കോട്ടയം: ഏഷ്യയിലെ ക്രൈസ്തവസഭകളുടെ പൊതുവേദിയായ ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയുടെ ജനറൽ അസംബ്ലി 28 മുതൽ ഒക്ടോബർ മൂന്നുവരെ കോട്ടയത്തു നടക്കും. 58 രാജ്യങ്ങളിൽനിന്ന് അഞ്ഞൂറിൽപ്പരം പ്രതിനിധികൾ പങ്കെടുക്കും. മാമ്മന്മാപ്പിള സ്മാരക നഗരസഭാ ഹാളിൽ 28-ന് മൂന്നുമണിക്ക് വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് ജനറൽസെക്രട്ടറി പ്രൊഫ.ഡോ. ജെറി പില്ലൈ (സൗത്ത് ആഫ്രിക്ക) ഉദ്ഘാടനം ചെയ്യും.

നഗരസഭ ഹാളിന് പുറമേ യൂഹാനോൻ മാർത്തോമ്മാ ഹാൾ, സി.എം.എസ്. കോളേജ്, ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരി, മാർത്തോമ്മാ സിറിയൻ തിയോളജിക്കൽ സെമിനാരി എന്നിവിടങ്ങളിലും സെഷനുകളുണ്ട്. ഡോ.ജൂഡി ബെർണായ്(മലേഷ്യ), ഡോ.ഫെർഡിനാൻഡ് അനോ (ഫിലിപ്പൈൻസ്), കെക്കിരിവ് തേരോ (ശ്രീലങ്ക), ഡോ. ഭട്ടാരക്ക ചാരു കീർത്തി (ഇന്തോനേഷ്യ), സ്വാമി നരസിംഹാനന്ദ (ഇന്ത്യ), റവ. പുൻ ചിങ് ഹാങ് (ഹോങ്കോങ്), റവ.ഡോ. രാജഭരത പട്ട(ഇംഗ്ലണ്ട് ), ഡോ.വിക്കി ബല ബാൻസ്‌കി (ഓസ്‌ട്രേലിയ), ഡോ.സിട്രാ അഗസ്റ്റീന (ഇന്തോനേഷ്യ,)എന്നിവർ അസംബ്ലി സെഷനുകൾക്ക് നേതൃത്വംനൽകും.

30-ന് വൈകീട്ട് മാമ്മന്മാപ്പിള നഗരസഭാ ഹാളിൽ ഏഷ്യൻ എക്യൂമെനിക്കൽ ഫെസ്റ്റിവെൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.

അസംബ്ലിക്ക് ആതിഥേയത്വം വഹിക്കുന്നത് കേരളത്തിൽ നിന്നുള്ള അംഗസഭകളായ ഓർത്തഡോക്‌സ്, യാക്കോബായ, മാർത്തോമ്മ, സിഎസ്‌ഐ., മലബാർ സ്വതന്ത്ര സുറിയാനി സഭകളും, നാഷണൽ കൗൺസിൽ ഓഫ് ചർച്ചസും ചേർന്നാണ്.