ശ്രീകണ്ഠാപുരം: ശബരിമല നിയുക്ത മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരി ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഇരുമുടി കെട്ടും നിറച്ച് ശബരിമലയിലേക്ക് പുറപ്പെട്ടു. നെയ്തേങ്ങയിൽ നെയ്നിറച്ചു ഇരുമുടി കെട്ടുനിറച്ചാണ് അദ്ദേഹം ഇന്ന് ശബരിമലയിലേക്ക് പ്രയാണമാരംഭിച്ചത്.

ഇന്ന് രാവിലെ ശ്രീകണ്ഠാപുരം കോട്ടൂരിലെ കൊട്ടാരം ഇല്ലത്തിലെ വീട്ടുമുറ്റത്തെ ശബരിമല മാതൃകയിലുണ്ടാക്കിയ പതിനെട്ടാംപടിയുള്ള മണ്ഡപത്തിന് മുൻപിൽ വച്ചാണ് ഇരുമുടിക്കെട്ടു നിറച്ചത്. അയ്യപ്പശരണം വിളികളോടെ ഭക്തി നിർഭരമായ അന്തരീക്ഷത്തോടെയാണ് കൊട്ടാരം ഇല്ലത്ത് ഒരു വർഷം നീളുന്ന തീർത്ഥാടനക്കാലത്തിന് മേൽശാന്തിയാകാൻ ജയരാമൻ നമ്പൂതൂരിപ്പാട് ശബരിമലയിലേക്ക് തിരിച്ചത്.

ഇന്ന് രാവിലെ ആഡൂർ മഹാശിവക്ഷേത്രത്തിലെ, മഹാരുദ്ര യഞ്ജത്തിന്റെ ഓഫിസിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. പതിനഞ്ചോളം സ്വാമിമാർ അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു. നിയുക്ത മേൽശാന്തിയുടെ കെട്ടുനിറയുടെ ഭാഗമായി മേൽശാന്തിയുടെ ചെറിയച്ഛൻ മഹേശൻ നമ്പൂതിരി, ജ്യേഷ്ഠൻ മോഹനൻ നമ്പൂതിരി, ചിറ്റമ്മ ആര്യാ അന്തർജ്ജനം തുടങ്ങിയവർ അരിയിട്ടു അനുഗ്രഹം ചൊരിഞ്ഞു.

മേൽശാന്തിയുടെ കെട്ടുനിറ കാണാനെത്തിയവർക്ക് വിഭവസമൃദ്ധമായ സദ്യയും കൊട്ടാരം ഇല്ലത്ത് ഒരുക്കിയിരുന്നു. കഴിഞ്ഞ ആറുവർഷമായി ചൊവ്വ ശിവക്ഷേത്രത്തിലെ മേൽശാന്തിയാണ് ജയരാമാൻ നമ്പൂതിരി. ശബരിമല തന്ത്രിയിൽ നിന്നുമാണ് അദ്ദേഹം ഇത്തവണത്തെ ഉത്സവങ്ങൾക്ക് മേൽശാന്തിയായി ചുമതലയേൽക്കുക.