- Home
- /
- Religion
- /
- SABARIMALA
ഭക്തർക്കു നിർവൃതിയായി മകരജ്യോതി ദർശനം
- Share
- Tweet
- Telegram
- LinkedIniiiii
ശബരിമല: അയ്യപ്പ ഭക്തർക്ക് ദർശനസായൂജ്യമേകി ശബരിമലയിൽ മകരജ്യോതി ദർശനം. ശബരിമല സന്നിധാനത്തും മറ്റ് വ്യൂ പോയിന്റുകളിലും ഉൾപ്പെടെ പതിനായിരക്കണക്കിന് അയ്യപ്പഭക്തരാണ് മകരജ്യോതി ദർശിച്ചത്. ദീപാരാധനയ്ക്ക് ശേഷം ആറരയോടെ നടതുറന്നു. തുടർന്ന് ആയിരങ്ങൾ ശരണമന്ത്രങ്ങളുമായി കാത്തുനിൽക്കെ പൊന്നമ്പലമേട്ടിൽ വൈകിട്ട് 6.46ഓടെ മകരജ്യോതി തെളിഞ്ഞത്. ഉച്ചത്തിൽ മുഴങ്ങിയ ശരണംവിളികളുടെ അകമ്പടിയിൽ ഭക്തർ മൂന്നുതവണ മകരജ്യോതി ദർശിച്ചു.
കിഴക്കനാകാശത്തു സന്ധ്യ തെളിച്ച നെയ്ത്തിരിനാളം പോലെ മകരനക്ഷത്രമുദിച്ചപ്പോൾ ദൂരെ പൊന്നമ്പലമേടിന്റെ നെറുകയിൽ മകരജ്യോതി ദർശിച്ച മാത്രയിൽ ലക്ഷക്കണക്കിനു കണ്ഠങ്ങളിൽനിന്നുയർന്ന ശരണമന്ത്രം കാടുകൾക്കു മേൽ കടൽ പോലെ പരന്നപ്പോൾ പതിനെട്ടു മലകളും മലദൈവങ്ങളും ഭൂതഗണങ്ങളും നമ്രശിരസ്കരായി. കാടും കാറ്റും കാട്ടാറുകളും അതേറ്റുവിളിച്ചു. ശരണം വിളികളോടെ കൈകൾ കൂപ്പി പതിനായിരകണക്കിന് അയ്യപ്പഭക്തർ മകരജ്യോതി ദർശിച്ച് സായുജ്യമടഞ്ഞു.
ഒരേയൊരു മനസ്സോടെ ശരണം വിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദർശനപുണ്യം നേടിയ സംതൃപ്തിയോടെ ഇനി മലയിറങ്ങുക. മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരിമല സന്നിധാനവും വ്യൂ പോയന്റുകളും തീർത്ഥാടകരാൽ നിറഞ്ഞിരുന്നു.
ഇന്ന് പുലർച്ചെ 2.30ന് മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകൾക്ക് തുടക്കമായത്. വൈകിട്ട് 6.20ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. തുടർന്ന് 6.30 ഓടെ തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറി. തുടർന്ന് സന്നിധാനത്തെ ശ്രീകോവിലിൽ സർവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന. തൊട്ടു പുറകെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞപ്പോൾ സന്നിധാനത്തുനിന്നും ശരണം വിളികൾ ഉയർന്നു മുഴങ്ങി.
തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് നടതുറന്നത്. മകരസംക്രമസന്ധ്യയിൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നെത്തിയ ഘോഷയാത്ര വൈകിട്ടോടെ ശരംകുത്തിയിലെത്തിയിരുന്നു. അവിടെനിന്ന് ദേവസ്വം പ്രതിനിധികൾ യാത്രയെ വാദ്യമേളങ്ങൾ, വെളിച്ചപ്പാട് എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. കൊടിമരച്ചുവട്ടിൽ വച്ച് ഘോഷയാത്രയെ സ്വീകരിച്ചു. സോപാനത്തിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങിയ തിരുവാഭരണങ്ങൾ അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തി. അതിനുപിന്നാലെയാണ് പൊന്നമ്പല മേട്ടിൽ മകരവിളക്കു തെളിഞ്ഞത്.
