ശബരിമല: ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ തിരക്ക് കൂടിയതോടെ പത്താം തിയതി മുതൽ സ്‌പോട്ട് ബുക്കിങ് സംവിധാനം ഇല്ല. 10 മുതൽ സ്‌പോട്ട് ബുക്കിങ് സംവിധാനം പൂർണമായി ഒഴിവാക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. പമ്പയുൾപ്പെടെ ദേവസ്വംബോർഡിന്റെ ഒരു കേന്ദ്രങ്ങളിലും ഇനി നട അടയ്ക്കുന്നതുവരെ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ല.

വെർച്വൽ ക്യൂവിലെ ബുക്കിങ് പരിധി 14-ന് 50,000 ആക്കി കുറച്ചു. മകരവിളക്ക് ദിനമായ 15-ന് 40,000 പേർക്ക് മാത്രമെ അനുമതിയുള്ളൂ. നേരത്തെ, ഈ രണ്ടുദിവസങ്ങളിലും വെർച്വൽ ക്യൂ 80,000 വീതവും 10,000 പേർക്ക് വീതം സ്‌പോട്ട് ബുക്കിങ്ങുമായിരുന്നു നിശ്ചയിച്ചിരുന്നത്.

14, 15 തീയതികളിൽ വലിയ തിരക്ക് ഉണ്ടാകുമെന്നതിനാൽ സ്ത്രീകളും കുട്ടികളും അന്നേദിവങ്ങളിൽ ശബരിമലദർശനം ഒഴിവാക്കുന്നത് അഭികാമ്യമായിരിക്കുമെന്നും ബോർഡ് അഭ്യർത്ഥിച്ചിട്ടുണ്ട്.