കോഴിക്കോട്: സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ആഘോഷം. പെരുന്നാൾ നമസ്‌ക്കാരത്തിനായി ഈദ് ഗാഹുകളിലും മസ്ജിദുകളിലും വിശ്വാസികളുടെ ഒഴുക്കാണ്. ഉത്തരേന്ത്യയിലും ഡൽഹിയിലും നാളെയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. സംസ്ഥാനത്ത് 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂർത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.

പൊന്നാനി കടപ്പുറത്താണ് ഇന്നലെ മാസപ്പിറ കണ്ടത്. തുടർന്ന് വിവിധ ഖാസിമാർ ഇക്കാര്യം സ്ഥിരീകരിച്ചു. ഖാസിമാരുടെ പ്രഖ്യാപനം വന്നതോടെ പള്ളികളിൽ നിന്നും തഖ്ബീർ ധ്വനികൾ മുഴങ്ങി. ഇതോടെ ചെറിയ പെരുന്നാളിന്റെ ആഘോഷവും തുടങ്ങി. പുണ്യ മാസമായ റമസാനെ സന്തോഷ പൂർവം വിശ്വാസികൾ യാത്രയാക്കിയാണ് വിശ്വാസികൾ ചെറിയ പെരുന്നാളിലേക്ക് കടന്നത്.

വിശ്വാസികൾക്ക് പെരുന്നാൾ ആശംസകൾ നേർന്ന് ഗവർണറും മുഖ്യമന്ത്രിയും. ചെറിയ പെരുന്നാൾ ആഘോഷങ്ങൾ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. സമൂഹത്തിൽ വർഗീയ വിഷം ചീറ്റി ഐക്യത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻ ശക്തികളെ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു. ത്യാഗത്തിന്റെയും ഉദാരതയുടെയും മഹിമ വാഴ്‌ത്തുന്ന ആഘോഷമാണ് ഈദുൽഫിത്തറെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സ്പീക്കർ എ.എൻ.ഷംസീറും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആശംസകൾ നേർന്നു.

യുഎഇ ഉൾപ്പടെ മുഴുവൻ ഗൾഫ് രാജ്യങ്ങളും ഒന്നിച്ച് പെരുന്നാൾ ആഘോഷിക്കുകയാണ്. ഈദ് അൽ ഫിത്തർ പ്രമാണിച്ച് 154 തടവുകാർക്ക് ഒമാൻ പൊതുമാപ്പ് നൽകി. മാനത്ത് ശവ്വാൽ അമ്പിളി തെളിഞ്ഞതോടെയാണ് ചെറിയ പെരുന്നാൾ പിറന്നത്. അഥവാ ഈദുൽ ഫിത്തർ. പള്ളികളിലെയും ഈദ് ഗാഹുകളിലെയും നമസ്‌കാരത്തിന് ശേഷം ഓരോരുത്തരും കുടുംബവീടുകളിൽ സ്‌നേഹ സന്ദർശനം നടത്തും. മധുരവും വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കി പെരുന്നാൾ കെങ്കേമമാക്കും.

പ്രാർത്ഥനാനിർഭരമായി പെരുന്നാൾ ആഘോഷിക്കുക -സാദിഖലി തങ്ങൾ

നാഥനായി സർവവും ത്യജിച്ച് സ്ഫുടം ചെയ്തെടുത്ത മനസ്സും ശരീരവുമായി ആത്മനിർവൃതിയുടെ പെരുന്നാൾ ആഘോഷം വരുംകാല ജീവിതത്തിലേക്കുള്ള കരുതലും ഊർജവുമാവണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പെരുന്നാൾ പ്രാർത്ഥനാനിർഭരമായി ആചരിക്കണമെന്നും തങ്ങൾ പറഞ്ഞു.

കുടിവെള്ളത്തിന് പ്രയാസപ്പെടുന്നവരെയും ഫലസ്തീനിൽ നരകയാതന അനുഭവിക്കുന്നവരെയും ഓർക്കാതിരിക്കാൻ കഴിയില്ല. ഫലസ്തീനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും അവകാശങ്ങൾ നിഷേധിക്കപ്പെട്ട് പുണ്യദിനങ്ങളിൽപോലും നരഹത്യക്കിരയാവുന്ന പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള നിരപരാധികളായ മനുഷ്യർക്കായി പ്രാർത്ഥിക്കുകയും പീഡിത ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും വേണം. സയണിസത്തിന്റെ വംശഹത്യമുനമ്പായി ഗസ്സയിൽ നിന്നുള്ള ദുതിക്കാഴ്ചകൾക്ക് അറുതി ഉണ്ടായേ മതിയാവൂ. ആഘോഷ ദിനത്തിലും പ്രാർത്ഥനാ പൂർവം അവരോട് ഐക്യപ്പെടാനുള്ള ബാധ്യത നമുക്കുണ്ടെന്നും തങ്ങൾ കൂട്ടിച്ചേർത്തു.