠനത്തിനുശേഷം സെമിനാരി പരിശീലനം പൂർത്തിയാക്കി 1987-ൽ വൈദികനായി. സഭാ നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യം അദ്ധ്യാപകനായും പിന്നീട് റെക്ടറായും സേവനമനുഷ്ഠിച്ചു. 2009-ൽ പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറിയായി നിയമിതനായതിനൊപ്പം ആർച്ച് ബിഷപ്പിന്റെ പദവിയോടുകൂടി മെത്രാനായി അഭിഷിക്തനായി. 2020-ൽ കൊസിഷെ രൂപതയുടെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററായി. 2011-ൽ സിറോ മലബാർ സഭയുടെ മുൻ മേജർ ആർച്ച് ബിഷപ്പ് മാർ വർക്കി വിതയത്തിലിന്റെ മൃതസംസ്‌കാര ശുശ്രൂഷകളിൽ മാർപാപ്പയുടെ പ്രതിനിധിയായി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പങ്കെടുത്തിരുന്നു.