ആലപ്പുഴ: ഏകീകൃത കുർബാനയർപ്പണ രീതിയിൽനിന്ന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഇളവു നൽകണമെന്നു രാജ്കോട്ട് ബിഷപ്പ് എമരിറ്റസ് (മുൻ ബിഷപ്പ്) ഗ്രിഗറി കരോട്ടെമ്പ്രൽ (സി.എം.ഐ.) സിറോ മലബാർ സിനഡിനോട് ആവശ്യപ്പെട്ടു. സിനഡ് മെത്രാന്മാർക്കയച്ച കത്തിലാണ് ബിഷപ്പ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

വേദനയോടെയാണ് ഇതെഴുതുന്നതെന്നു പറഞ്ഞാണു കത്ത് തുടങ്ങുന്നത്. ആളുകളുടെ വികാരം മനസ്സിലാക്കണമെന്നും ജനാഭിമുഖ കുർബാനയ്ക്ക് അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സഭയിൽ കുറച്ചുനാളായി നടക്കുന്ന കാര്യങ്ങൾ ഞെട്ടലോടെയാണു കാണുന്നത്. ആരാണിതിന് ഉത്തരവാദികളെന്നു നമ്മൾ സ്വയം പരിശോധിക്കണം. ഏകീകൃതരീതി കൊണ്ടുവരുന്നതുവരെ കുർബാനയർപ്പണം ഒരുപ്രശ്‌നവുമില്ലാതെ പോകുകയായിരുന്നെന്നും അദ്ദേഹം കത്തിൽ പറയുന്നു.

പുതുക്കിയ കുർബാന ടെക്സ്റ്റ് എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. കുർബാനവേളയിൽ എങ്ങോട്ടുതിരിഞ്ഞുനിൽക്കണമെന്ന കാര്യത്തിൽ മാത്രമേ തർക്കമുള്ളൂ. വിവിധ രൂപതകളിലെ ചെറിയ വ്യത്യാസങ്ങൾ മനസ്സിലാക്കാനും അംഗീകരിക്കാനുംമാത്രം വിദ്യാസമ്പന്നരാണു വിശ്വാസികൾ. ഓരോ പ്രദേശത്തും വ്യത്യസ്ത രീതികളും പാരമ്പര്യങ്ങളുമാണുള്ളത്. സഭയുടെ മനോഹാരിത അതിന്റെ വൈവിധ്യമാണ്. നാനാത്വത്തിൽ ഏകത്വമാണു നാം പ്രോത്സാഹിപ്പിക്കേണ്ടത്. സിനഡാത്മകതയും ദാസ്യമനോഭാവമുള്ള നേതൃത്വവുമാണ് ഫ്രാൻസിസ് മാർപ്പാപ്പ ഉദ്ഘോഷിക്കാറുള്ളത്.

വ്യത്യസ്ത വീക്ഷണമുള്ളവരെ കേൾക്കാനും മനസ്സിലാക്കാനും അവരെ ഉൾക്കൊള്ളാനും തയ്യാറാകണം. അടിച്ചമർത്തലിനും ഏറ്റുമുട്ടലിനും പകരം സംഭാഷണത്തിന്റെയും അനുരഞ്ജനത്തിന്റെയും ചൈതന്യമാണ് ഉയർത്തിപ്പിടിക്കേണ്ടത്. ദുരഭിമാനവും പ്രാദേശികവാദവും മാറ്റിവെച്ച് സമാധാനവും ഐക്യവും ഉറപ്പാക്കണം. ഐക്യമാണു പ്രധാനം, ഐകരൂപ്യമല്ല. പ്രശ്‌നം ഇത്രയും വഷളായതിനാൽ ഉടൻ തീരുമാനമെടുക്കണം. അല്ലെങ്കിൽ അതു സഭയ്ക്കു തിരുത്താനാകാത്തവിധം ഹാനിയുണ്ടാക്കും.

എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു കുർബാനയർപ്പണ രീതിയിൽ ഇളവു നൽകണമെന്നാണ് ഒരു സീനിയർ ബിഷപ്പെന്ന നിലയിൽ പറയാനുള്ളത്. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനങ്ങളുണ്ടാകണം- അദ്ദേഹം ആവശ്യപ്പെട്ടു.