- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്രതവിശുദ്ധിയിൽ മാലയിട്ട് മല ചവിട്ടാൻ ഒരുങ്ങി അയ്യപ്പന്മാർ; മണ്ഡലകാല തീർത്ഥാടനത്തിനു നാളെ തുടക്കമാകും: കെഎസ്ആർടിസിയുടെ പമ്പ സ്പെഷൽ സർവീസുകൾ ഇന്ന് മുതൽ
ശബരിമല: ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് വ്രതവിശുദ്ധിയിൽ മണ്ഡലകാല തീർത്ഥാടനത്തിനു നാളെ തുടക്കമാകും. മല കയറി പമ്പയിൽ കുളിച്ച് അയ്യനെ തൊഴാനായി ഭക്തർ നാളെ മുതൽ മലകയറി തുടങ്ങും. നാളെ വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കുന്നതോടെ ഇക്കൊല്ലത്തെ മണ്ഡലകാല പൂജകൾക്ക് തുടക്കമാകും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയ്യപ്പ സ്വാമിയെ കണ്ട് കൈ വണങ്ങാൻ ഭക്തർ ശബരിമലയിലേക്ക് എത്തും. ഡിസംബർ 27 വരെ പൂജകൾ ഉണ്ടാകും. ഡിസംബർ 27നാണ് മണ്ഡല പൂജ. അന്നു രാത്രി 10ന് നട അടയ്ക്കും. പിന്നെ മകരവിളക്ക് തീർത്ഥാടനത്തിനായി ഡിസംബർ 30ന് വൈകിട്ട് 5ന് നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്. ഇതോടെ തീർത്ഥാടനകാലം അവസാനിക്കും. വീണ്ടും ഒരു വർഷം നീളുന്ന കാത്തിരിപ്പ്.
കെഎസ്ആർടിസിയുടെ പമ്പ സ്പെഷൽ സർവീസുകൾ ഇന്നു തുടങ്ങും. തിരുവനന്തപുരം സെൻട്രൽ, കോട്ടയം, പത്തനംതിട്ട, എറണാകുളം, കുമളി, എരുമേലി, ചെങ്ങന്നൂർ, കൊട്ടാരക്കര, പമ്പ, പുനലൂർ, അടൂർ, തൃശൂർ, ഗുരുവായൂർ, കായംകുളം ഡിപ്പോകളിൽ നിന്നാണ് പമ്പയ്ക്കു പ്രധാനമായും സ്പെഷൽ സർവീസ് നടത്തുക. പമ്പനിലയ്ക്കൽ ചെയിൻ സർവീസിന് 220 ബസുകൾ ഉണ്ടാകും. ഹൈക്കോടതിയുടെ നിർദേശപ്രകാരം പമ്പനിലയ്ക്കൽ ചെയിൻ സർവീസ് ബസുകളിൽ കണ്ടക്ടർമാർ ഉണ്ടാകും. കഴിഞ്ഞ വർഷം കണ്ടക്ടർ ഇല്ലാത്തതിനാൽ മുൻകൂട്ടി ടിക്കറ്റ് എടുത്താണ് അയ്യപ്പന്മാർ ബസിൽ കയറിയത്. ഇത്തവണ ബസിൽനിന്നു ടിക്കറ്റ് കിട്ടും.
അതേസമയം വെർച്വൽ ക്യു ബുക്ക് ചെയ്യുമ്പോൾത്തന്നെ പമ്പനിലയ്ക്കൽ ചെയിൻ സർവീസിന്റെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സംവിധാനം ഒരുക്കുമെന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രഖ്യാപനം നടപ്പായില്ല. ദേവസ്വം ബോർഡിന്റെ വെർച്വൽക്യു ആപ്ലിക്കേഷനിൽ ഇതിനുള്ള ക്രമീകരണം ഒരുക്കാത്തതാണു കാരണം.