- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനഡ് യോഗത്തിൽ വോട്ടെടുപ്പു പൂർത്തിയാക്കി
കൊച്ചി: സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. പല പേരുകളും വാർത്തകളായി പുറത്തുവരുന്നുണ്ടെങ്കിലും ഔദ്യാഗിക അറിയിപ്പു പുറത്തുവന്നിട്ടില്ല. ഇന്നലെ സിനഡ് യോഗം വോട്ടെടുപ്പ് പൂർത്തിയാക്കിയിരുന്നു. വത്തിക്കാന്റെ അന്തിമ അനുമതി ലഭിച്ച ശേഷമാണ് പ്രഖ്യാപനം നടത്തുക.
80 വയസ്സിന് താഴെയുള്ള 53 ബിഷപ്പുമാരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. എറണാകുളം അങ്കമാലി അതിരൂപതയിലെയും സഭയിലെയും വിവിധ പ്രശ്നങ്ങളെ തുടർന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി രാജിവച്ച പശ്ചാത്തലത്തിലാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് നടന്നത്. തിങ്കളാഴ്ച ആരംഭിച്ച സിനഡ് യോഗത്തിലെ തിരഞ്ഞെടുപ്പ് നടപടികൾ ഇന്നലെ രാത്രി ഒമ്പതോടെ പൂർത്തിയായി.
മൂന്നിൽ രണ്ട് വോട്ട് നേടുന്ന ബിഷപ്പാണ് വിജയിയാകുക. നടപടികൾ പൂർത്തിയായെന്നും തിരഞ്ഞെടുത്ത വിവരം വത്തിക്കാനെ അറിയിച്ചതായും സഭാവൃത്തങ്ങൾ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടയാളുടെ സമ്മതമുൾപ്പെടെ വത്തിക്കാനെ അറിയിച്ചു. മാർപ്പാപ്പ പേര് അംഗീകരിച്ചശേഷം ഔദ്യോഗികപ്രഖ്യാപനവും സ്ഥാനാരോഹണ തീയതിയും സമയവും സ്ഥലവും പ്രഖ്യാപിക്കും. പന്ത്രണ്ട് വർഷത്തെ ഭരണനിർവഹണത്തിനു ശേഷം കർദിനാൾ മാർ ജോർജ് ആലഞ്ചേരി രാജിവെച്ചതോടെയാണ് പുതിയ മേജർ ആർച്ച് ബിഷപ്പ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, തൃശ്ശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. എന്നാൽ, ആരേയും നാമനിർദ്ദേശം ചെയ്യാതെ രഹസ്യസ്വഭാവം നിലനിർത്തിയാണ് വോട്ടെടുപ്പ് നടന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ബിഷപ്പിന്റെ സ്ഥാനാരോഹണം എന്ന് ഉണ്ടാകുമെന്നതിൽ വ്യക്തതയില്ല. സഭാ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണു സ്ഥാനാരോഹണം നടക്കേണ്ടത്. ബസിലിക്ക അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ കീഴ്‌വഴക്കം പാലിക്കുമോ അതോ പുതിയ തീരുമാനങ്ങൾ ഉണ്ടാവുമോ എന്നും വിശ്വാസികൾ ഉറ്റുനോക്കുന്നു.
ഇതിനിടെ, വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽനിന്നുള്ള ഒരു മലയാളി വൈദികൻ ഇന്നലെ സഭാ ആസ്ഥാനത്തെത്തി സഭാ അഡ്‌മിനിസ്ട്രേറ്റർക്ക് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിയുടെ സന്ദേശം കൈമാറിയതായി സൂചനയുണ്ട്. ബസിലിക്ക തുറക്കുന്ന കാര്യവും സഭാവൃത്തങ്ങൾ ചർച്ച ചെയ്തതായി അറിയുന്നു.