കൊച്ചി: എറണാകുളം അതിരൂപതയിലെ വൈദികരുടെ സ്ഥലംമാറ്റ പട്ടിക പുറത്തുവന്നു. സേവനത്തിലുള്ള 400-ഓളം വൈദികരിൽ 142 പേർക്ക് സ്ഥലംമാറ്റമുണ്ട്. കുർബാന തർക്കത്തെത്തുടർന്ന് അടഞ്ഞുകിടക്കുന്ന എറണാകുളം സെയ്ന്റ് മേരീസ് ബസിലിക്ക അഡ്‌മിനിസ്‌ട്രേറ്ററായി മലയാറ്റൂർ റെക്ടറായിരുന്ന ഫാ. വർഗീസ് മണവാളനെ നിയമിച്ചു. ബസിലിക്ക അഡ്‌മിനിസ്‌ട്രേറ്ററായിരുന്ന ഫാ. ആന്റണി പൂതവേലി അവധിയിൽ പ്രവേശിച്ചു. അതിരൂപതയിലെ വൈദികരിൽ പ്രമുഖനും വക്താവുമായിരുന്ന ഫാ. പോൾ തേലക്കാട്ട് വിരമിച്ചു. തേലക്കാട്ടിനൊപ്പം രണ്ട് വൈദികർ കൂടി വിരമിച്ചിട്ടുണ്ട്.

അടഞ്ഞുകിടന്നിരുന്ന ആലുവ മൈനർ സെമിനാരിയുടെ റെക്ടറായി അങ്കമാലി ഫൊറോന റെക്ടർ ഫാ. ജിമ്മി പൂച്ചക്കാട്ടിനെ നിയമിച്ചു. അങ്കമാലി ബസിലിക്കയിൽ ഫാ. ലൂക്കോസ് കുന്നത്തൂർ റെക്ടർ ആയി. ഫരീദാബാദ് രൂപത വികാരി ജനറൽ ആയിരുന്ന ഫാ. ജോസ് ഒഴലക്കാട്ട് മലയാറ്റൂർ റെക്ടറായി നിയമിതനായി.

പള്ളിപ്പുറം ഫൊറോന വികാരിയായിരുന്ന ഫാ. തോമസ് വൈക്കത്തുപറമ്പിൽ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രി ഡയറക്ടർ ആയി നിയമിതനായി. ഇദ്ദേഹം ലിസി ആശുപത്രി മുൻ ഡയറക്ടർ കൂടിയാണ്. സത്യദീപം മാനേജിങ് ഡയറക്ടറും, ചീഫ് എഡിറ്ററുമായി ഫാ. മാർട്ടിൻ എടയന്ത്രത്തിനെ നിയമിച്ചു. നിലവിലെ ചീഫ് എഡിറ്റർ ഫാ. മാത്യു കിലുക്കൻ കാലടി പള്ളി വികാരിയായി. കാറ്റിക്കിസം ഡയറക്ടർ ഫാ. പീറ്റർ കണ്ണമ്പുഴ പള്ളിപ്പുറം ഫൊറോന വികാരിയായപ്പോൾ ഫാ. പോൾ മൊറേലി പുതിയ ഡയറക്ടറായി.

എറണാകുളം അതിരൂപത വൈദികരുടെ സ്ഥലമാറ്റവും പുതിയ നിയമനങ്ങളും സ്വാഗതം ചെയ്യുന്നുവെന്ന് അൽമായ മുന്നേറ്റം അതിരൂപതാ സമിതി അറിയിച്ചു. എറണാകുളം കത്തീഡ്രൽ ബസിലിക്കയുടെ അൾത്താരയിൽ അക്രമത്തിന് നേതൃത്വം നൽകിയ ഫാ. ആന്റണി പൂതവേലിയെ സ്ഥലംമാറ്റിയത് ഉചിതമായെന്ന് അൽമായ മുന്നേറ്റം കൺവീനർ ജെമി അഗസ്റ്റിനും, വക്താവ് റിജു കാഞ്ഞൂക്കാരനും വ്യക്തമാക്കി.