- Home
- /
- Religion
- /
- SABARIMALA
തിരുവാഭരണ ഘോഷയാത്ര ഇന്ന്
- Share
- Tweet
- Telegram
- LinkedIniiiii
പന്തളം: മകരസംക്രമസന്ധ്യയിൽ ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പന്തളത്തുനിന്നും പുറപ്പെടും. പരമ്പരാഗത പാതയിലൂടെ കാൽനടയായി നീങ്ങുന്ന ഘോഷയാത്ര 15നു വൈകുന്നേരം ശബരിമലയിലെത്തും. പുത്തന്മേട കൊട്ടാരത്തിനു മുമ്പിൽനിന്ന് ഉച്ചയ്ക്ക് ഒരുമണിക്കുതിരിക്കുന്ന ഘോഷയാത്രാസംഘം ആദ്യദിവസം അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ വിശ്രമിക്കും. രണ്ടാംദിവസം ളാഹ വനംവകുപ്പുസത്രത്തിലാണ് താവളം. മൂന്നാംദിവസം ശബരിമലയിൽ എത്തിച്ചേരും
കൊട്ടാരത്തിൽ നിന്നും എത്തിക്കുന്ന തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന നടക്കുമ്പോഴാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുക. പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങൾ പ്രത്യേക പേടകങ്ങളിലാക്കി ആഘോഷപൂർവം എത്തിക്കുകയെന്നത് പരമ്പരാഗത ആചാരമാണ്. ഇന്നു രാവിലെ കൊട്ടാരത്തിലെ സുരക്ഷാമുറിയിൽ നിന്നും തിരുവാഭരണങ്ങൾ ദേവസ്വം ബോർഡിനു കൈമാറും.
പിന്നീട് തിരുവാഭരണങ്ങൾ പേടകങ്ങളിലേക്കു മാറ്റും. തുടർന്ന് തിരുവാഭരണ പേടകങ്ങൾ തിരുമുറ്റത്തേക്ക് എഴുന്നള്ളിക്കും. പുത്തന്മേട തിരുമുറ്റത്ത് അലങ്കരിച്ച പന്തലിൽ പേടകങ്ങൾ വയ്ക്കും. 12.30വരെ പൊതുജനങ്ങൾക്കു തിരുവാഭരണങ്ങൾ ദർശിക്കാം. വാദ്യമേളങ്ങളുടെയും ശരണംവിളികളുടെയും അകമ്പടിയോടെ ഉച്ചയ്ക്ക് ഒന്നിന് ഘോഷയാത്ര പുറപ്പെടും.
പന്തളം രാജകുടുംബാംഗം അംബിക തമ്പുരാട്ടിയുടെ നിര്യാണത്തെ തുടർന്ന് ആശൂലമായതിനാൽ വലിയകോയിക്കൽ ക്ഷേത്രവും സ്രാമ്പിക്കൽ കൊട്ടാരവും അടച്ചിരിക്കുന്നതിനാൽ ഇത്തവണത്തെ ഘോഷയാത്ര ക്രമീകരണങ്ങളിലും മാറ്റമുണ്ടാകും. ഇത്തവണ രാജപ്രതിനിധിയില്ലാതെയാണ് ഘോഷയാത്ര പോകുന്നത്.
രാജകുടുംബാംഗങ്ങൾ ആരുംതന്നെ ഇത്തവണ ഘോഷയാത്ര ചടങ്ങുകൾക്കുണ്ടാകില്ല.