ശബരിമല: കന്നിമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇ്‌നലെ വൈകിട്ട് തുറന്നു. ശരണം വിളികൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ജയരാമൻ നമ്പൂതിരി നട തുറന്നു ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ചു. പിന്നീടു ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന മാളികപ്പുറം ക്ഷേത്രത്തിന്റെ താക്കോൽ മേൽശാന്തി ഹരിഹരൻ നമ്പൂതിരിക്കു കൈമാറി. പതിനെട്ടാം പടിയിറങ്ങി ആഴി തെളിയിച്ചു. തന്ത്രി ഭക്തർക്കു വിഭൂതി പ്രസാദം നൽകി.

ഇന്നു മുതൽ 22 വരെ ഉദയാസ്തമനഃപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം, അഷ്ടാഭിഷേകം എന്നിവയുണ്ട്. പൂജകൾ പൂർത്തിയാക്കി 22നു രാത്രി 10നു നട അടയ്ക്കും. നട തുറക്കുന്നതു ശനിയാഴ്ചയാണെന്ന പ്രതീക്ഷയിൽ നേരത്തെ എത്തിയ ആയിരങ്ങൾ 2 ദിവസം പമ്പയിൽ തങ്ങിയ ശേഷമാണ് ഇന്നലെ ദർശനം നടത്തിയത്.

തീർത്ഥാടകരുടെ സൗകര്യാർഥം കെഎസ്ആർടിസി പമ്പ-നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസിനായി 25 ബസുകൾ എത്തിച്ചു. ട്രെയിൻ എത്തുമ്പോൾ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്നു കെഎസ്ആർടിസി പമ്പയ്ക്കു സ്‌പെഷൽ സർവീസ് നടത്തുന്നുണ്ട്. ഇതിനുപുറമെ തീർത്ഥാടകർ എത്തുന്നതനുസരിച്ചു പത്തനംതിട്ട ഡിപ്പോയിൽനിന്നു പമ്പയ്ക്കു സ്‌പെഷൽ സർവീസ് ഉണ്ട്.