- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുപത്തിരണ്ട് പെൺകുട്ടികൾ സന്ന്യാസിമാരാകുന്നു; ആശംസയറിയിച്ചു മോദി; ശാന്തിഗിരിയിലെ സന്ന്യാസദീക്ഷ സ്ത്രീശാക്തീകരണത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണെന്നു പ്രധാനമന്ത്രി; ശാന്തിഗിരിയിൽ സന്ന്യാസദീക്ഷ നാളെ
തിരുവനന്തപുരം: സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നവജ്യോതി ശ്രീകരുണാകരഗുരു വിഭാവനം ചെയ്ത ആശയത്തിന്റെ പ്രതിഫലനമായി ശാന്തിഗിരി ആശ്രമത്തിൽ പുതുതായി ഇരുപത്തിരണ്ട് പെൺകുട്ടികൾ കൂടി സന്ന്യാസിമാരാകും. മുപ്പത്തിയൊൻപതമത് സന്ന്യാസദീക്ഷാ വാർഷികദിനമായ ഒക്ടോബർ 24 ചൊവ്വാഴ്ച ഗുരുസ്ഥാനീയ ശിഷ്യപൂജിത സഹകരണമന്ദിരത്തിൽ വെച്ച് ഇരുപത്തിരണ്ട് പേർക്ക് ദീക്ഷ നൽകും. ഇതിൽ മൂന്ന് പേർ കേരളത്തിന് പുറത്തുനിന്നുള്ളവരാണ്. ഇതോടെ 104പേരടങ്ങുന്ന ആശ്രമത്തിന്റെ സന്ന്യാസ സംഘം 126 പേരാകും.
1984 ഒക്ടോബർ നാലിനാണ് ശാന്തിഗിരിയിൽ പ്രഥമസന്ന്യാസദീക്ഷാ കർമ്മം നടന്നത്. 31 പേർക്കാണ് ഗുരു അന്ന് ദീക്ഷ നൽകിയത്. 'ഗുരുധർമ്മപ്രകാശസഭ' എന്നാണ് ശാന്തിഗിരിയിലെ സന്ന്യാസ സംഘത്തിന് ഗുരു കല്പിച്ച പേര്. തുടർന്ന് എല്ലാവർഷവും വിജയദശമി ദിനത്തിൽ സന്ന്യാസദീക്ഷാ വാർഷികം സമുചിതമായി ആഘോഷിക്കുന്നു.ദീക്ഷയോടൊപ്പം വസ്ത്രവും പുതിയ നാമവും നൽകും. പേരിനൊപ്പം പുരുഷന്മാർക്ക് 'ജ്ഞാന തപസ്വി' എന്നും സ്ത്രീകൾക്ക് 'ജ്ഞാന തപസ്വിനി' എന്നുമാണ് നാമകരണം ചെയ്യപ്പെടുന്നത്. ഇക്കഴിഞ്ഞ 14ന് ആരംഭിച്ച പ്രാർത്ഥനാസങ്കൽപങ്ങൾക്കും സത്സംഗത്തിനും വാർഷിക ദിനത്തിൽ സമാപനമാകും.
അന്നേദിവസം രാവിലെ 6 മണിയുടെ ആരാധനയോടെ ചടങ്ങുകൾ ആരംഭിക്കും. 7 ന് താമരപ്പർണ്ണശാലയിൽ സന്ന്യാസസംഘത്തിന്റെയും നിയുക്തരായവരുടേയും പ്രത്യേക പുഷ്പാജ്ഞലി നടക്കും. 12മണിയുടെ ആരാധനയ്ക്ക് ശേഷം ദീക്ഷാവാർഷികം ചടങ്ങുകളും സമ്മേളനവും നടക്കും. ആത്മീയ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങുകളിൽ സംബന്ധിക്കും. ഉച്ചയ്ക്ക് ഗുരുപൂജയും വിവിധ സമർപ്പണങ്ങളും നടക്കും.വൈകുന്നേരം 6ന് ആരാധനയ്ക്ക് ശേഷം പുഷ്പസമർപ്പണവും തുടർന്ന് ദീപപ്രദക്ഷിണവും ഉണ്ടാകും. ആശ്രമം സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ സ്വാമി ജ്ഞാനദത്തൻ ജ്ഞാന തപസ്വി, സ്വാമി ആത്മധർമ്മൻ ജ്ഞാന തപസ്വി, മഹേഷ്. എം എന്നിവർ പങ്കെടുത്തു.
