തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ അവസാന അത്താഴത്തിന്റെ ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. കേരളത്തിലെ പള്ളികളിലും പ്രത്യേക പ്രാർത്ഥനയും കാൽകഴുകൽ ശുശ്രൂഷകളും നടക്കും. യേശുക്രിസ്തു തന്റെ ശിഷ്യന്മാരുമൊത്ത് നടത്തിയ അന്ത്യ അത്താഴത്തിന്റെ ഓർമക്കായി ആണ് പെസഹ ആചരിക്കുന്നത്.

യേശുദേവന്റെ കുരിശുമരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്കൊപ്പം നടത്തിയ അവസാന അത്താഴത്തിന്റെ സ്മരണയായാണ് പെസഹവ്യാഴം ആചരിക്കുന്നത്. ഓരോ ഇടവകയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരുടെ കാൽ കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനം. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ഓർമ്മയ്ക്കാണ് കാൽ കഴുകൽ ശുശ്രൂഷ. തുടർന്ന് അപ്പം മുറിക്കൽ ചടങ്ങും നടക്കും. കുരിശു മരണത്തിന്റെ സ്മരണയിൽ നാളെ ദുഃഖവെള്ളി ആചരിക്കും. ഞായറാഴ്ച ഉയർത്തെഴുന്നേൽപ്പിന്റെ ഈസ്റ്ററും.

സിറോ മലബാർ സഭാ തലവനും മേജർ ആർച്ചു ബിഷപ്പുമായ റാഫേൽ തട്ടിൽ ഇരിങ്ങാലക്കുട താഴേക്കാട് സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ പള്ളിയിൽ രാവിലെ 6.30ന് കാൽകഴുകൽ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ലത്തീൻ സഭാ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ വൈകിട്ട് 5 മണിക്ക് എറണാകുളം സെന്റ് ഫ്രാൻസീസ് അസീസി കത്തീഡ്രലിൽ കാൽ കഴുകൽ ചടങ്ങ് നടത്തും.

ഓർത്തഡോക്‌സ്-യാക്കോബായ പള്ളികളിൽ ഉച്ചയ്ക്ക് ശേഷമാണ് പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ. തിരുവനന്തപുരം സെന്റ് മേരീസ് കത്തീഡ്രലിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നേതൃത്വം നൽകും. പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ആർച്ച് ബിഷപ് തോമസ് ജെ.നെറ്റൊ മുഖ്യ കർമികത്വം വഹിക്കും.

(ദുഃഖവെള്ളി പ്രമാണിച്ച് നാളെ(29-03-2024) പൊതു അവധി ആയതിനാൽ മറുനാടൻ മലയാളി പ്രവർത്തിക്കുന്നതല്ല... അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)