- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാബലിയെ എതിരേറ്റ് തൃക്കാക്കരയിലെ ഓണം; തിരുവോണസദ്യ ഉണ്ണാൻ വിശ്വാസി പ്രവാഹം; വാമനമൂരത്തി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ചടങ്ങുകളും; ആഘോഷവും ഭക്തിയും ഇഴ ചേരുന്ന മഹാബലിക്ക് മോഷം കിട്ടിയ ദേശം; ഓണത്തപ്പനെ വരവേറ്റ് കേരളം; ഒരുമയുടേയും പ്രതീക്ഷയുടേയും സേേന്ദശവുമായി തൃക്കാക്കര തിരുവോണാഘോഷ നിറവിൽ
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ഇല്ലായ്മകളും പ്രതിസന്ധികളും മറന്ന് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണം. വറുതിയുടെ കർക്കിടകത്തിനു ശേഷം സമൃദ്ധിയുടെ പൊന്നോണമെത്തുമ്പോൾ നാടും നഗരവും ആഘോഷത്തിമിർപ്പിലാണ്. മഹാബലി തന്റെ പ്രജകളെ കാണുവാൻ വർഷത്തിലൊരിക്കൽ എത്തുന്ന ദിവസമാണ് ഓണം എന്നാണ് ഐതീഹ്യം. തിരുവോണ ദിനമായ ഇന്ന് തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിൽ പ്രത്യേകം ചടങ്ങുകളും നടക്കും. മഹാബലിയെ എതിരേൽക്കുന്നതാണ് ഇതിൽ പ്രധാന ചടങ്ങ്. തൃക്കാക്കരയിൽ വച്ചാണ് മഹാബലിക്ക് വാമനൻ മോക്ഷം നൽകിയതെന്നാണ് പ്രധാന വിശ്വാസം.
തൃക്കാക്കര ക്ഷേത്രത്തിലെ തിരുവോണ ഉത്സവത്തിന്റെ ഭാഗമായി തൃക്കാക്കരയപ്പനു തിരുമുൽക്കാഴ്ച സമർപ്പിച്ചു. ഐശ്വര്യത്തിനും ശ്രേയസ്സിനും േവണ്ടി നൂറുകണക്കിനാളുകൾ ഭഗവാനു തിരുമുൽക്കാഴ്ച സമർപ്പിച്ചു. ദേവനു മുന്നിൽ ക്ഷേത്രം മേൽശാന്തി ഭഗവാന്റെ ഇഷ്ട നിവേദ്യമായ കദളിക്കുല സമർപ്പിച്ചതോടെയാണു തിരുമുൽക്കാഴ്ച സമർപ്പണത്തിനു തുടക്കം കുറിച്ചത്. മന്ത്രി പി രാജീവും ചടങ്ങുകൾക്ക് എത്തി. നിരവധി പേർ കാർഷിക വിഭവങ്ങൾ കാഴ്ചയായി സമർപ്പിച്ചു. 9 ഗജവീരന്മാർ അണിനിരന്ന ശ്രീബലി എഴുന്നള്ളിപ്പും പകൽപ്പൂരവും ഉത്രാടദിനാഘോഷങ്ങൾക്കു മിഴിവേകി. തിരുവോണദിനമായ ഇന്ന് 7.30നു മഹാബലിയെ എതിരേൽക്കും. 8.30 മുതൽ ശ്രീബലി എഴുന്നള്ളിപ്പ്. 10.30നു പ്രസിദ്ധമായ തിരുവോണസദ്യ.
ഓണവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള ക്ഷേത്രമാണ് തൃക്കാക്കര വാമന മൂർത്തി ക്ഷേത്രം. എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് ഈ ക്ഷേത്രമുള്ളത്. ഇന്ത്യയിൽ തന്നെ വളരെ കുറച്ചു ക്ഷേത്രങ്ങളിൽ മാത്രമാണ് വാമന പ്രതിഷ്ഠയുള്ളത്. ഓണത്തിന്റെ ഐതീഹ്യവും ഓണാഘോഷത്തിന്റെ തുടക്കവുമെല്ലാം തൃക്കാക്കരയുമായി ബന്ധപെട്ടു കിടക്കുന്നതാണ്. അതിനാൽ മറ്റൊരു ക്ഷേത്രത്തിനും ഓണവുമായി ഇത്രയും ബന്ധമുണ്ടാകില്ല. അതുകൊണ്ട് തന്നെ തൃക്കാക്കര ദേശത്തുള്ളവർക്ക് ഓണം ഒരു ആഘോഷം മാത്രമല്ല, ഭക്തിയോടൊപ്പം ഇഴ ചേർന്നതാണ്. മലയാളികൾക്ക് കൂട്ടായ്മയുടെ ഉത്സവം കൂടിയാണ് ഓണം. ജാതി മത ഭേദമന്യേ ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ, ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കുന്നു. പൂക്കളവും പുലികളിയും ഓണസദ്യയുമൊക്കെയായി കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പമാണ് മലയാളികളുടെ ഓണാഘോഷം.
