കൊച്ചി: 268 ദിവസമായി അടഞ്ഞുകിടക്കുന്ന എറണാകുളം അതിരൂപത ആസ്ഥാന ദേവാലയമായ സെയ്ന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക ഇന്ന് തുറന്നു. ബസിലിക്ക വികാരിയായി സ്ഥാനമേറ്റ ഫാ. ആന്റണി പൂതവേലിയുടെ കാർമികത്വത്തിൽ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന ഇന്ന് നടക്കും. സിനഡ് കുർബാന അംഗീകരിക്കില്ലെന്ന് വിശ്വാസികൾ അറിയിച്ചിട്ടുണ്ട്. കുർബാന തർക്കവും ഫാ. ആന്റണി പൂതവേലിയെ ബസിലിക്ക അഡ്‌മിനിസ്ട്രേറ്ററായി നിയമിക്കുകയും ചെയ്തതിനെത്തുടർന്നുണ്ടായ തർക്കങ്ങൾ സംഘർഷത്തിലേക്ക് നീങ്ങിയതോടെയാണ് ഡിസംബർ 25 മുതൽ ബസിലിക്ക അടച്ചിട്ടത്.

സിനഡ് കുർബാന അർപ്പിക്കാൻ ഫാ. ആന്റണി പൂതവേലി ശ്രമിക്കുകയും അതിനെതിരേ പ്രതിഷേധമുയരുകയും വിശ്വാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയുമായിരുന്നു. അതോടെ പൊലീസെത്തി ബസിലിക്ക പൂട്ടി. ബസിലിക്ക അഡ്‌മിനിസ്ട്രേറ്റർ കൂടിയായ ഫാ. ആന്റണി പൂതവേലിയെ ജൂലായ് നാലിനാണ് വികാരിയായി നിയമിച്ചത്. വിശ്വാസികൾ പള്ളിയിൽ ഉപരോധം തുടർന്നതിനാൽ ചുമതല ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. വൻ പൊലീസ് സന്നാഹത്തിൽ ശനിയാഴ്ച പുലർച്ചെ ആറരയോടെയാണ് ഫാ. പൂതവേലി പള്ളിയിലെത്തിയത്. തുടർന്ന് പള്ളി കൈക്കാരനിൽ നിന്ന് താക്കോൽ വാങ്ങി ഔദ്യോഗിക വസതിയിൽ പ്രവേശിച്ച് വികാരിയുടെ ചുമതല ഏറ്റെടുത്തു.

ഞായറാഴ്ച ബസിലിക്കയിൽ സിനഡ് നിർദേശിച്ച ഏകീകൃത കുർബാന അർപ്പിക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം പൂതവേലി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രക്ഷുബ്ധമായ സാഹചര്യത്തിലാണ് ഈ ചുമതല ഏറ്റെടുക്കുന്നത്. ഏകീകൃത കുർബാന മാത്രമേ പാടുള്ളൂ എന്ന് കർശന നിർദേശമുണ്ട് - പൂതവേലി പറഞ്ഞു. ഏകീകൃത കുർബാനയിൽ തടസ്സമുണ്ടായാൽ പിന്നീട് അവിടെ യാതൊരു തരത്തിലുമുള്ള കുർബാന ഉണ്ടാകില്ലെന്നും എന്നാൽ, പള്ളി തുറന്നിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.