മലപ്പുറം: ഇസ്ലാമിക പ്രബോധനം വൈയക്തിക ബാധ്യതയാണെന്ന ആശയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയ്ക്കു കീഴിൽ ജില്ലകളിൽ നടത്തുന്ന പണ്ഡിതസമ്മേളനങ്ങൾക്ക് മലപ്പുറത്ത് തുടക്കമായി. മഅദിൻ കാമ്പസിൽ നടന്ന ജില്ലാ പണ്ഡിതസമ്മേളനം സമസ്തസെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽസെക്രട്ടറിയുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനംചെയ്തു.

ആശയവിനിമയരംഗം അതിവേഗം കൈവരിച്ച കാലത്ത് വാക്കും പ്രവൃത്തിയും അതിജാഗ്രതയോടെയാവണമെന്നും ഒരാളുടെയും മതത്തെയോ വിശ്വാസത്തെയോ വ്രണപ്പെടുത്തുന്ന ഒന്നും ആരിൽനിന്നുമുണ്ടാകരുതെന്നും ഖലീൽ ബുഖാരി ഓർമിപ്പിച്ചു. സൗഹാർദം കാത്തുസൂക്ഷിക്കാൻ പണ്ഡിതർ ബദ്ധശ്രദ്ധ പുലർത്തണം. അരുതായ്മകൾ കാണുമ്പോൾ അതു തിരുത്തിക്കൊടുക്കാനും നാട്ടിൽ സമാധാനം ഉണ്ടാക്കാനും രംഗത്തുണ്ടാവണം. വർഗീയതയും വിഭാഗീയതയും ചെറുത്തുതോൽപ്പിക്കാൻ പണ്ഡിതസമൂഹം നേതൃത്വംനൽകണമെന്നും അദ്ദേഹം പറഞ്ഞു.

സമസ്തകേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ അധ്യക്ഷനായി. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ അനുഗ്രഹപ്രഭാഷണം നടത്തി. സമസ്തസെക്രട്ടറി പേരോട് അബ്ദുറഹ്‌മാൻ സഖാഫി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർ, ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി, ഒളവട്ടൂർ അബ്ദുന്നാസിർ അഹ്സനി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി, ഇബ്റാഹിം ബാഖവി മേൽമുറി തുടങ്ങിയവർ പ്രസംഗിച്ചു.

നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ, കൊളത്തൂർ, മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി മേഖലകളിൽനിന്നുള്ള പണ്ഡിതരാണ് സമ്മേളനത്തിൽ സംബന്ധിച്ചത്. ഒതുക്കുങ്ങലിൽനടന്ന സമസ്ത വെസ്റ്റ് ജില്ലാ പണ്ഡിത സമ്മേളനത്തിൽ കോട്ടയ്ക്കൽ, തിരൂരങ്ങാടി, തിരൂർ, പൊന്നാനി, വളാഞ്ചേരി മേഖലയിൽനിന്നുള്ളവർ സംബന്ധിച്ചു. സമസ്തപ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനംചെയ്തു. പേരോട് അബ്ദുറഹ്‌മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി.