ആലപ്പുഴ: സ്വയംവിരമിക്കൽ പ്രഖ്യാപിച്ച യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പൊലീത്ത 28-ന് ഔദ്യോഗികമായി സ്ഥാനമൊഴിയും. സഭയുടെ മെത്രാന്മാർക്കു വിരമിക്കലില്ലാതിരിക്കേയാണ് 58-ാം വയസ്സിൽ അദ്ദേഹം സ്വയം ചുമതലയൊഴിയുന്നത്. ഇന്ത്യയിലെ യാക്കോബായസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരാൾ സ്ഥാനം ഒഴിയുന്നത്.

ഇത് വ്യക്തിപരമായ തീരുമാനമാണ്. 17 വർഷമായി മെത്രാനായിട്ട്. അധികാരങ്ങളും പദവികളും ശാശ്വതമാകരുതെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സുറിയാനി ഓർത്തഡോക്‌സ് സഭയിൽ ഇന്ത്യക്കുപുറത്ത് മെത്രാന്മാർക്ക് വിരമിക്കൽ പ്രായമുണ്ട്. ഇവിടെയും അതുവേണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ഇടതു സഹയാത്രികനായി അറിയപ്പെടുന്നയാളാണ് മോർ കൂറിലോസ്. എന്നാൽ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയം ഏതെങ്കിലും ഇടതുപാർട്ടികളുമായി ബന്ധപ്പെട്ടതല്ല. പാവപ്പെട്ടവരുടെയൊപ്പം നിൽക്കുകയെന്നതാണ് പ്രധാനം.

പത്തനംതിട്ടയിൽ ഇടതുസ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന സാമൂഹികമാധ്യമങ്ങളിലെ പ്രചാരണവും അദ്ദേഹം തള്ളി. ''മെത്രാന്മാർക്ക് രാഷ്ട്രീയം പാടില്ല എന്ന നിലപാടില്ല. വിദേശങ്ങളിൽ മെത്രാന്മാർ മത്സരിച്ചു പ്രധാനമന്ത്രിവരെയായിട്ടുണ്ട്. എനിക്കു താത്പര്യമില്ലെന്നുമാത്രം. എനിക്കു ചേർന്നുപ്രവർത്തിക്കാൻ ഒരു പാർട്ടി ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു'' -മോർ കൂറിലോസ് വ്യക്തമാക്കി.

വി എസ്. അച്യുതാനന്ദന് നിയമസഭാസീറ്റ് നിഷേധിച്ചപ്പോൾ പ്രകാശ് കാരാട്ടിനെ വിളിച്ച് തീരുമാനം മാറ്റണമെന്ന് മോർ കൂറിലോസ് അഭ്യർത്ഥിച്ചിരുന്നു. മുമ്പ് ചങ്ങനാശ്ശേരിയിൽ ഇന്റർചർച്ച് കൗൺസിൽ ഫോർ എജ്യുക്കേഷൻ എന്ന സംഘടനയുടെ യോഗത്തിൽ യാക്കോബായസഭയെ പ്രതിനിധാനംചെയ്തു പങ്കെടുത്തപ്പോൾ വിവിധ സഭകളുടെ വിദ്യാഭ്യാസക്കച്ചവടത്തെയും രൂക്ഷമായി വിമർശിച്ചിരുന്നു. അതിനുശേഷം മറ്റൊരു സഭയുടെ മെത്രാൻ വ്യത്യസ്ത നിലപാടുകളുള്ളവരെ ഇത്തരം യോഗത്തിലേക്ക് അയക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

സാമൂഹിക-സാംസ്‌കാരിക രംഗത്തും എഴുത്തിലും കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മോർ കൂറിലോസ് പറഞ്ഞു. മല്ലപ്പള്ളി ആനിക്കാട്ട് ഭദ്രാസനം നിർമ്മിച്ചുനൽകിയ വീട്ടിലാകും താമസം. ഭരണച്ചുമതലയൊഴിഞ്ഞാലും മെത്രാൻപദവിയുണ്ടാകും. ഭദ്രാസനത്തിന്റെ പെൻഷൻ ലഭിക്കും. കോട്ടയം വാകത്താനം സ്വദേശിയാണ്.