- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാന്തിഗിരിയിൽ സന്ന്യാസദീക്ഷാ വാർഷികം ചൊവ്വാഴ്ച; സന്ന്യാസ ജീവിതത്തിലേക്ക് ഇരുപത്തിരണ്ട് ബ്രഹ്മചാരിണികൾ; സ്ത്രീശാക്തീകരണത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
തിരുവനന്തപുരം: ശാന്തിഗിരി ആശ്രമത്തിൽ സന്ന്യാസദീക്ഷ വാർഷികം ചൊവ്വാഴ്ച. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നവജ്യോതിശ്രീ കരുണാകരഗുരു വിഭാവനം ചെയ്ത ആശയത്തിന്റെ പ്രതിഫലനമായി ശാന്തിഗിരി ആശ്രമത്തിൽ പുതുതായി ഇരുപത്തിരണ്ട് പെൺകുട്ടികൾ കൂടി സന്ന്യാസിമാരാകും. മുപ്പത്തിയൊൻപതാമത് സന്ന്യാസദീക്ഷാ വാർഷികദിനമായ ഒക്ടോബർ 24 ചൊവ്വാഴ്ച ഗുരുസ്ഥാനീയ ശിഷ്യപൂജിത സഹകരണമന്ദിരത്തിൽ വെച്ച് ഇരുപത്തിരണ്ട് പേർക്ക് ദീക്ഷ നൽകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനിച്ച് ജീവിതത്തിന്റെ വിവിധ മേഖലകളിലൂടെ കടന്ന് സന്ന്യാസത്തിന്റെ പടിവാതിലിൽ എത്തിനിൽക്കുന്നവരാണ് വിജയദശമി ദിനത്തിൽ ദീക്ഷ സ്വീകരിക്കാനൊരുങ്ങുന്നത്. ശാന്തിഗിരിയിലെ സന്ന്യാസദീക്ഷ വാർഷികത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.
സ്ത്രീശാക്തീകരണത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത ഉൾവഹിക്കുന്ന നവജ്യോതിശ്രീ കരുണാകഗുരുവിന്റെ ഉന്നതമായ ആദർശങ്ങളുടെ സാക്ഷ്യമാണ് ശാന്തിഗിരി ആശ്രമത്തിലെ സന്ന്യാസദീക്ഷയെന്നും ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിയെ ഗുരുസ്ഥാനീയനായി നിയമിച്ചത് ഈ ദിശയിലുള്ള മറ്റൊരു ചുവടുവയ്പ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിജയദശമിയുടെ ദിനത്തിൽ സന്യാസി ദീക്ഷയുടെ മുപ്പത്തിയൊൻപതാം വാർഷിക ചടങ്ങുകളുടെ ശുഭമുഹൂർത്തത്തിൽ ശാന്തിഗിരി ആശ്രമത്തിൽ ഇരുപത്തിരണ്ട് ബ്രഹ്മചാരിണികൾ സന്യാസത്തിന്റെ പവിത്രമായ പാതയിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച് അറിയുന്നത് സന്തോഷകരമാണ്. ആശ്രമവുമായി ബന്ധപ്പെട്ട എല്ലാവർക്കും ആശംസകളും ഹൃദയംഗമമായ അഭിനന്ദനങ്ങളും. ഈ ഇരുപത്തിരണ്ട് ബ്രഹ്മചാരിണികൾ വൈവിധ്യമാർന്ന ജീവിത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരും, പ്രദേശത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ വ്യത്യാസങ്ങൾക്ക് അതീതമാണെന്നതും ശ്രദ്ധേയമാണ്. ഇവരുടെ ആത്മീയ നേതൃത്വം സമൂഹത്തിന് ഒരു അനുഗ്രഹമായി വരുമെന്ന ശുഭചിന്ത തനിക്കുണ്ടെന്നും പ്രധാനമന്ത്രി ആശംസക്കുറിപ്പിൽ പറഞ്ഞു.
അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് നവജ്യോതി ശ്രീകരുണാകര ഗുരു സ്ഥാപിച്ച ശാന്തിഗിരി ആശ്രമം ഇന്ന് ആത്മീയവും സാമൂഹികവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രമാണ്. ആശ്രമം അനുയായികൾക്കിടയിൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും ബോധം വളർത്തുന്നു. മതപരമായ അതിരുകൾക്കപ്പുറം അനുകമ്പയുടെയും സാർവത്രിക സാഹോദര്യത്തിന്റെയും ആദർശങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
ആത്മീയ വളർച്ചയ്ക്ക് ഊന്നൽ നൽകി സമൂഹത്തെ സേവിക്കുന്നതിനുള്ള പ്രതിബദ്ധത പകരുന്നതിനൊപ്പം ശാന്തിഗിരി ആശ്രമം ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള അന്വേഷകർക്ക് ആശ്വാസത്തിന്റെയും ആത്മീയ പ്രബുദ്ധതയുടെയും ഇടമെന്ന നിലയിലും അതിന്റെ പ്രശസ്തി കെട്ടിപ്പടുത്തിട്ടുണ്ട്.
നമ്മുടെ സംസ്കാരത്തിന്റെ കാലാതീതമായ പാരമ്പര്യങ്ങൾ വൈവിധ്യമാർന്ന ആത്മീയതയെയും തത്വചിന്തകളെയും വിശ്വാസങ്ങളെയും ഉൾക്കൊള്ളുന്നു. ദൈവിക സ്ത്രീ ഊർജ്ജം ശക്തിയുടെ മൂർത്തീഭാവമായി ബഹുമാനിക്കപ്പെടുന്നു. പ്രകൃതിയിലെ അന്തർലീനമായ സന്തുലിതാവസ്ഥയെയും ഐക്യത്തെയും പ്രതീകപ്പെടുത്തുന്ന സനാതനധർമ്മത്തിൽ നാരിശക്തി ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ചൊവ്വാഴ്ച നടക്കുന്ന സന്ന്യാസ ദീക്ഷാ ചടങ്ങുകളുടെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് ശാന്തിഗിരിയിൽ നടന്നു വരുന്നത്. വിവിധ മതത്തിലെ പ്രധാനപ്പെട്ട വ്യക്തിത്വങ്ങളും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങുകളിൽ സംബന്ധിക്കും.
ചൊവ്വാഴ്ച രാവിലെ 6മണിയുടെ ആരാധനയോടെ ചടങ്ങുകൾ ആരംഭിക്കും. 7 ന് താമരപ്പർണ്ണശാലയിൽ സന്ന്യാസസംഘത്തിന്റെയും നിയുക്തരായവരുടേയും പ്രത്യേക പുഷ്പാജ്ഞലി നടക്കും. 12മണിയുടെ ആരാധനയ്ക്ക് ശേഷം ദീക്ഷാവാർഷികം ചടങ്ങുകളും സമ്മേളനവും നടക്കും. ആത്മീയ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങുകളിൽ സംബന്ധിക്കും. ഉച്ചയ്ക്ക് ഗുരുപൂജയും വിവിധ സമർപ്പണങ്ങളും നടക്കും. വൈകുന്നേരം 6ന് ആരാധനയ്ക്ക് ശേഷം പുഷ്പസമർപ്പണവും തുടർന്ന് ദീപപ്രദക്ഷിണവും ഉണ്ടാകും.
ഉച്ചക്ക് പന്ത്രണ്ട് മണിയുടെ ആരാധനയ്ക്ക് ശേഷമാണ് ദീക്ഷാവാർഷികം ചടങ്ങുകൾ നടക്കുക. ജീവിത വഴികൾ തിരഞ്ഞെടുത്തപ്പോൾ അവർ പലമേഖലകളിലായിരുന്നു. ബംഗ്ലാദേശിൽ നിന്ന് ബാംഗ്ലൂരിലേക്ക് പലായനം ചെയ്യപ്പെട്ട ഹിന്ദു കുടുംബത്തിലെ അംഗവും കർണ്ണാടക എസ്.ഡി.എം കോളേജിൽ പഞ്ചകർമ്മ വിഭാഗത്തിൽ പി.എച്ച്.ഡി ഗവേഷകയുമായ ഡോ. റോസി നന്ദി, ഡൽഹിയിലെ ജെ.എൻ.യു ജീവനക്കാരി ശാലിനി പ്രുതി, എക്സാ ഇന്ത്യ കമ്പനിയുടെ ഡെപ്യൂട്ടി മാനേജറും ചാർട്ടേർഡ് അക്കൗണ്ടന്റും നിലവിൽ ആശ്രമത്തിന്റെ ഫിനാൻസ് കൺട്രോളറുമായ ഗുരുചന്ദ്രിക.വി എന്നിവരാണ് ദീക്ഷ സ്വീകരിക്കുന്നവരിൽ കേരളത്തിനു പുറത്തു നിന്നുള്ളത്.
