- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളിയുടെ മതമൈത്രിയുടെ പ്രതീകമായി എരുമേലി ചന്ദനക്കുടം ഉത്സവം ഇന്ന്; ചന്ദനക്കുട ഘോഷയാത്രയ്ക്ക് പേട്ട ശാസ്താ ക്ഷേത്രത്തിലും എരുമേലി ധർമശാസ്താ ക്ഷേത്രത്തിലും ആചാരാനുഷ്ഠാനങ്ങളോടെ സ്വീകരണം: അമ്പലപ്പുഴ, ആലങ്ങാടു സംഘങ്ങളുടെ പേട്ടതുള്ളൽ നാളെ
എരുമേലി: മതസൗഹാർദത്തിന്റെയും ആത്മബന്ധങ്ങളുടെയും പുണ്യവുമായി ഇന്ന് എരുമേലിയിൽ ചന്ദനക്കുട ഉത്സവം നടക്കും. നാളെയാണ് പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ. ചൊവ്വാഴ്ച വൈകീട്ട് 4.30-ന് നൈനാർ മസ്ജിദ് ഓഡിറ്റോറിയത്തിൽ അമ്പലപ്പുഴ പേട്ടതുള്ളൽ സംഘവും ജമാഅത്ത് ഭാരവാഹികളുമായി സൗഹൃദ സംഗമം നടക്കും. ശേഷം 6.30-നാണ് മസ്ജിദ് അങ്കണത്തിൽ ഘോഷയാത്രയ്ക്ക് മുന്നോടിയായുള്ള സമ്മേളനം. ഉദ്ഘാടനവും ഘോഷയാത്ര ഫ്‌ളാഗോഫും മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. ജമാഅത്ത് പ്രസിഡന്റ് ഹാജി പി.എ.ഇർഷാദ് അധ്യക്ഷതവഹിക്കും.
ഏഴുമണിക്ക് ശേഷമാണ് ഘോഷയാത്ര ആരംഭിക്കുന്നത്. പേട്ടശാസ്താ ക്ഷേത്രത്തിലും ധർമശാസ്താ ക്ഷേത്രത്തിലും ആചാരാനുഷ്ഠാനങ്ങളോടെ ഘോഷയാത്രയെ സ്വീകരിക്കും.
പുലർച്ചെ മൂന്നുമണിയോടെ ചന്ദനക്കുടം ഘോഷയാത്ര തിരികെ പള്ളി അങ്കണത്തിൽ സമാപിക്കും. ഐതിഹ്യപ്പെരുമയുള്ള അമ്പലപ്പുഴ, ആലങ്ങാട് പേട്ടതുള്ളലും സൗഹൃദംപകരുന്ന ചന്ദനക്കുടവും സമഭാവനയുടെ ഉൽസവംകൂടിയാണ്.
ബുധനാഴ്ചയാണ് അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ. സമൂഹപെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ള അമ്പലപ്പുഴ സംഘത്തെ നയിക്കും. അമ്പാടത്ത് എ.കെ.വിജയകുമാറാണ് ആലങ്ങാട് യോഗം പെരിയോൻ. ആദ്യം പേട്ടതുള്ളുന്നത് അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴക്കാരാണ്. രണ്ടാമതാണ് പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ. എരുമേലി പേട്ട ശാസ്താക്ഷേത്രത്തിൽനിന്നുമാണ് പേട്ടതുള്ളൽ തുടങ്ങുന്നത്.
വർണങ്ങൾ തേച്ച് രൗദ്രഭാവത്തോടെയാണ് അമ്പലപ്പുഴ പേട്ടതുള്ളലെങ്കിൽ ഭസ്മവും കളഭവും ചാർത്തി താളാത്മകമായാണ് ആലങ്ങാട് സംഘത്തിന്റെ പേട്ട. നൈനാർ മസ്ജിദിന് (വാവരുപള്ളി) വലംവെച്ച് ധർമശാസ്താ ക്ഷേത്രത്തിൽ പേട്ടതുള്ളൽ സമാപിക്കും. മസ്ജിദിൽനിന്ന് വാവരുസ്വാമിയുടെ പ്രതിനിധിയെ ഒപ്പംകൂട്ടിയാണ് അമ്പലപ്പുഴ സംഘം ധർമശാസ്താ ക്ഷേത്രത്തിലേക്ക് നീങ്ങുന്നത്. വാവരുസ്വാമി അമ്പലപ്പുഴ സംഘത്തിനൊപ്പം പോയെന്ന വിശ്വാസത്തിൽ ആലങ്ങാട് സംഘം മസ്ജിദിനെ വണങ്ങി ധർമശാസ്താ ക്ഷേത്രത്തിലേക്ക് നീങ്ങും. രണ്ടു സംഘങ്ങളും കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ കാൽനടയായാണ് സന്നിധാനത്തെത്തുക.