കോഴിക്കോട്: പ്രവാചകന്റെ ത്യാഗസ്മരണയിൽ വിശ്വാസികൾക്ക് ഇന്ന് ബലിപ്പെരുന്നാൾ. ആത്മത്യാഗത്തിന്റെ സന്ദേശം പകർന്ന് സ്വന്തം മകനെ ബലി നൽകണമെന്ന ദൈവകല്പന ശിരസാവഹിച്ച ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയ്ക്കാണ് ബലിപ്പെരുന്നാൾ ആഘോഷിക്കുന്നത്. രീക്ഷണത്തിൽ വിജയിച്ച പ്രവാചകൻ ഇബ്രാഹിമിനെ നാഥൻ ചേർത്ത് പിടിച്ചു. കഠിനാനുഭവങ്ങളുടെ തീച്ചുളയിൽ അജയ്യനായി നിലപാടെടുത്ത ഇബ്രാഹീം നബിയുടെ നിശ്ചയദാർഢ്യം വിശ്വാസിക്ക് ആഘോഷ വേളയിൽ കരുത്തുപകരും.

അതിരുകളും വേർതിരിവുകളുമില്ലെന്ന് കർമത്തിലൂടെ പ്രഖ്യാപിച്ച് മക്കയിൽ തീർത്ഥാടനത്തിനെത്തിയ മനുഷ്യക്കടലിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുക കൂടിയാണ് വിശ്വാസികൾ ഇന്ന്. ജമാഅത്തുകളുടെ ആഭിമുഖ്യത്തിൽ രാവിലെ പെരുന്നാൾ നമസ്‌കാരം നടക്കും. ബലികർമമുൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം കുടുംബ സന്ദർശനവും സൗഹൃദം പുതുക്കലുമായി വിശ്വാസികൾ ആഘോഷ നിറവിലാണ്.

മിഥുന മാസമായതിനാൽ മഴകാരണം കേരളത്തിൽ ഈദ്ഗാഹുകൾ കുറവാണ്. ഓഡിറ്റോറിയങ്ങളിലും മറ്റുമാണ് ഈദ്ഗാഹുകൾ പലതും സംഘടിപ്പിച്ചത്. പള്ളികളിൽ ലക്ഷങ്ങൾ രാവിലെ പ്രാർത്ഥനാ നിരതരാവും. പെരുന്നാളിനും തുടർന്നുള്ള ദിവസങ്ങളിലും പള്ളിക്കമ്മിറ്റികളുടെയും വ്യക്തികളുടെയും കൂട്ടായ്മകളുടെയും മേൽനോട്ടത്തിൽ ബലികർമം നടത്തി മാംസം ദാനം ചെയ്യും. വിവിധ നേതാക്കൾ പെരുന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്.

അചഞ്ചലമായ വിശ്വാസത്തിന്റെ സമർപ്പണത്തിന്റെ ഓർമപ്പെടുത്തലാണ് ബലിപ്പെരുന്നാൾ ദിനം. മൈലാഞ്ചി മൊഞ്ചുള്ള കൈകൾ.... പുതുവസ്ത്രമണിഞ്ഞുള്ള പെരുന്നാൾ നമസ്‌കാരം... ബലികർമം..മധുരം.. വിഭവസമൃദ്ധമായ ഭക്ഷണം...പെരുന്നാൾ വിശ്വാസികൾക്ക് ആഘോഷ ദിനമാണ്. പ്രതികൂല കാലാവസ്ഥയിൽ സംസ്ഥാനത്ത് ഇത്തവണ ഈദുഗാഹുകൾ കുറവാണ്. പെരുന്നാൾ നമസ്‌കാരം പള്ളികളിലാണ്. ബലിപ്പെരുന്നാൾ എന്നാൽ വിശ്വാസികൾക്ക് ആഘോഷം മാത്രമല്ല. ദൈവത്തിലേക്കുള്ള സമർപ്പണബോധത്തെ ഊട്ടിയുറപ്പിക്കുന്ന ത്യാഗസ്മരണ കൂടിയാണ്.

ബലിപ്പെരുന്നാൾ പകരുന്നത് ത്യാഗത്തിന്റെ സന്ദേശമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പെരുന്നാൾ സന്തോഷത്തിനൊപ്പം കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചവരെ കുറിച്ച് ഓർക്കണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.