കോലഞ്ചേരി: സെമിത്തേരി പ്രവേശനവുമായി ബന്ധപ്പെട്ട് പുത്തൻകുരിശ് പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം. ഞായറാഴ്ച രാവിലെയാണ് പള്ളിയിലെത്തിയ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. രാവിലെ യാക്കോബായ വിശ്വാസികൾ സെമിത്തേരിയിൽ പ്രാർത്ഥനയ്ക്ക് ചെന്നപ്പോൾ ഗേറ്റ് പൂട്ടിക്കിടന്നതായി ആരോപിച്ച് ബലം പ്രയോഗിച്ച് ഗേറ്റ് നീക്കം ചെയ്തതോടെയാണ് സംഘർഷം തുടങ്ങിയത്. സംഘർഷത്തെത്തുടർന്ന് ഓർത്തഡോക്സ് വിഭാഗത്തിലെ വി സി. വർഗീസ്, ജോൺസൻ മൊതാൽ എന്നിവർ വടവുകോട് ഗവ. ആശുപത്രിയിൽ ചികിത്സ തേടി.

കയ്യാങ്കളിക്കിടെ പള്ളിയിലേക്കെത്തിയ പുത്തൻകുരിശ് ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിലെത്തിയ പൊലീസ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടു. പ്രശ്‌നം ചർച്ച ചെയ്യാൻ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഇരുവിഭാഗത്തെയും ഡിവൈ.എസ്‌പി. വിളിച്ചിട്ടുണ്ട്. സംഘർഷത്തിനു ശേഷം ട്രസ്റ്റിമാരായ സാബു പട്ടശ്ശേരിൽ, ഡെയ്സൻ എം.ജെ. മാറോക്കിൽ, പള്ളി മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സെമിത്തേരിയിൽ കടന്ന് പ്രാർത്ഥന നടത്തി.

സെമിത്തേരിക്ക് ഗേറ്റ് ഉണ്ടായിരുന്നില്ലെന്നും സദാ ഗേറ്റ് പൂട്ടിക്കിടക്കുന്നതുകൊണ്ട് യാക്കോബായ വിശ്വാസികൾക്ക് സെമിത്തേരിയിൽ പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും യാക്കോബായ വിഭാഗം ആരോപിച്ചു. വിശ്വാസികളെ ഭീഷണിപ്പെടുത്തി തങ്ങൾക്കില്ലാത്ത അവകാശത്തെ സ്ഥാപിച്ചെടുക്കുക എന്ന രഹസ്യ അജൻഡയാണ് ഓർത്തഡോക്സ് വിഭാഗം നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും പുത്തൻകുരിശ് പള്ളിയിലും ആ രഹസ്യ അജൻഡ നടപ്പാക്കാൻ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായതെന്നും യാക്കോബായ വിഭാഗ വികാരി ഫാ. വർഗീസ് കളപ്പുരയ്ക്കൽ പറഞ്ഞു.

സെമിത്തേരിയിൽ കുഴി വെട്ടാൻ വരുന്നവരെയും വിശ്വാസികളെയും ഓർത്തഡോക്സ് വിഭാഗത്തിലെ ട്രസ്റ്റിമാർ ഭീഷണിപ്പെടുത്തുന്നതായും യാക്കോബായ വിഭാഗം ആരോപിച്ചു. അതേസമയം, പള്ളിയിൽ പ്രാർത്ഥിക്കാൻ എന്ന വ്യാജേന ആളുകൾ സംഘം ചേർന്ന് സെമിത്തേരിയിൽ കടക്കുകയും സെമിത്തേരിയുടെ ഗേറ്റ് പൊളിച്ചുനീക്കി സംഘർഷം സൃഷ്ടിച്ചതായും ഓർത്തഡോക്സ് വിഭാഗം പറഞ്ഞു. പുത്തൻകുരിശ് പള്ളിയിൽ സമാധാന അന്തരീക്ഷം തകർക്കാൻ അക്രമങ്ങൾ നടത്തുകയാണെന്നും ഇത് കേരള സർക്കാരിന്റെ സെമിത്തേരി ഓർഡിനൻസിനോടുള്ള അവഗണനയാണെന്നും ഇടവക വികാരി ഫാ. ജിത്തു മാത്യു ഐക്കരക്കുന്നത്ത് പറഞ്ഞു.