അയിരൂർ: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് ഇന്ന് തിരിതെളിയും ഞായറാഴ്ച പമ്പാ മണൽപ്പുറത്ത് ശ്രീവിദ്യാധിരാജ നഗറിലാണ് തുടക്കമാകുക. ഹിന്ദുമത മഹാ മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 112-ാമത് പരിഷത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. 11ന് സമാപിക്കും. വിദ്യാധിരാജ ചട്ടമ്പിസ്വാമി സമാധി ശതാബ്ദിസ്മാരക പരിഷത്താണ് ഈ വർഷം പരിഷത്ത് നടത്തുന്നത്.

വെള്ളിയാഴ്ച രാവിലെ ചട്ടമ്പിസ്വാമിയുടെ സമാധിസ്ഥലമായ പന്മന ആശ്രമത്തിൽ നിന്ന് ആരംഭിച്ച ജ്യോതിപ്രയാണ ഘോഷയാത്രയും ശനിയാഴ്ച രാവിലെ എട്ടിന് എഴുമറ്റൂർ പരമഭട്ടാരകാശ്രമത്തിൽനിന്ന് പുറപ്പെട്ട ഛായാചിത്ര ഘോഷയാത്രയും ഞായറാഴ്ച രാവിലെ എട്ടിന് അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽനിന്ന് പുറപ്പെടുന്ന പതാക ഘോഷയാത്രയും ചെറുകോൽപ്പുഴ ജങ്ഷനിൽ 11-ന് സംഗമിക്കും. ഘോഷയാത്രകളെ പരിഷത്ത് ഭാരവാഹികൾ ആചാരപൂർവം സ്വീകരിച്ച് പരിഷത്ത് നഗറിലേക്ക് ആനയിക്കും. 11.20-ന് ഭദ്രദീപം തെളിച്ച് ഛായചിത്ര പ്രതിഷ്ഠ നടത്തിയ ശേഷം ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ പതാക ഉയർത്തുന്നതോടെ ഒൻപത് ദിവസത്തെ ആധ്യാത്മിക സംഗമത്തിന് തിരശീല ഉയരും.

നാലിന് ചിന്മയമിഷൻ ആഗോളമേധാവി സ്വാമി എച്ച്.എച്ച്. സ്വരൂപാനന്ദജി മഹാരാജ് പരിഷത്ത് ഉദ്ഘാടനംചെയ്യും. പി.എസ്. നായർ അധ്യക്ഷതവഹിക്കും. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ, ചിന്മയ മിഷൻ കേരള അധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതി എന്നിവർ അനുഗ്രഹ പ്രഭാഷണവും, മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണവും നടത്തും. സംസ്ഥാന ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയാകും. രാത്രി 7.30 മുതൽ 9.30 വരെ സമൃദ്ധഭാരതവും അമൃതകുടുംബ സങ്കൽപ്പവും എന്ന വിഷയത്തിൽ കന്യാകുമാരി വിവേകാനന്ദ ദക്ഷിണപ്രാന്ത സംഘാടക ബി.രാധാദേവി പ്രഭാഷണം നടത്തും. എല്ലാ ദിവസവും 10.30-നും നാലിനും രാത്രി 7.30-നും ആധ്യാത്മിക പ്രഭാഷണം നടക്കും. ആറിന് വൈകീട്ട് നാലിന് സാംസ്‌കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, 10-ന് വൈകീട്ട് വനിതാ സമ്മേളനം ത്ധാർഖണ്ഡ് ഗവർണർ സി.പി.രാധാകൃഷ്ണൻ, സമാപന സഭ 11-ന് 3.45-ന് പശ്ചിമബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് എന്നിവർ ഉദ്ഘാടനം ചെയ്യും.