- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർത്തോമാ സഭയ്ക്ക് മൂന്ന് പുതിയ എപ്പിസ്കോപ്പമാർ; സ്ഥാനാരോഹണം സംബന്ധിച്ച തീരുമാനം സെപ്റ്റംബർ നാലിന് ചേരുന്ന സഭാ സിനഡിൽ: മാർത്തോമാ സഭയിൽ എപ്പിസ്‌കോപ്പമാരെ തിരഞ്ഞെടുക്കുന്നത് 12 വർഷത്തിന് ശേഷം
തിരുവല്ല: മാർത്തോമാ സഭയ്ക്ക് മൂന്ന് പുതിയ എപ്പിസ്‌കോപ്പമാരെ തിരഞ്ഞെടുത്തു. റവ. സാജു സി.പാപ്പച്ചൻ (54), റവ. ഡോ. ജോസഫ് ഡാനിയേൽ (53), റവ. മാത്യു കെ.ചാണ്ടി (51) എന്നിവരെയാണ് സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന സഭാ പ്രതിനിധി മണ്ഡലം തിരഞ്ഞെടുത്തു. 12 വർഷത്തിന് ശേഷമാണ് മാർത്തോമ്മാ സഭയിൽ എപ്പിസ്‌കോപ്പമാരെ തിരഞ്ഞെടുക്കുന്നത്.
സെപ്റ്റംബർ നാലിന് ചേരുന്ന സഭാ സിനഡിൽ ഇവരുടെ സ്ഥാനാരോഹണം സംബന്ധിച്ച തീരുമാനമെടുക്കും. സഭാമണ്ഡലത്തിലെ വൈദികരുടെയും അൽമായക്കാരുടെയും 75 ശതമാനം വീതം വോട്ട് നേടുന്നവരാണ് എപ്പിസ്‌കോപ്പ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുക. സഭാ വാർഷിക മണ്ഡലത്തിന്റെ തുടർന്നുള്ള യോഗങ്ങൾ നാളെയും ശനിയാഴ്ചയും നടക്കും. നാളെ 7.30ന് കുർബാനയോടെ യോഗം ആരംഭിക്കുമെന്ന് സഭാ സെക്രട്ടറി റവ. സി.വി.സൈമൺ അറിയിച്ചു.
തൃശൂർ ആർത്താറ്റ്-കുന്നംകുളം മാർത്തോമ്മാ ഇടവകാംഗമായ റവ. സാജു സി.പാപ്പച്ചൻ ചെമ്മണ്ണൂർ സി.സി.പാപ്പച്ചന്റെയും സാറാമ്മയുടെയും മകനായി 1969 ഏപ്രിൽ 22നു ജനിച്ചു. 1997 ജൂൺ 20ന് ശെമ്മാശനും 1997 ജൂലൈ 15ന് വൈദികനുമായി. കൊട്ടാരക്കര മൈലം ഇടവക വികാരിയാണ്. എംഎ, ദൈവശാസ്ത്രത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നിവ നേടിയിട്ടുണ്ട്.
പത്തനംതിട്ട സീതത്തോട് കൊച്ചുകോയിക്കൽ ട്രിനിറ്റി മാർത്തോമ്മാ ഇടവകാംഗമായ റവ.ഡോ. ജോസഫ് ഡാനിയേൽ കാരംവേലിമണ്ണിൽ തോമസ് ഡാനിയേലിന്റെയും സാറാമ്മയുടെയും മകനായി 1970 ഓഗസ്റ്റ് 19ന് ജനിച്ചു.1998 ജൂൺ 19ന് ശെമ്മാശനും 1998 ജൂലൈ 16ന് വൈദികനുമായി. കോട്ടയം മാർത്തോമ്മാ തിയോളജിക്കൽ സെമിനാരി അദ്ധ്യാപകനാണ്. ചരിത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയിട്ടുണ്ട്.
മല്ലപ്പള്ളി മാർത്തോമ്മാ ഇടവകാംഗമായ റവ. മാത്യു കെ.ചാണ്ടി മല്ലപ്പള്ളി കിഴക്കേചെറുപാലത്തിൽ ബഹനാൻ ചാണ്ടിയുടെയും അന്നമ്മയുടെയും മകനായി 1972 മെയ് 1ന് ജനിച്ചു. 2003 ജൂൺ 19ന് ശെമ്മാശനും 2003 ജൂലൈ 31ന് വൈദികനുമായി. മധ്യപ്രദേശ് സിഹോറാ ക്രിസ്ത പന്ഥി ആശ്രമാംഗമാണ്. ആനപ്രാമ്പാൽ മാർത്തോമ്മാ ഇടവക സഹവികാരിയാണ്. എംഎ. ദൈവശാസ്ത്രത്തിൽ ബിരുദം, എൽഎൽബി എന്നിവ നേടിയിട്ടുണ്ട്.