- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ നടവരവ് 310.40 കോടി രൂപ കവിഞ്ഞു; അരവണ വിൽപ്പനയിൽ നിന്നും മാത്രം ലഭിച്ചത് 141 കോടിയോളം രൂപ; മകരവിളക്കിന് കൂടുതൽ തീർത്ഥാടകർ എത്തുന്നത് മുന്നിൽകണ്ട് പരമാവധി സൗകര്യങ്ങളും ഒരുക്കി ദേവസ്വം ബോർഡ്
ശബരിമല: മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിലെ ആകെ വരുമാനം 310.40 കോടി രൂപ. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മകരവിളക്കുത്സവത്തിനു മുന്നോടിയായി സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആകെയുള്ള 310,40,97309 രൂപയിൽ 231,55,32006 രൂപ മണ്ഡലകാലത്തെയും 78,85,65303 രൂപ മകരവിളക്ക് കാലത്തെയും വരുമാനമാണ്. അരവണ വിൽപ്പനയിൽനിന്ന് മണ്ഡലകാലത്ത് 107,85,15970 രൂപയും മകരവിളക്ക് കാലത്ത് 32,93,74900 രൂപയുമാണ് ദേവസ്വത്തിന് ലഭിച്ചത്.
മകരവിളക്കുത്സവത്തോടനുബന്ധിച്ച് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര 14ന് വൈകിട്ട് അഞ്ച് മണിയോടെ ശരംകുത്തിയിൽ എത്തും. ഘോഷയാത്രയെ ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തിരുവാഭരണങ്ങൾ അണിയിച്ചുകൊണ്ടുള്ള ദീപാരാധന വൈകിട്ട് 6.30 നാണ്. തുടർന്ന് മകരവിളക്കും രാത്രി 8.45ന് മകരസംക്രമ പൂജയും നടക്കും.
മകരവിളക്കിന് കൂടുതൽ തീർത്ഥാടകർ എത്തുന്നത് മുന്നിൽകണ്ട് പരമാവധി സൗകര്യങ്ങൾ ദേവസ്വവും സർക്കാരിന്റെ വിവിധ വകുപ്പുകളും ഒരുക്കിയിട്ടുണ്ട്. സംതൃപ്തികരവും സമാധാനകരവും സുഗമവുമായ തീർത്ഥാടനം ഉറപ്പാക്കാനുള്ള നടപടികളാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മകരവിളക്കു ദർശനത്തിന് ഓരോ പോയിന്റുകളിലും പരമാവധി തങ്ങാൻ കഴിയുന്ന ഭക്തരുടെ എണ്ണം പൊലീസ് നിശ്ചയിച്ചിട്ടുണ്ട്. പാണ്ടിത്താവളത്തിൽ 26,000, ശ്രീകോവിൽ തിരുമുറ്റം 3,000 എന്നിങ്ങനെ ഉൾക്കൊള്ളുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ബാരിക്കേഡുകൾ, ലൈറ്റ്, വൈദ്യസഹായം, കുടിവെള്ളം, സ്‌ട്രെച്ചർ, ഓക്‌സിജൻ സിലിണ്ടറുകൾ തുടങ്ങിയ സജ്ജീകരണങ്ങൾ ഏർപ്പെടുത്തും. ആരോഗ്യ സംവിധാനങ്ങൾ ശക്തമാക്കും. ഏറ്റവും കൂടുതൽ ഭക്തർ എത്തുന്ന പാണ്ടിത്താവളത്ത് ആരോഗ്യ വകുപ്പ് താൽക്കാലിക ആശുപത്രി തുറക്കും. ഇവിടെ അടിയന്തര ചികിത്സാ സംവിധാനം ഉണ്ടാകും. പാണ്ടിത്താവളം എമർജൻസി മെഡിക്കൽ സെന്ററിൽ എല്ലാവിധ സജ്ജീകരണങ്ങളും ഏർപ്പെടുത്തി. 4 സ്റ്റാഫ് നഴ്‌സ്, ഓക്‌സിജൻ സിലിണ്ടർ സൗകര്യവും ഉണ്ട്.
അപകടത്തിൽനിന്നുള്ള പരുക്കിന്റെ ആഘാതം അനുസരിച്ച് ഗ്രീൻ, യെലോ, റെഡ് വിഭാഗങ്ങളിലായി രോഗികളെ തിരിച്ച് ടാഗ് ചെയ്തായിരിക്കും ചികിത്സ ലഭ്യമാക്കുക. റെഡ്, യെലോ വിഭാഗത്തിൽ ഉള്ളവരെ മാത്രമേ സന്നിധാനത്തെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിക്കൂ. ഗ്രീൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ബംഗ്ലാവിൽ പ്രവേശിപ്പിക്കും. ഗ്രീൻ സോണിലുള്ള കൂടുതൽ രോഗികളെ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ സന്നദ്ധ പ്രവർത്തകരുടെ ആശുപത്രിയുടെ സേവനം പ്രയോജനപ്പെടുത്തും. രണ്ട് ഡോക്ടർമാർ ഉൾപ്പെടെ 15 കിടക്കയുള്ള സൗകര്യമാണ് ഇവിടെയുള്ളത്.
20 കിടക്ക സഹാസ് കാർഡിയോളജി ആശുപത്രിയും പ്രയോജനപ്പെടുത്തും. ഒരു ആംബുലൻസ് സന്നിധാനം ആശുപത്രിക്കു മുന്നിലും മറ്റൊരു ഓഫ് റോഡ് ആംബുലൻസ് പാണ്ടിത്താവളത്തും സജ്ജമാക്കും.തിരക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ പൊതുവായ നിർദേശങ്ങളും അറിയിപ്പുകളും നൽകുന്നതിനു പകരം മെഗാഫോൺവഴി പ്രത്യേക നിർദേശങ്ങൾ നൽകും. ട്രാക്ടറുകളിൽ ഗ്യാസ് സിലിണ്ടറുകളും അടുപ്പും കൊണ്ടുപോകുന്നതും തടഞ്ഞു. ഇതുമായി ബന്ധപ്പെട്ടു വനം വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കും. കടകളിൽ വലിയ പാത്രങ്ങൾ വിൽക്കുന്നത് തടഞ്ഞു.
ഭക്തർ വരി നിൽക്കുന്ന യു-ടേണുകളിൽ ബാരിക്കേഡിന്റെ ഉയരം കൂട്ടുന്നതിനു നടപടി സ്വീകരിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനായി വനം വകുപ്പിന്റെയും പൊലീസിന്റെയും ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളും ശക്തമാക്കി.ജ്യോതി ദർശനത്തിനുശേഷം ഭക്തർ മടങ്ങുന്ന വഴികളുടെ എണ്ണം കൂട്ടും. പാണ്ടിത്താവളത്തിൽ നിന്നെത്തുന്നവരെ രണ്ട് വഴികളിലേക്കായി തിരിച്ചുവിട്ട് തിരക്ക് കുറയ്ക്കും. ബാരിക്കേഡുകൾ ശക്തമാക്കും.പമ്പയിലേക്കുള്ള വഴി എന്ന ബോർഡുകൾ ഇന്ന് സ്ഥാപിക്കും. ഭക്തർ നുഴഞ്ഞു കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിക്കാനാണു പരിപാടി. കൂടുതൽ ലൈറ്റുകളും സ്‌പോട്ട് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