വാമന പ്രതിഷ്ഠയോടൊപ്പം മഹാദേവനും തൃക്കാക്കരയിൽ കുടികൊള്ളുന്നു. ഇതിൽ മഹാദേവന്റെ വിഗ്രഹം ഏറെ പഴക്കമുള്ളതാണ്, തികഞ്ഞ ശിവ ഭക്തനായിരുന്ന മഹാബലി ഇവിടെയെത്തി ആരാധന നടത്തിയിരുന്നുവെന്നാണ് വിശ്വാസം. മഹാബലിക്കും ഈ ക്ഷേത്രത്തിൽ പ്രത്യേക സ്ഥാനമുണ്ട്. തമിഴ് പാരമ്പര്യമുള്ള വൈഷ്ണവ ഭക്ത കവികളായ ആഴ്‌വാന്മാർ അവരുടെ രചനകളിൽ പരാർശിച്ചിട്ടുള്ള നൂറ്റെട്ട് പുണ്യ ദേശങ്ങളിൽ ഒന്നാണ് എറണാകുളത്തെ തൃക്കാക്കര ദേശം. 'തിരുകാൽക്കര' എന്ന വാക്ക് ലോപിച്ചാണ് തൃക്കാക്കര എന്ന പേരുണ്ടായത് എന്നാണ് വിശ്വാസം. മഹാവിഷ്ണു വാമന രൂപത്തിൽ എത്തിയ സ്ഥലമായതിനാലാണ് തൃക്കാൽക്കര എന്നറിയപ്പെടുന്നതെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു.
കപില മഹർഷി മഹാവിഷ്ണുവിനെ ധ്യാനിച്ച് കഠിന തപസ്സ് ചെയ്തത് ഇവിടെയെണെന്നും അനുഗ്രഹം നൽകിയ മഹാവിഷ്ണുവിനോട് മഹർഷി വരമായി ചോദിച്ചത് തൃക്കാക്കരയിൽ കുടികൊള്ളാനാണ്. അങ്ങനെ പിന്നീട്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം കേട്ടറിഞ്ഞ കപിലമഹർഷിമഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി കഠിനതപസ്സ് ചെയ്യാൻ ഇവിടെയെത്തി. ഏറെനാൾ നീണ്ടുനിന്ന കഠിനതപസ്സിനൊടുവിൽ ഭഗവാൻ അദ്ദേഹത്തിന് ദർശനം നൽകി. മഹർഷിയുടെ ആഗ്രഹപ്രകാരം ഭഗവാൻ ഇവിടെത്തന്നെ നിത്യവാസം കൊള്ളാൻ തീരുമാനിച്ചു. അങ്ങനെയാണ് ഈ ദേശം തൃക്കാൽക്കരയായി എന്നാണ് വിശ്വാസം.
ശർക്കരയും പഴവും തേങ്ങയും ചേർത്തുണ്ടാക്കിയ അട നേദിക്കുന്നതാണ് തൃക്കാക്കരയപ്പന് പ്രിയം എന്നാണ് വിശ്വാസം. ചിലർ അടയിൽ ശർക്കര ചേർക്കാതെ പഞ്ചസാര ചേർത്ത് പൂവടയും നേദിക്കും. ഒന്നാം ഓണം പുത്തൻ അഞ്ചാം ഓണം വരെ ഓണത്തപ്പനെ പൂജിക്കും. എന്നും രാവിലെയും വൈകുന്നേരവുമാണ് പൂജിക്കുക. കേരളത്തിൽ മറ്റൊരിടത്തും വാമനമൂർത്തിയുടെ പ്രതിഷ്ഠ ഇല്ലെന്നതും ശ്രദ്ധേയമാണ്.
മറുനാടന് മലയാളി ബ്യൂറോ