കൊൽക്കത്ത: രാമജന്മഭൂമിയിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നതിനോട് അനുബന്ധമായി കൊൽക്കത്തയിലെ രാംമന്ദിറിൽ ആരതി അർപ്പിച്ചും പ്രഥമ രാമായണ യാത്രയ്ക്ക് രാമരഥം ഫ്ളാഗ് ഓഫ് ചെയ്തും ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം രാമായണ യാത്രയ്ക്ക് തുടക്കമിട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി യജമാനനായി അയോധ്യയിൽ പ്രതിഷ്ഠാ ചടങ്ങുകൾ നടത്തിയ അതേ സമയത്താണ് കൊൽക്കത്തയിലെ രാംമന്ദിറിൽ ആരതി അർപ്പിച്ച് രാമായണ യാത്രയ്ക്ക് തുടക്കമിട്ടത്. ബംഗാളിലെ രാമനുമായി ബന്ധപ്പെട്ട 14 പുണ്യസ്ഥലങ്ങളെ ബന്ധിപ്പിച്ച് സംസ്ഥാനത്തിലുടനീളം സഞ്ചരിച്ച് രാമരഥം അയോധ്യയിലെത്തും. അവിടെനിന്ന് കേരളത്തിലേക്കു പുറപ്പെടുന്ന യാത്ര ചടയമംഗലത്തുള്ള ജടായുപാറ രാമക്ഷേത്രത്തിൽ സമാപിക്കും.

കൊൽക്കത്ത സെൻട്രൽ അവന്യുവിലെ പ്രസിദ്ധമായ രാമക്ഷേത്രത്തിൽ ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് എത്തിയ ഗവർണർ എല്ലാ വിധ ആചാരോപചാരങ്ങളോടും കൂടിയാണ് ചടങ്ങുകളിൽ പങ്കെടുത്തത്.

കൊൽക്കത്ത സെൻട്രൽ അവന്യുവിലെ രാമക്ഷേത്രത്തിലെത്തിയ ഗവർണറെ ക്ഷേത്ര ട്രസ്റ്റികൾ പരമ്പരാഗതമായ കവണിയും അയോധ്യ രാമക്ഷേത്രത്തിന്റെ സുവർണ്ണമാതൃകയും നൽകി ആദരിച്ചു. തുടർന്ന് വെള്ളി പാദുകങ്ങൾ ഗവർണർ ക്ഷേത്രത്തിൽ സമർപ്പിച്ചു.

സംസ്‌കൃതത്തിലും ഹിന്ദിയിലുമുള്ള ശ്ലോകങ്ങളും മന്ത്രങ്ങളും പൂജാരിമാർക്കൊപ്പം ആനന്ദ ബോസും ഉരുവിട്ടു. കൊൽക്കത്തയിലെ രാമ ക്ഷേത്രത്തിൽ ഇതാദ്യമായി അദ്ദേഹം ആദ്ധ്യാത്മ രാമായണ പാരായണവും നടത്തി. ഗ്രന്ഥത്തിന്റ സഹായമില്ലാതെ ഓർമ്മയിൽ നിന്ന് രാമായണത്തിലെ പ്രസക്ത ഭാഗങ്ങൾ അദ്ദേഹം ചൊല്ലിയത് പരികർമികളെപ്പോലും അത്ഭുതപ്പെടുത്തി.

സമൂഹത്തിൽ സമാധാനമുണ്ടാക്കാനായി ചെയ്യുന്നതെന്തും രാമന്റെ ആദർശങ്ങൾക്കനുസൃതമാണെന്നും സാമൂഹിക നന്മയ്ക്കു അതു വഴിതെളിക്കുമെന്നും മുഖ്യമന്ത്രി മമതാ ബാനർജി നടത്തുന്ന സദ്ഭാവനാ യാത്രയെക്കുറിച്ച് ആനന്ദബോസ് പറഞ്ഞു.

രാമൻ എല്ലാവരുടെയും ഹൃദയത്തിൽ അനുഭവപ്പെടുന്ന ഒരു വികാരമാണ്. മധുരവും വെളിച്ചവും പകർന്നുകൊണ്ട് സമൂഹത്തിൽ അത് സമാധാനവും സൗഹാർദവും ഊട്ടിയുറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗാളിലെ ഗവേഷണകേന്ദ്രമായ മൗലാന അബുൽ കലാം ആസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യൻ സ്റ്റഡീസിൽ രാമായണഗവേഷണ പദ്ധതിക്ക് രൂപം നൽകിയതായി ആനന്ദബോസ് പറഞ്ഞു.

രാമനുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും സന്ദർശിക്കുന്നതിനും രാമായണഇതിവൃത്തത്തിലെ വിദഗ്ധരുമായി വിവിധ രാജ്യങ്ങളിൽ കോൺക്ലേവുകൾ നടത്തുന്നതിനുമായി വിദഗ്ധരുടെ ഒരു ഗവേഷണ സംഘം ഇതിനായി രൂപീകരിച്ചിട്ടുണ്ട്. രാമായണത്തിന് സ്വന്തം വ്യാഖ്യാനം എഴുതുന്നതിന്റെ പണിപ്പുരയിലാണ് ഡോ ആനന്ദബോസ്.