ഭാരതത്തിന്റെ ആത്മീയ നഭസ്സിൽ സന്ന്യാസത്തിന്റെ പുതുചരിത്രമെഴുതാൻ പോവുകയാണ് ഇരുപത്തിരണ്ട് പെൺകുട്ടികൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനിച്ച് ജീവിതത്തിന്റെ വിവിധ മേഖലകളിലൂടെ കടന്ന് സന്ന്യാസത്തിന്റെ പടിവാതിലിൽ എത്തിനിൽക്കുന്നവരാണ് വിജയദശമി ദിനത്തിൽ ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിയിൽ നിന്നും ദീക്ഷ സ്വീകരിക്കാനൊരുങ്ങുന്നത്. ജീവിത വഴികൾ തിരഞ്ഞെടുത്തപ്പോൾ അവർ പലമേഖലകളിലായിരുന്നു.
ബംഗ്ലാദേശിൽ നിന്ന് ബാംഗ്ലൂരിലേക്ക് പലായനം ചെയ്യപ്പെട്ട ഹിന്ദു കുടുംബത്തിലെ അംഗവും കർണ്ണാടക എസ്.ഡി.എം കോളേജിൽ പഞ്ചകർമ്മ വിഭാഗത്തിൽ പി.എച്ച്.ഡി ഗവേഷകയുമായ ഡോ. റോസി നന്ദി, ഡൽഹിയിലെ ജെ.എൻ.യു ജീവനക്കാരി ശാലിനി പ്രുതി, എക്‌സാ ഇന്ത്യ കമ്പനിയുടെ ഡെപ്യൂട്ടി മാനേജറും ചാർട്ടേർഡ് അക്കൗണ്ടന്റും നിലവിൽ ആശ്രമത്തിന്റെ ഫിനാൻസ് കൺട്രോളറുമായ ഗുരുചന്ദ്രിക.വി എന്നിവരാണ് ദീക്ഷ സ്വീകരിക്കുന്നവരിൽ കേരളത്തിനു പുറത്തു നിന്നുള്ളത്.
അമേരിക്കയിലെ സിക്‌സ് സിഗ്മ ഗ്രൂപ്പിന്റെ ഹോസ്പിറ്റൽ & ഹെൽത്ത്‌കെയർ വിഭാഗം മൊഡ്യൂൾ ഡയറക്ടർ വന്ദിത സിദ്ധാർത്ഥൻ, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയ ബി.എഡ് വിദ്യാർത്ഥിനി വന്ദിത ബാബു, സിദ്ധ മെഡിക്കൽ ഓഫീസർ ഡോ.നീതു.പി.സി, 28 വർഷത്തെ ബ്രഹ്മചര്യം പൂർത്തിയാക്കിയ വത്സല.കെ.വി, മൈക്രോബയോളജിസ്റ്റ് ജയപ്രിയ.പി.വി, ബികോം ബിരുദദാരിയും ആശ്രമം ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരിയുമായ ലിംഷ.കെ, കേരള യൂണിവേഴ്‌സിറ്റിയിൽ ഗ്ലോബൽ ബിസിനസ്സ് ഓപ്പറേഷൻസിൽ ബിരുദാനന്തര ബിരുദപഠനം നടത്തുന്ന സുകൃത. എ, ശാന്തിഗിരി മുദ്രണാലയത്തിൽ സേവനം ചെയ്യുന്ന പ്രസന്ന. വി, ബിരുദാനന്തര ബിരുദവും നേടി സിവിൽ സർവീസിന് തയ്യാറെടുക്കുന്ന കൃഷ്ണപ്രിയ.എ.എസ്, ബി.എഡ് വിദ്യാർത്ഥിനി കരുണ.എസ്.എസ്, ഖാദിബോർഡിലെ ജോലി ഉപേക്ഷിച്ച് ആശ്രമം അന്തേവാസിയായ ആനന്ദവല്ലി.ബി.എം, ഇടുക്കി സ്വദേശിനി സ്വയം പ്രഭ. ബി.എസ്, സിദ്ധ മെഡിസിൻ രണ്ടാം വർഷ വിദ്യാർത്ഥിനി കരുണ.പി.കെ, ബ്രഹ്മചാരിണികളായ മംഗളവല്ലി.സി.ബി, പ്രിയംവദ. ആർ.എസ്, ഷൈബി.എ.എൻ, സജിത.പി.എസ്, അനിത.എസ്, രജനി. ആർ.എസ് എന്നിവരാണ് ഒക്ടോബർ 24 ന് ദീക്ഷ സ്വീകരിക്കുന്നത്.
