- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല കാനന പാതയിലെ സമയ നിയന്ത്രണങ്ങൾ തീർത്ഥാടകരെ വലയ്ക്കുന്നു; രാവിലെ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യം; രാത്രി യാത്രാ നിരോധനം കൂടി ഏർപ്പെടുത്തിയതോടെ ബുദ്ധിമുട്ടിലായത് കൂടുതലും ഇതര സംസ്ഥാന തീർത്ഥാടകർ
കോട്ടയം: കോട്ടയം -ഇടുക്കി ജില്ലകളിലൂടെ കടന്നു പോകുന്ന ശബരിമലയിലേയ്ക്കുള്ള പരമ്പരാഗത പാതയാണ് കാനനപാത. എരുമേലിയിൽ നിന്നും കോയിക്കകാവിലെ ഫോറസ്റ്റ് സ്റ്റേഷനിലെത്തി 38 കിലോമീറ്റർ ദൂരം യാത്ര ചെയ്താണ് പമ്പയിലെത്തുന്നത്. ശബരിമലയുമായി ബന്ധപ്പെട്ടുള്ള പ്രാചീനമായ പാതയാണിത്. കഴിഞ്ഞ കുറെ വർഷങ്ങളായി കാനനപാതയിലൂടെ തീർത്ഥാടനത്തിന് സമയനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോൾ എരുമേലിയിൽ നിന്നും വൈകിട്ട് നാല് വരെയാണ് കോയിക്കൽകാവ് വഴി ഭക്തരെ കടത്തി വിടുന്നത്. കോയിക്കൽകാവിൽ നിന്നും ഏഴ് കിലോമീറ്റർ ദൂരം വനത്തിലൂടെ യാത്ര ചെയ്ത് കാളകെട്ടി ശിവപാർവ്വതി ക്ഷേത്രത്തിലെത്തും. കാളകെട്ടിക്ക് സമീപമാണ് അഴുത. അഴുത കടവിൽ നിന്നും രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 12 വരെയാണ് യാത്ര അനുമതി. ഇടുക്കി ജില്ലയുടെ ഭാഗമായ മുക്കുഴിയിൽ നിന്നും രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ തീർത്ഥാടകരെ കടത്തി വിടും.
രാത്രി യാത്ര പൂർണമായും നിരോധിച്ചു. വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണി ഭയന്നാണ് നിരോധനം. വനംവകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ വളരെ കുറച്ചു തീർത്ഥാടകർ മാത്രമാണ് ഇതുവഴി കടന്നു പോകുന്നത്. കഴിഞ്ഞ വർഷം കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ കാനനപാത അടച്ചിട്ടത് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.
മുൻകാലങ്ങളിൽ കാട്ടാനയുടെ ആക്രമണം തീർത്ഥാടകർക്ക് നേരെയുണ്ടായിട്ടുണ്ട്. ഇതു കണക്കിലെടുത്താണ് രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സമയക്രമീകരണത്തിലെ നിയന്ത്രണങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഉൾപ്പെടെയെത്തുന്ന തീർത്ഥാടകരെ ആശയക്കുഴപ്പത്തിലാക്കുന്നു. തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്നതിനനുസരിച്ച് സമയക്രമത്തിൽ മാറ്റം വരുത്തുമെന്നാണ് സൂചന. 41 ന് തൊട്ടടുത്ത ദിവസങ്ങളിലും മകരവിളക്ക് കാലത്തുമാണ് കാനനപാത വഴി തീർത്ഥാടക പ്രവാഹം.
കാനനപാതകളിൽ ഇക്കോ ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള താൽക്കാലിക കടകൾ പ്രവർത്തനമാരംഭിച്ചു. ആരോഗ്യവകുപ്പിന്റെയും വനംവകുപ്പിന്റെയും സേവന ക്യാമ്പുകൾ ഭക്തർക്ക് സൗകര്യമൊരുക്കും. രാവിലെ കൂടുതൽ സമയം യാത്ര അനുവദിക്കണമെന്ന ആവശ്യം സർക്കാരിന്റെ പരിഗണനയിലാണ്. ഇടുക്കി, കോട്ടയം ജില്ല കളക്ടർമാരും പൊലീസ് മേധാവികളും ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.