മകരവിളക്കിന് മുന്നോടിയായി സന്നിധാനത്തെയും പരിസരത്തെയും ഒരുക്കങ്ങൾ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വിലയിരുത്തിയിരുന്നു.സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 11:30 മുതൽ പമ്പയിൽ നിന്ന് ആരെയും കയറ്റി വിട്ടിട്ടില്ല. 40000 ആയി വെർച്വൽ ക്യൂ നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ദിവസങ്ങൾക്കു മുന്നേ സന്നിധാനത്ത് എത്തിയവർ പർണ്ണശാലകൾ കെട്ടി ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി തമ്പടിച്ചിരിക്കുകയാണ്. വിവിധ ദേശ, ഭാഷ, സംസ്കാരം, ഉള്ളവരുടെ ഒരു മനസ്സോടെയുള്ള കാത്തിരിപ്പാണ് മകരജ്യോതി ദർശനത്തോടെ പൂർണ്ണതയിലെത്തിയത്.
മകരജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും വലിയ ഭക്തജനപ്രവാഹമാണ് അനുഭവപ്പെട്ടത്. നേരത്തെ സന്നിധാനത്ത് എത്തിയ ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയായിരുന്നു. മകരജ്യോതി ദർശനത്തോടെ ഭക്തർ ഇനി മലയിറങ്ങി തുടങ്ങും.ഒന്നര ലക്ഷത്തിൽ അധികം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് എത്തിയെന്നാണ് വിലയിരുത്തൽ. ഇതിന് പുറമെ മറ്റിടങ്ങളിലും പതിനായിരകണക്കിനുപേരാണ് മകരവിളക്ക് ദർശിച്ചത്. മകരവിളക്കിന് മുന്നോടിയായി സന്നിധാനത്ത് ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
മകരജ്യോതി ദർശിക്കാൻ 10 വ്യൂ പോയിന്റുകളാണാണ് ഒരുക്കിയിരുന്നത്.മകരവിളക്ക് ദർശനത്തിന് ശബരിമല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന പുല്ലുമേട്ടിലും പതിനായിരങ്ങൾ മകരജ്യോതി ദർശിച്ചു. പുല്ലുമേടിന് പുറമെ പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. എട്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 1400 പൊലീസുകാരെ ജില്ലയിൽ വിവിധ ഭാഗത്ത് സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. പുല്ലുമേട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു. സത്രം, കാനന പാത, വള്ളക്കടവ് ചെക്ക്പോസ്റ്റ് എന്നിവിടങ്ങൾ വഴി പുല്ലുമേട്ടിലേക്ക് ഉച്ചയ്ക്ക് 2 വരെയാണ് മാത്രമേ ആളുകളെ കടത്തി വിട്ടത്.
തിരുവാഭരണം ചാർത്തി 18 ാം തീയതി വരെ അയ്യപ്പനെ ദർശിക്കാം. 19 ാം തീയതി വരെയാണ് നെയ്യഭിഷേകം. 19 ന് മണിമണ്ഡപത്തിൽനിന്നു ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. 20 ന് രാത്രി 10 ന് മാളികപ്പുറത്ത് വലിയ ഗുരുതി. 20 ന് രാത്രി നടയടയ്ക്കും വരെ ദർശനമുണ്ടാകും. 21ന് പുലർച്ചെയാണ് തിരുവാഭരണ പേടകം പന്തളത്തേക്കുള്ള മടക്കയാത്ര തുടങ്ങുന്നത്. പേടകത്തെ യാത്രയാക്കിയ ശേഷം അയ്യപ്പ വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി യോഗദണ്ഡും രുദ്രാക്ഷമാലയും ധരിപ്പിച്ച് നടയടയ്ക്കും. അതോടെ ഭഗവാൻ യോഗനിദ്രയിലാകുന്നുവെന്നാണ് വിശ്വാസം.