കൊച്ചി: സർക്കാർ നിലപാടിൽ ലത്തീൻ സഭയ്ക്ക് അമർഷം ഉണ്ടെന്ന് കെ.ആർ.എൽ.സി.സി. പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. സംസ്ഥാന സർക്കാർ എല്ലാവരുടേയുമാണെന്ന് തോന്നുന്നില്ലെന്നും ലത്തീൻ സമുദായം ഉന്നയിക്കുന്ന പ്രശ്നങ്ങളോട് നിഷേധാത്മക സമീപനം പുലർത്തുന്ന സർക്കാർ നിലപാടിൽ സഭയ്ക്ക് അമർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലത്തീൻ കത്തോലിക്ക സമിതിയുടെ നയരൂപവത്കരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ ജനറൽ അസംബ്ലി സമാപനത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ബിഷപ്പ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

സർക്കാരിന്റെ ദയാരഹിതവും ശത്രുതാ മനോഭാവത്തോടെയുള്ള സമീപനവും ഗൗരവത്തോടെയാണ് ലത്തീൻ കത്തോലിക്കർ നോക്കിക്കാണുന്നത്. പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠിത, സമദൂര രാഷ്ട്രീയ നിലപാടിൽ സഭ ഉറച്ചുനിൽക്കും. അത് നിലപാടാണ്. മാറ്റാൻ തങ്ങൾക്ക് പറ്റും. സർക്കാരിന്റെ പരിഗണനയ്ക്ക് ഉന്നയിച്ചിട്ടുള്ള വിഷയങ്ങളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും രാഷ്ട്രീയ മുന്നണികളുടെയും സമീപനങ്ങളുടെ അടിസ്ഥാനത്തിലാകും രാഷ്ട്രീയസമീപനവും നിലപാടും അടുത്ത തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കുക- ബിഷപ്പ് പറഞ്ഞു.

അധികാരഘടനയിലും ജനാധിപത്യസംവിധാനത്തിലും പ്രാതിനിധ്യം നിഷേധിക്കപ്പെട്ടിരിക്കുന്ന ഒരു ജനസമൂഹമാണ്. നിജസ്ഥിതി വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിനുള്ള അടിസ്ഥാനരേഖയായി ജാതിസർവേ പരിഗണിക്കണം. എല്ലാ ജനവിഭാഗങ്ങളുടെയും ആനുപാതിക പ്രാതിനിധ്യത്തിന് വേണ്ടിയുള്ള സംവിധാനമാണ് സാമുദായിക സംവരണം. ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ലഭിക്കുന്നതുവരെ അത് തുടരണം.

ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചത് പ്രസിദ്ധീകരിക്കാനോ ശുപാർശകളുടെ മേൽ നടപടിയെടുക്കാനോ സർക്കാരിന് കഴിഞ്ഞിട്ടില്ല. മത്സ്യബന്ധന നയങ്ങൾ, മത്സ്യബന്ധന മേഖലയിൽ സ്വീകരിച്ചിട്ടുള്ള നിയന്ത്രണങ്ങൾ, കേന്ദ്ര സർക്കാരിന്റെ നീല സമ്പദ് വ്യവസ്ഥാനയവുമായി ബന്ധപ്പെട്ട നടപടികൾ, തീരത്തും തീരക്കടലിലെയും ദൃഢഘടനകളുടെ നിർമ്മാണം, ധാതു മൂലകങ്ങളുടെ ഖനനം, സാഗർമാല പദ്ധതിയുടെ ഭാഗമായുള്ള തീരദേശഹൈവേ ഉൾപ്പടെയുള്ള പദ്ധതികൾ എന്നിവയെല്ലാം തീരത്തെ ജനങ്ങളുടെ ജീവിതത്തെ ദുസ്സഹമാക്കുന്നു. ചെല്ലാനത്ത് സർക്കാർ നടപ്പിലാക്കിയ തീരസംരക്ഷണ പദ്ധതി ചെല്ലാനം മുതൽ ഫോർട്ട്‌കൊച്ചി വരെ വ്യാപിപ്പിക്കണമെന്നും കെ.ആർ.എൽ.സി.സി. അവശ്യപ്പെട്ടു.

വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, അസോസിയേറ്റ് ജനറൽ സെക്രട്ടറി ഡോ. ജിജു അറക്കത്തറ, കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, സെക്രട്ടറിമാരായ പാട്രിക് മൈക്കിൾ, മെറ്റിൽഡ മൈക്കിൾ, പ്രഭലദാസ്, ട്രഷറർ ബിജു ജോസി, സി.എസ്.എസ്. വൈസ് ചെയർമാൻ ബെന്നി പാപ്പച്ചൻ, കെ.എൽ.സി.ഡബ്ല്യു.എ. പ്രസിഡന്റ് ഷേർളി സ്റ്റാൻലി, കെ.സി.വൈ.എം. ലാറ്റിൻ പ്രസിഡന്റ് കാസി പൂപ്പന, ജെക്കോബി തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.