ആലുവ: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീ പാർവതീദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് ചൊവ്വാഴ്ച തുടക്കം. ധനു മാസത്തിലെ തിരുവാതിരനാൾ മുതൽ പന്ത്രണ്ട് ദിവസമാണ് നടതുറപ്പ് മഹോത്സവം. നടതുറപ്പുത്സവത്തിന് പ്രാരംഭം കുറിച്ചുള്ള തിരുവാഭരണ ഘോഷയാത്ര ചൊവ്വാഴ്ച വൈകിട്ട് 4.30ന് ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ട അകവൂർ മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും.

ശ്രീമഹാദേവനും ശ്രീപാർവതി ദേവിക്കും ചാർത്താനുള്ള തിരുവാഭരണങ്ങളും കെടാവിളക്കിൽ നിന്ന് പകർത്തിയ ദീപവും പ്രത്യേകം അലങ്കരിച്ച രഥത്തിൽ താലം, പൂക്കാവടി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും. രാത്രി 8 ന് ഘോഷയാത്ര ക്ഷേത്രത്തിലെത്തുന്നതോടെ തിരുവാഭരണങ്ങൾ വിഗ്രഹങ്ങളിൽ ചാർത്തിയശേഷം ആചാരപൂർവ്വം ശ്രീപാർവതി ദേവിയുടെ നടതുറക്കും.

ക്ഷേത്ര ഊരാൺമക്കാരായ അകവൂർ, വെടിയൂർ, വെൺമണി മനകളിലെ പ്രതിനിധികളും സമുദായ തിരുമേനിയും ദേവിയുടെ തോഴീ സങ്കല്പമായ പുഷ്പിണിയും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ചടങ്ങിന് സാക്ഷിയാകും. തുടർന്നുള്ള ദിവസങ്ങളിൽ പുലർച്ചെ 4 മുതൽ ഉച്ചക്ക് 1.30 വരെയും, ഉച്ചക്ക് 2 മുതൽ രാത്രി 9 വരെയും ദർശനം നടത്താം. ജനുവരി 6 ന് രാത്രി 8ന് സമാപിക്കും.