- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാചക പ്രകീര്‍ത്തനങ്ങളുമായി നബിദിന ഘോഷാത്ര; മലപ്പുറത്തെ ക്ഷേത്രമുറ്റത്ത് മധുരം നല്‍കി സ്വീകരണം; മദ്രസ വിദ്യാര്‍ത്ഥികളുടെ ദഫ് മുട്ട്; മതസൗഹാര്‍ദ്ദത്തിന്റെ സ്നേഹക്കാഴ്ചകള്‍
മെഗാ ദഫ് റാലിയുടെ ആകര്‍ഷണമായി മാറി
മലപ്പുറം: പ്രവാചക പ്രകീര്‍ത്തനങ്ങളുമായി എത്തിയ നബിദിന ഘോഷാത്രക്ക് വന്‍ സ്വീകരണമൊരുക്കി മലപ്പുറത്തെ ക്ഷേത്രാങ്കണം. മതസൗഹാര്‍ദ്ദത്തിന്റെ തെളിനീരൊഴുക്കിയാണ് നബിദിന റാലിക്ക് ക്ഷേത്ര കമ്മറ്റി ഭാരവാഹികളും, നാട്ടുകാരും ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്. അവിട്ടം നാളില്‍ ഓണാഘോഷത്തിനിടെ എത്തിയ പൊന്നാനി പുഴമ്പ്രം മഹല്ല് മദ്രസ്സയുടെ കീഴില്‍ നടന്ന നബിദിന റാലിക്കാണു അമ്പല മുറ്റത്ത് സ്വീകരണം നല്‍കിയത്. നബിദിന റാലിയെ മധുരം നല്‍കിയും, ശീതള പാനീയങ്ങള്‍ വിതരണം ചെയ്തുമാണ് ക്ഷേത്ര കമ്മറ്റി വരവേറ്റത്. നബിദിന റാലിയെ സ്വീകരിച്ച ശേഷം ക്ഷേത്രാങ്കണത്തില്‍ മദ്രസ വിദ്യാര്‍ത്ഥികളുടെ ദഫ് മുട്ടും നടന്നു.
അണ്ടിത്തോട് അമ്പലക്കമ്മറ്റിയും, പുഴമ്പ്രം അയ്യപ്പ സേവാ സംഘവും ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്. മുന്‍ വര്‍ഷങ്ങളിലും അമ്പലക്കമ്മറ്റി നബിദിന റാലിക്ക് സ്വീകരണം നല്‍കാറുണ്ടായിരുന്നു. കൂടാതെ ശബരിമല സീസണിലെ അഖണ്ഡനാമയഞ്ജസമയത്ത് ക്ഷേത്രത്തിലേക്ക് അരിയും, മറ്റു സാധനങ്ങളും പുഴമ്പ്രം മഹല്ല് കമ്മറ്റിയും നല്‍കാറുണ്ട്. ക്ഷേത്രത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ പുഴമ്പ്രം നൂറുല്‍ ഹുദ മദ്രസ്സ നബിദിനാഘോഷ സംഘാടക സമിതി ചെയര്‍മാന്‍ സി.പി ബക്കര്‍, കണ്‍വീനര്‍ എ .വി ജാഫര്‍, മഹല്ല് പ്രസിഡണ്ട് സി.പി കബീര്‍ , സെക്രട്ടറി പി.ടി ലത്തീഫ്, മഹല്ല് ഖത്തീബ് റഫീഖ് ഫൈസി, സദര്‍ മുഅല്ലിം റഫീഖ് ഖാലിദി, കാവില്‍ കുഞ്ഞിമോന്‍ ,ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഇ.വി സുബ്രമണ്യന്‍, ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു. ഗുരുസ്വാമി ചേരിയില്‍ ബാബു അദ്ധ്യക്ഷതവഹിച്ചു.വിപിന്‍ സ്വാഗതവും ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
അതേ സമയം 1499ാം നബിദിനത്തോടനുബന്ധിച്ച് മഅദിന്‍ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ മലപ്പുറത്ത് നടന്ന നബിദിന സ്നേഹറാലി നയനമനോഹരമായി. മഅദിന്‍ അക്കാദമിയുടെയും സമസ്ത, കേരള മുസ്്്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.ജെ.എം, എസ്.എം.എ,എസ്.എസ്.എഫ് തുടങ്ങിയ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു റാലി. