- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുർബാന ക്രമതർക്കം; എട്ട് ഡീക്കന്മാരുടെ വൈദികപട്ടം വൈകുന്നു
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ എട്ട് ഡീക്കന്മാരുടെ വൈദികപട്ടം വൈകുന്നു. കുർബാന ക്രമതർക്കം രൂക്ഷമായതോടെയാണ് വൈദികപഠനം പൂർത്തിയാക്കിയ എട്ട് ഡീക്കന്മാരുടെ വൈദിക പട്ടം അനിശ്ചിതത്വത്തിലായത്. സഭയുടെ ചരിത്രത്തിൽ അപൂർവമായ സംഭവമാണിത്. കേരളത്തിലും പുറത്തും 10മുതൽ 11വർഷംവരെ വൈദികപരിശീലനം ലഭിച്ചവരാണ് കഴിഞ്ഞ നവംബറോടെ വൈദികരാകേണ്ട എട്ട് ഡീക്കന്മാരും. മറ്റുരൂപതകളിലെല്ലാം ഈസമയത്ത് ഡീക്കന്മാർ വൈദികരായി. എന്നാൽ, എറണാകുളം അതിരൂപതയിൽമാത്രം തർക്കങ്ങളെ തുടർന്ന് നടപടികൾ വൈകി.
കൂദാശ നടത്തണമെങ്കിൽ സഭ അംഗീകരിച്ച സിനഡ് കുർബാന അർപ്പിക്കാമെന്ന് എഴുതിനൽകണമെന്നാണ് അതിരൂപതയുടെ മുൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഡീക്കന്മാരോട് നിർദേശിച്ചത്. എന്നാൽ ഇവർ ഇതിനു തയ്യാറാകാത്തതോടെയാണ് കൂദാശ വൈകുന്നത്. പഠനം പൂർത്തിയാക്കിയവ എട്ടുപേരും അതിരൂപതകളിലെ പള്ളികളിൽ വികാരിമാർക്ക് സഹായികളായി നിൽക്കുകയാണിപ്പോൾ. പ്രശ്നപരിഹാരത്തിനായി നേരത്തേ ഡീക്കന്മാരെയും കുടുംബാംഗങ്ങളെയും വിളിച്ച് മുൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ചർച്ചനടത്തിയിരുന്നു. എന്നാൽ, സമവായമുണ്ടായില്ല.
അതിനിടെ തർക്കത്തെത്തുടർന്ന് അതിരൂപതയിൽ കുർബാന മുടങ്ങിയ പള്ളികളുടെ എണ്ണം നാലായി. ആസ്ഥാനദേവാലയമായ സെയ്ന്റ് മേരീസ് ബസലിക്ക പൂട്ടിക്കിടന്നിട്ട് ഒന്നരവർഷത്തോടടുക്കുന്നു. കാക്കനാട് പള്ളിയിൽ സിനഡ് കുർബാന ചൊല്ലിയതിനെത്തുടർന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അവിടെയും കുർബാനയില്ല. ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്ന അതിരൂപതപക്ഷമായിരുന്നു ഇതുവരെ സഭാതീരുമാനങ്ങൾക്കുനേരേ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നതെങ്കിൽ ഇപ്പോൾ സിനഡ് കുർബാനയെ അംഗീകരിക്കുന്നവർ പ്രതിഷേധസ്വരം കടുപ്പിക്കുകയും നിയമമാർഗം തേടുകയുംചെയ്തു.
സഭ അംഗീകരിക്കുന്ന സിനഡ് കുർബാന വിശ്വാസികളുടെ അവകാശമാണെന്നും അത് ലഭിക്കണമെന്നുമാവശ്യപ്പെട്ട് പാലാരിവട്ടം സെയ്ന്റ് മാർട്ടിൻ പള്ളി, കടവന്ത്ര മാതാനഗർ പള്ളി എന്നിവിടങ്ങളിൽ വിശ്വാസികളിൽ ഒരുവിഭാഗം മുൻസിഫ് കോടതിയെ സമീപിച്ച് ജനാഭിമുഖ കുർബാനയ്ക്കെതിരേ ഇൻജക്ഷൻ ഉത്തരവും സമ്പാദിച്ചു. ഇതോടെ ഇവിടങ്ങളിലും കുർബാന മുടങ്ങി.