തിരുവനന്തപുരം: പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ നാളെ ചെറിയ പെരുന്നാൾ അയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുലൈലി തങ്ങളും നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫിയും അറിയിച്ചു. പൊന്നാനിയിൽ മാസപ്പിറവി കണ്ട സാഹചര്യത്തിൽ നാളെ ഈദുൽ ഫിത്വർ (ചെറിയപെരുന്നാൾ ) ആയിരിക്കുമെന്ന് കേരള ഹിലാൽ (കെഎൻഎം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനിയും അറിയിച്ചു.

ബുധനാഴ്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂർ വി എം അബ്ദുല്ലാ മൗലവിയുടെ അധ്യക്ഷതയിൽ മണക്കാട് വലിയ പള്ളി ജുമാമസ്ജിദിൽ നടന്ന ഇമാമുമാരുടെയും മഹല്ലു ഭാരവാഹികളുടെയും സംയുക്ത യോഗം പ്രഖ്യാപിച്ചു. നായിബ് ഖാസിമാരായ കെ.കെ സുലൈമാൻ മൗലവി, എ.ആബിദ് മൗലവി, ഇമാമുമാരായ പി.എച്ച് അബ്ദുൽ ഗഫാർ മൗലവി, പാനിപ്ര ഇബ്‌റാഹീം മൗലവി, പാച്ചല്ലൂർ അബ്ദുസ്സലീം മൗലവി, ഹാഫിസ് ഇ.പി അബൂബക്കർ അൽഖാസിമി, മൗലവി നവാസ് മന്നാനി പനവൂർ, കുറ്റിച്ചൽ ഹസ്സൻ ബസരി മൗലവി, വി എം ഫത്തഹുദ്ദീൻ റഷാദി, മൗലവി നിഷാദ് റഷാദി പൂന്തുറ, മുഹമ്മദ് നിസാർ അൽഖാസിമി, കടുവയിൽ മൻസൂറുദ്ദീൻ റഷാദി, കടുവയിൽ ഷാജഹാൻ മൗലവി, കല്ലാർ സെയ്‌നുദ്ദീൻ മൗലവി, അജ്മൽ നസീർ നദ്വി ചാല, മൗലവി ബിലാൽ നദ്വി പേരൂർക്കട, മൗലവി സജ്ജാദ് റഹ്‌മാനി പാച്ചല്ലൂർ, അർഷദ് മന്നാനി മുണ്ടൻചിറ, പൂവ്വച്ചൽ ഫിറോസ് ഖാൻ ബാഖവി, നാസിമുദ്ദീൻ ബാഖവി, സി.കെ അബ്ദുറഹീം ബാഖവി, അബ്ദുറഹ്‌മാൻ അൽഹാദി, മുഹമ്മദ് മൂസാ മൗലവി, ഹാഫിസ് ഖലീലുല്ലാഹ് മൗലവി, സൽമാൻ മൗലവി അൽഖാസിമി, മുഹമ്മദ് അൽത്വാഫ് അൽഖാസിമി, ഷബീർ മൗലവി അട്ടകുളങ്ങര, മാഹീൻ മൗലവി പാറവിള, വൈ. സഫറുല്ലാ മൗലവി ആസാദ് നഗർ, സുധീർ മന്നാനി പുതുക്കുറിച്ചി, മഹല്ലു ഭാരവാഹികളായ മോഡേൺ അബ്ദുൽ ഖാദർ ഹാജി, അബ്ദുൽ റഷീദ് ഹാജി പൂന്തുറ, ഷറഫുദ്ദീൻ ഹാജി പനത്തുറ തുടങ്ങിയവർ സംബന്ധിച്ചു.

ഇതോടെ ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം വിശ്വാസി സമൂഹം ആഘോഷത്തിലേക്ക് കടക്കുകയാണ്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും. ഒമാൻ ഒഴികെയുള്ള ജി.സി.സി രാജ്യങ്ങളിലും നാളെയാണ് ചെറിയപെരുന്നാൾ. ഒമാനിൽ വൈകാതെ പ്രഖ്യാപനമുണ്ടാകും.

ഗവർണറുടെ ഈദ് ആശംസ

ഈദുൽ ഫിത്തർ പ്രമാണിച്ച് ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടും ഉള്ള കേരളീയർക്ക് ആശംസകൾ നേർന്നു. "ലോകമെമ്പാടും ഉള്ള കേരളീയർക്ക് എന്റെ ഹാർദമായ ഈദുൽ ഫിത്തർ ആശംസകൾ. ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ഉദാരതയുടെയും മഹിമയെ വാഴ്‌ത്തുന്ന ആഘോഷമാണ് ഈദുൽ ഫിത്തർ. പട്ടിണിരഹിതവും കൂടുതൽ സന്തോഷകരവുമായ ലോകം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്ന സന്ദേശമാണ് റംസാൻ വ്രതം നൽകുന്നത്. കനിവും സാഹോദര്യവും ഈദ് ആഘോഷത്തിൽ മാത്രമല്ല ജീവിതത്തിൽ എന്നും നമുക്ക് മാർഗദീപമാകട്ടെ"- ഗവർണർ ആശംസിച്ചു.

പ്രതിപക്ഷ നേതാവ്

ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു. വ്രതാനുഷ്ഠാനത്തിലൂടെ സ്വയം ശുചീകരണത്തിന് വിധേയമാക്കപ്പെടുക എന്നതിനപ്പുറം കഷ്ടപ്പെടുന്നവരെ സഹായിക്കാനും സമയം കണ്ടെത്തേണ്ട കാലം കൂടിയായിരുന്നു വിശുദ്ധ റമദാൻ മാസം. താൻ കഴിക്കുന്ന ആഹാരത്തിന്റെ ഒരു വിഹിതം വിശന്നിരിക്കുന്ന മറ്റൊരുവനുകൂടി കൊടുക്കുകയെന്ന മഹത്തായ ആശയം പകരുന്നതിലൂടെ മാനവികതയും സാഹോദര്യമൂല്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് റമദാൻ ഓർമ്മപ്പെടുത്തുന്നത്.