വത്തിക്കാൻ സിറ്റി: ലിംഗമാറ്റ ശസ്ത്രക്രിയയെയും വാടക ഗർഭധാരണത്തേയും നിശിതമായി വിമർശിച്ച് വത്തിക്കാൻ. ലിംഗമാറ്റ ശസ്ത്രക്രിയകളും വാടകഗർഭപാത്രം വഴിയുള്ള ജനനങ്ങളും മനുഷ്യന്റെ അന്തസ്സിന് കടുത്ത ഭീഷണികളാണെന്ന് കത്തോലിക്കാസഭ തിങ്കളാഴ്ച പ്രഖ്യാപനം നടത്തി. ഇതുസംബന്ധിച്ച് അഞ്ചുവർഷമെടുത്തു തയ്യാറാക്കിയ 20 പേജുള്ള പ്രഖ്യാപനം വത്തിക്കാൻ പ്രമാണരേഖകളുടെ ഓഫീസ് പുറത്തിറക്കി.

മനുഷ്യജീവനെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെ ലംഘിക്കുന്ന നടപടികളെന്ന് വത്തിക്കാൻ വിളിക്കുന്ന ഗർഭച്ഛിദ്രം, ദയാവധം എന്നിവയുമായാണ് ലിംഗമാറ്റ ശസ്ത്രക്രിയയെയും വാടക ഗർഭധാരണത്തേയും സഭ ഉപമിച്ചത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കും വാടക ഗർഭധാരണത്തിനും സഭ എതിരാണ്. വർഷങ്ങൾ എടുത്ത് ആലോചിച്ചും പഠിച്ചുമാണ് വത്തിക്കാൻ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഏതാനുംമാസങ്ങളെടുത്തു നടത്തിയ പരിശോധനകൾക്കുശേഷം മാർച്ച് 25-നാണ് ഫ്രാൻസിസ് മാർപാപ്പ ഇതിന് അംഗീകാരം നൽകിയത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് 'അതിരറ്റ അന്തസ്സ്' എന്നപ്രഖ്യാപനം ഇറക്കിയത്. വ്യക്തിയുടെ ലിംഗം മാറ്റാൻ കഴിയുമെന്നുപറയുന്ന 'ജെൻഡർ തിയറി'യെ വത്തിക്കാൻ നിരാകരിക്കുന്നു. ജീവശാസ്ത്രപരമായി വ്യത്യസ്തരായ പുരുഷനും സ്ത്രീയുമായി ദൈവം മനുഷ്യനെ സൃഷ്ടിച്ചു. അതിനാൽ, ദൈവത്തിന്റെ പദ്ധതിയെ മാറ്റുകയോ സ്വയംദൈവമാകാൻ ശ്രമിക്കുകയോ അരുതെന്നും പ്രഖ്യാപനത്തിൽ പറയുന്നു.

ലിംഗമാറ്റം വരുത്താനുള്ള ഏതെങ്കിലും ഇടപെടൽ, ഉദരത്തിലുരുവാകുമ്പോഴേ കൈവരുന്ന വ്യക്തിയുടെ മൗലികമായ അന്തസ്സിനു ഭീഷണിയാണെന്നും പറയുന്നു. വാടകഗർഭപാത്രത്തിലൂടെയുള്ള ജനനം വാടകയമ്മയുടെയും ജനിക്കുന്ന കുഞ്ഞിന്റെയും അന്തസ്സിനെ ഹനിക്കുന്നുവെന്നും വത്തിക്കാൻ അഭിപ്രായപ്പെട്ടു.