- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോറാൻ മോർ സാമുവൽ തിയോഫിലസ് സ്ഥാനമേറ്റു
തിരുവല്ല: സമൂഹത്തെ ഉദ്ധരിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന സഭയാണ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചെന്ന് മാർത്തോമ്മ സഭ പരമാധ്യക്ഷൻ മാർ തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത പറഞ്ഞു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനായി സ്ഥാനമേറ്റ മോറാൻ മോർ സാമുവൽ തിയോഫിലസ് മെത്രാപ്പൊലീത്തയെ അനുമോദിക്കുന്നതിന് വേണ്ടി മോർ അത്തനാസിയോസ് യോഹൻ മെമോറിയൽ കൺവൻഷൻ സെന്ററിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മെഡിക്കൽ കോളജ് ആശുപത്രി, വിഭ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തിലൂടെയാണ് സഭ സമൂഹത്തെ ഉദ്ധരിക്കുന്നത്. എക്യുമെനിക്കൽ വീക്ഷണമുള്ള സഭ പരിസ്ഥിതി, പ്രകൃതി സ്നേഹം നിലനിർത്തുന്നു. മുന്നുറോളം വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവർക്ക് ഇടയിലാണ് സഭ പ്രവർത്തിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഏഷ്യയിലെ 12 രാജ്യങ്ങൾക്കു പുറമേ ആഫ്രിക്കയിലെ റുവാണ്ടയിലും ലൈബീരിയയിലും സഭയുടെ പ്രവർത്തനങ്ങൾ ശക്തമാണ്. മോർ അത്തനാസിയോസ് യോഹാൻ തെളിച്ച വഴിയിലൂടെ സഭയെ നയിക്കാൻ പിൻഗാമിക്കും കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ജീവകാരുണ്യ-പരിസ്ഥിതി മേഖലകളിൽ മുൻപന്തിയിൽ പ്രവർത്തിച്ച സഭയാണ് ബിലീവേഴ്സ് എന്ന് മുഖ്യപ്രഭാഷണം നടത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഡൽഹി ആർച്ച് ബിഷപ്പ് ജോൺ മോർ ഐറേനിയോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മലബാർ ഇൻഡിപെൻഡന്റ് ചർച്ച് അധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് പ്രഥമൻ മെത്രാപ്പൊലീത്ത, മലങ്കര ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച് സിനഡ് സെക്രട്ടറി തോമസ് മോർ തിമോത്തിയോസ് മെത്രാപ്പൊലീത്ത, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ബിലീവേഴ്സ് ചർച്ച് നോർത്ത് അമേരിക്ക ആൻഡ് യൂറോപ്പ് ആർച്ച് ബിഷപ്പ് ദാനിയൽ മോർ തിമോത്തിയോസ് എപ്പിസ്‌കോപ്പ, മലങ്കര ജാക്കോബൈറ്റ് സിറിയൻ ക്നാനായ കമ്യൂണിറ്റി മെത്രാപ്പൊലീത്തമാരായ കൂരിയാക്കോസ് മോർ ഗ്രിഗോറിയോസ്, കുരിയാക്കോസ് മോർ ഈവാനിയോസ്, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ കൊല്ലം ബിഷപ്പ് എമിറേറ്റ്സ് റവ. ഡോ. ഉമ്മൻ ജോർജ്, മധ്യകേരള ബിഷപ്പ് എമിറേറ്റ്സ് റവ. തോമസ് സാമുവൽ, സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഫെലോഷിപ്പ് ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, റവ. ക്ലമന്റ് എറ്റാനിൽ, നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് വൈസ് പ്രസിഡന്റ് ഡോ. പാക്യം ടി. സാമുവൽ, കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ബിലീവേഴ്സ് ഈസ്റ്റേൺ തിരുവനന്തപുരം ആർച്ച് ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്‌കോപ്പ, സഭ സെക്രട്ടറി റവ. ഡാനിയൽ ജോൺസൻ, പി.ആർ.ഓ ഫാ. സിജോ പന്തപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.
ഭാരിച്ച ഉത്തരവാദിത്തമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് മോറാൻ മോർ സാമുവൽ തിയോഫിലസ് മെത്രാപ്പൊലീത്ത തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ദൗത്യമാണ് തനിക്ക് വന്നു ചേർന്നിരിക്കുന്നത്. സത്യത്തിൽ ഭയമുണ്ട്. എങ്കിലും സഹമെത്രാപ്പൊലീത്തമാരും വൈദികരും മറ്റു സഭകളിലെ പിതാക്കന്മാരുമെല്ലാമായി ചേർന്ന് മുന്നോട്ടു പോകാൻ കഴിയുമെന്നാണ് പ്രതീക്ഷ. അത്താനാസിയോസ് യോഹാൻ തെളിച്ച വഴിയിലൂടെ അദ്ദേഹത്തിന്റെ ദൗത്യം നിറവേറ്റി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ കുറ്റപ്പുഴയിൽ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ വിശുദ്ധ കുർബാനയ്ക്ക് മധ്യേയാണ് അദ്ദേഹം സ്ഥാനമേറ്റത്. സ്ഥാനാരോഹണ ചടങ്ങുകൾക്ക് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഡൽഹി ആർച്ച് ബിഷപ്പ് ജോൺ മോർ ഐറേനിയോസ് എപ്പിസ്‌കോപ്പയും സഹമെത്രാന്മാരും ചേർന്ന് കാർമികത്വം വഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിന് എത്തിയിരുന്നു.