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നബിദിന സന്ദേശം നല്‍കി. സ്നേഹത്തിന്റെ സന്ദേശമാണ് പ്രവാചകര്‍ ലോകത്തിന് സമ്മാനിച്ചതെന്നും വെറുപ്പും വിദ്വേഷവും യഥാര്‍ഥ വിശ്വാസിയുടെ അടയാളമല്ലെന്നാണ് പ്രവാചകര്‍ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മഅദിന്‍ രിബാതുല്‍ ഖുര്‍ആന്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മെഗാ ദഫ് റാലിയുടെ ആകര്‍ഷണമായി മാറി. വിവിധ ഭാഷകളിലുള്ള നബികീര്‍ത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളുമായി നീങ്ങിയ വര്‍ണാഭമായ റാലിയില്‍ പൊതുജനങ്ങളും മഅദിന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുമടക്കം ആയിരക്കണക്കിന് വിശ്വാസികള്‍ അണിനിരന്നു. സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ലഹരിക്കെതിരെ ബോധവല്‍ക്കരണം, ബഹുസ്വര സമൂഹത്തില്‍ വിശ്വാസിയുടെ ബാധ്യത, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രവാചക മാതൃകകള്‍, കാര്‍ഷിക രംഗത്തെ പ്രവാചകാധ്യാപനങ്ങള്‍ മത ദര്‍ശനങ്ങളുടെ പേരില്‍ സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കുന്നതിന്റെ നിരര്‍ത്ഥകത എന്നിവ വ്യക്തമാക്കുന്ന പ്രദര്‍ശനങ്ങള്‍ റാലിയെ ശ്രദ്ധേയമാക്കി. മഅ്ദിന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ദഫ്, സ്‌കൗട്ട് ഗ്രൂപ്പുകളും അണിനിരന്നു. മഅദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ഫ്ളവര്‍ ഷോ ഏറെ ആകര്‍ഷകമായി. റാലി വീക്ഷിക്കാന്‍ ആയിരക്കണക്കിന് വിശ്വാസികള്‍ റോഡ് സൈഡുകളില്‍ അണിനിരന്നു.
എസ്.എം.എ സംസ്ഥാന വൈസ്പ്രസിഡന്റ് സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി ചേളാരി, എസ്.എം.എ ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി തിരൂര്‍, സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, എസ് ജെ എം സംസ്ഥാന ജനറല്‍ സെക്രട്ടറി അബൂഹനീഫല്‍ ഫൈസി തെന്നല, അലവി സഖാഫി കൊളത്തൂര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി എ പി അബ്ദുല്‍ കരീം ഹാജി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മുസ്തഫ കോഡൂര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി നേതൃത്വം നല്‍കി.
വിവിധസ്ഥലങ്ങളില്‍ ഒരുക്കിയ മഅ്ദിന്‍ തഹ്ഫീസുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ മീലാദ് പാട്ടുവണ്ടി ശ്രദ്ധേയമായി, പുലര്‍ച്ചെ 4ന് മഅ്ദിന്‍ ഗ്രാന്റ്മസ്ജിദില്‍ മൗലിദ് പാരായണവും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ഥന നടത്തി. നബിദിനത്തിന്റെ ഭാഗമായി ഇന്ന് വിവിധ ഹോസ്പിറ്റലുകളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണ വിതരണവും വിവിധ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി. മാനവിക സ്നേഹത്തിന്റെ മധുരം വിളമ്പി നബിദിന റാലിക്ക് അമ്പലമുറ്റത്ത് സ്വീകരണം നല്‍കി
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്