അമേരിക്കയിലെ സിക്സ് സിഗ്മ ഗ്രൂപ്പിന്റെ ഹോസ്പിറ്റൽ & ഹെൽത്ത്കെയർ വിഭാഗം മൊഡ്യൂൾ ഡയറക്ടർ വന്ദിത സിദ്ധാർത്ഥൻ, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയ ബി.എഡ് വിദ്യാർത്ഥിനി വന്ദിത ബാബു, സിദ്ധ മെഡിക്കൽ ഓഫീസർ ഡോ.നീതു.പി.സി, 28 വർഷത്തെ ബ്രഹ്മചര്യം പൂർത്തിയാക്കിയ വത്സല.കെ.വി, മൈക്രോബയോളജിസ്റ്റ് ജയപ്രിയ.പി.വി, ബികോം ബിരുദദാരിയും ആശ്രമം ഫിനാൻസ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരിയുമായ ലിംഷ.കെ, കേരള യൂണിവേഴ്സിറ്റിയിൽ ഗ്ലോബൽ ബിസിനസ്സ് ഓപ്പറേഷൻസിൽ ബിരുദാനന്തര ബിരുദപഠനം നടത്തുന്ന സുകൃത.എ, ശാന്തിഗിരി മുദ്രണാലയത്തിൽ സേവനം ചെയ്യുന്ന പ്രസന്ന. വി, ബിരുദാനന്തര ബിരുദവും നേടി സിവിൽ സർവീസിന് തയ്യാറെടുക്കുന്ന കൃഷ്ണപ്രിയ.എ.എസ്, ബി.എഡ് വിദ്യാർത്ഥിനി കരുണ.എസ്.എസ്, ഖാദിബോർഡിലെ ജോലി ഉപേക്ഷിച്ച് ആശ്രമം അന്തേവാസിയായ ആനന്ദവല്ലി.ബി.എം, ഇടുക്കി സ്വദേശിനി സ്വയം പ്രഭ. ബി.എസ്, സിദ്ധ മെഡിസിൻ രണ്ടാം വർഷ വിദ്യാർത്ഥിനി കരുണ.പി.കെ, ബ്രഹ്മചാരിണികളായ മംഗളവല്ലി.സി.ബി, പ്രിയംവദ. ആർ.എസ്, ഷൈബി.എ.എൻ, സജിത.പി.എസ്, അനിത.എസ്, രജനി. ആർ.എസ് എന്നിവരാണ് ഒക്ടോബർ 24 ന് ദീക്ഷ സ്വീകരിക്കുന്നത്. ഇതോടെ 104പേരടങ്ങുന്ന ആശ്രമത്തിന്റെ സന്ന്യാസ സംഘം 126 പേരാകും.
1984 ഒക്ടോബർ നാലിനാണ് ശാന്തിഗിരിയിൽ പ്രഥമസന്ന്യാസദീക്ഷാ കർമ്മം നടന്നത്. 31 പേർക്കാണ് ഗുരു അന്ന് ദീക്ഷ നൽകിയത്. 'ഗുരുധർമ്മപ്രകാശസഭ' എന്നാണ് ശാന്തിഗിരിയിലെ സന്ന്യാസ സംഘത്തിന് ഗുരു കല്പിച്ച പേര്. തുടർന്ന് എല്ലാവർഷവും വിജയദശമി ദിനത്തിൽ സന്ന്യാസദീക്ഷാ വാർഷികം സമുചിതമായി ആഘോഷിക്കുന്നു.ദീക്ഷയോടൊപ്പം വസ്ത്രവും പുതിയ നാമവും നൽകും. പേരിനൊപ്പം പുരുഷന്മാർക്ക് 'ജ്ഞാന തപസ്വി' എന്നും സ്ത്രീകൾക്ക് 'ജ്ഞാന തപസ്വിനി' എന്നുമാണ് നാമകരണം ചെയ്യപ്പെടുന്നത്. ഇക്കഴിഞ്ഞ 14ന് ആരംഭിച്ച പ്രാർത്ഥനാസങ്കൽപങ്ങൾക്കും സത്സംഗത്തിനും വാർഷിക ദിനത്തിൽ സമാപനമാകും.
മറുനാടന് മലയാളി ബ്യൂറോ