ത്തോലിക്ക സഭയുടെ ബോധനങ്ങൾ സൈബർ ലോകത്ത് ഏറെ പ്രചാരത്തിലാക്കിയതിനൽ ദൈവത്തിന്റെ ഇൻഫ്‌ളുവൻസർ എന്ന് പേര് ലഭിച്ച കൗമാരക്കാരൻ പുണ്യാളനാകുന്നു. ലണ്ടനിൽ ജനിച്ച കാർലോ അക്വിറ്റൊസ് തന്റെ പതിനഞ്ചാമത്തെ വയസ്സിൽ 2006 ൽ രക്തർബുദത്തിന് കീഴടങ്ങി മരണം വരിക്കുകയായിരുന്നു. ഇതോടെ, 1980 കൾക്കും 1990 കൾക്കും ഇടയിൽ ജനിച്ച മില്ലേനിയൽ എന്നറിയപ്പെടുന്ന തലമുറയിൽ നിന്നും വിശുദ്ധനാക്കപ്പെടുന്ന ആദ്യ വ്യക്തിയായി കാർലോ അക്വിറ്റിസ്.

തലക്ക് പരിക്കേറ്റതിനെ തുടർന്ന് മസ്തിഷ്‌കത്തിൽ രക്തസ്രാവം ഉണ്ടായ ഫ്‌ളോറൻസിലെ ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥിയെ സുഖപ്പെടുത്തിയ അത്ഭുത പ്രവർത്തി പോപ്പ് ഫ്രാൻസിസ് അംഗീകരിച്ചതോടെയാണ് ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. നേരത്തെ 2020- ൽ ഒരു ബ്രസീലിയൻ കുട്ടിയെ സുഖപ്പെടുത്തി അദ്ഭുതം കാണിച്ച കാർലോ അക്വിറ്റിസ്, തന്റെ വിശുദ്ധ പദവിയിലേക്കുള്ള ആദ്യ പടി കടന്നിരുന്നു. വത്തിക്കാനിലെ വിശുദ്ധ പദവി നൽകുന്നതിനു ഉത്തരവാദിത്തപ്പെട്ട വിഭാഗവുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പോപ്പ് രണ്ടാമത്തെ അദ്ഭുത പ്രവൃത്തിയും അംഗീകരിച്ചത്.

എന്നാൽ, എപ്പോഴാണ് കാർലോ അക്വിറ്റിസിനെ വിശുദ്ധനായി പ്രഖ്യപിക്കുക എന്നത് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. രക്താർബുദം ബാധിച്ചതിനെ തുടർന്ന് ഇറ്റലിയിലെ മോൻസയിൽ വച്ചായിരുന്നു കാർലോ അക്വിറ്റിസിന്റെ അന്ത്യം. മരണത്തിന് ഒരു വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ ഭൗതിക ശരീരം അസ്സീസിയിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ അത് അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റ് ഭൗതികാവശിഷ്ടങ്ങൾക്കൊപ്പം പ്രദർശനത്തിന് വെച്ചിരിക്കുകയാണ്.

തന്റെ പാരിഷിനും സ്‌കൂളിനും വെബ്‌സൈറ്റുകൾ ഡിസൈൻ ചെയ്തതിനു പുറമെ ദൈവീകമായ അദ്ഭുത പ്രവൃത്തികൾ രേഖപ്പെടുത്തുന്നതിനായി മറ്റൊരു വെബ്‌സൈറ്റും അദ്ദേഹം ഇറക്കിയിരുന്നു. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഈ വെബ്‌സൈറ്റ് അദ്ദേഹം തുറന്നത്. ഈ പ്രവർത്തനത്തിന്റെ ഫലമായിട്ടായിരുന്നു മരണശേഷം ഇദ്ദേഹത്തിന് ദൈവത്തിന്റെ ഇൻഫ്‌ളുവൻസർ എന്ന പേര് വീണത്. ഇന്ന് ഈ വെബ്‌സൈറ്റ് ലോകമാകമാനം നിരവധി ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

2020-ൽ ബിർമ്മിങ്ഹാം ആർച്ച് ബിഷാപ്പ് വോൾവർഹാംപ്ടണിലേയും മദർവെല്ലിലെയും പള്ളികളെ ഏകോപിപ്പിച്ചു കൊണ്ട് അനുഗൃഹീതനായ കാർലോ അക്വിറ്റിസന്റെ പാരിഷ് രൂപീകരിച്ചിരുന്നു.