അതേസമയം പുതിയതായി സന്ന്യാസം സ്വീകരിക്കുന്ന 22 പേർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസയറിയിച്ചു. ശാന്തിഗിരിയിലെ സന്ന്യാസദീക്ഷ സ്ത്രീശാക്തീകരണത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണെന്നും നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ഉന്നതമായ ആദർശങ്ങളുടെ സാക്ഷ്യപത്രമാണ് ഈ സുപ്രധാന സംഭവമെന്നും പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞു. രാവിലെ 9 മണിക്ക് സഹകരണമന്ദിരത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി ബ്രഹ്മചാരിണികളായ ഡോ. റോസി നന്ദി, ശാലിനി പ്രുതി, ഗുരുചന്ദ്രിക.വി, വന്ദിത സിദ്ധാർത്ഥൻ, വന്ദിത ബാബു, ഡോ.നീതു.പി.സി, വത്സല.കെ.വി, ജയപ്രിയ.പി.വി, ലിംഷ.കെ, സുകൃത.എ, പ്രസന്ന. വി, കൃഷ്ണപ്രിയ.എ.എസ്, കരുണ.എസ്.എസ്, ആനന്ദവല്ലി.ബി.എം, സ്വയം പ്രഭ. ബി.എസ്, കരുണ.പി.കെ, മംഗളവല്ലി.സി.ബി, പ്രിയംവദ. ആർ.എസ്, ഷൈബി.എ.എൻ, സജിത.പി.എസ്, അനിത.എസ്, രജനി. ആർ.എസ് എന്നിവർക്ക് ദീക്ഷ നൽകും. ഇതോടെ 104പേരടങ്ങുന്ന ആശ്രമത്തിന്റെ സന്ന്യാസ സംഘം 126 പേരാകും.
രാവിലെ 6മണിയുടെ ആരാധനയോടെ പ്രാർത്ഥനാസങ്കൽപ്പങ്ങൾ ആരംഭിക്കും. 7 ന് താമരപ്പർണ്ണശാലയിൽ സന്ന്യാസസംഘത്തിന്റെയും നിയുക്തരായവരുടേയും പ്രത്യേക പുഷ്പാജ്ഞലി . 9 മണിയുടെ ആരാധനയ്ക്ക് ശേഷം ദീക്ഷാവാർഷികം ചടങ്ങുകൾ . ഉച്ചയ്ക്ക് 12.30 മണിക്ക് നടക്കുന്ന അനുമോദന സമ്മേളനം കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സന്ന്യാസദീക്ഷ പ്രഖ്യാപനം മന്ത്രി ആന്റണി രാജു നിർവഹിക്കും. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ വിശിഷ്ടാതിഥിയാകും. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ദീക്ഷാനാമം വിളംബരം ചെയ്യും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി , വൈസ് പ്രസിഡന്റ്, സ്വാമി നിർമ്മോഹാത്മ ജ്ഞാതപസ്വി എന്നിവർ ചടങ്ങിൽ മഹനീയ സാന്നിധ്യമാകും. എ.എ.റഹീം എംപി മുഖ്യപ്രഭാഷണം നടത്തും. ഡി.കെ. മുരളി എംഎൽഎ, എം. വിൻസെന്റ് എംഎൽഎ, പാളയം ഇമാം ഡോ.വി.പി. ഷുഹൈബ് മൗലവി, ബിലിവേഴ്‌സ് ചർച്ച് ആക്‌സിലറി ബിഷപ്പ് മാത്യൂസ് മോർ സിൽവാനസ് എപ്പിസ്‌കോപ്പ, സ്വാമി ബ്രഹ്മാനന്ദ സരസ്വതി (ശ്രീരാമപാദാശ്രമം), സ്വാമി അഭയാനന്ദ (ചെമ്പഴന്തി ഗുരുകുലം), സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി തുടങ്ങി വിവിധ ആത്മീയ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. ഉച്ചയ്ക്ക് ഗുരുപൂജയും വിവിധ സമർപ്പണങ്ങളും നടക്കും. വൈകുന്നേരം 6ന് ആരാധനയ്ക്ക് ശേഷം പുഷ്പസമർപ്പണവും തുടർന്ന് ദീപപ്രദക്ഷിണവും ഉണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