ആലുവ: ഇന്ന് മഹാശിവരാത്രി. ഭഗവാന്റെ അനുഗ്രഹം തേടി വ്രതം അനുഷ്ഠിച്ച് അനേകം ഭക്തർ ശിവക്ഷേത്രങ്ങളിൽ എത്തി. ആലുവാ മണപ്പുറം ശിവരാത്രി ആഘോഷങ്ങൾക്കായി ഒരുങ്ങി. ആലുവാപ്പുഴയുടെ തീരത്തെ വിശാലമായ മണപ്പുറത്തു പിതൃമോക്ഷകർമങ്ങൾക്കായി ഇന്നു വൻ ജനാവലി എത്തും. മഹാദേവ ക്ഷേത്രത്തിൽ രാവിലെ ലക്ഷാർച്ചനയോടെ ചടങ്ങുകൾ ആരംഭിക്കും. അർധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണു ബലിതർപ്പണം ഔപചാരികമായി തുടങ്ങുക. തിരുവിതാംകൂർ ദേവസ്വം ബോർഡ് 116 ബലിത്തറകൾ സജ്ജീകരിച്ചിട്ടുണ്ട്. കുംഭത്തിലെ അമാവാസിയായ ഞായറാഴ്ച വരെ തിരക്കു പ്രതീക്ഷിക്കുന്നു.

ശനിയാഴ്ച രാത്രിയാണ് ഔദ്യോഗികമായി ചടങ്ങുകൾ ആരംഭിക്കുക. ഞായറാഴ്ചവരെ നീളും. ശിവരാത്രി നാളിൽ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ രാത്രി 12ന് ക്ഷേത്രത്തിൽ ശിവരാത്രി വിളക്ക് ആരംഭിക്കും. തുടർന്നായിരിക്കും ബലിതർപ്പണം. ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് ഒരു മാസം വ്യാപാരമേള നടക്കും. വിവിധ ഭാഗങ്ങളിൽനിന്ന് ആലുവ മണപ്പുറത്തേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസുമുണ്ട്.