- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ ഈ സീസണിലെ ഏറ്റവും വലിയ ഭക്തജന തിരക്ക്; ഇന്ന് മാത്രം വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് 87474 പേർ;തീർത്ഥാടനം തുടങ്ങി പത്ത് ദിവസത്തിൽ വരുമാനം 52 കോടി രൂപ കഴിഞ്ഞു; തുണയായത് അപ്പം അരവണ വിൽപന
ശബരിമല: സന്നിധാനത്തു വൻ ഭക്ത ജന തിരക്ക്.ഇന്ന് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് 87474 പേരാണ്.ഈ സീസണിൽ ഏറ്റവും കൂടുതൽ ഭക്തർ ദർശനത്തിന് ബുക്ക് ചെയ്തത് ഇന്നാണ്.മണ്ഡല മകരവിളക്ക് തീർത്ഥാടനം തുടങ്ങി പത്ത് ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ വരുമാനം 52 കോടി രൂപ കഴിഞ്ഞു.
അപ്പം അരവണ വിൽപനയിലാണ് ഏറ്റവും കൂടുതൽ വരുമാനം. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ഇത്തവണ വൻ തീർത്ഥാടക പ്രവാഹമായിരുന്നു ശബരിമലയിൽ. കാലാവസ്ഥയും അനുകൂലമായതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം ഭക്തർ സന്നിധാനത്തേക്ക് ഒഴുകി. ആദ്യ പത്ത് ദിനത്തിൽ അപ്പം അരവണ വിൽപന വഴി 26 കോടി രൂപ കിട്ടി. കാണിക്കയായി പന്ത്രണ്ട് കോടിയും ലഭിച്ചു.
തീർത്ഥാടകർ പഴയ പോലെ എത്തി തുടങ്ങിയതോടെ മുറിവാടക ഇനത്തിൽ ലഭിച്ചത് 48 ലക്ഷം രൂപ. അഭിഷേകത്തിൽ നിന്ന് 31 ലക്ഷവും ലഭിച്ചു. ആകെ 52 കോടി. കോവിഡ് മൂലം നിയന്ത്രണങ്ങളുണ്ടായിരുന്ന കഴിഞ്ഞ വർഷം ഇതേ സമയം 9.92 കോടി രൂപയായിരുന്നു വരുമാനം. വരുമാനത്തിന്റെ മുക്കാൽ ഭാഗവും ഉത്സനടത്തിപ്പിനാണ് ചെലവാകുന്നത്.
ദിവസം ശരാശരി രണ്ടര ലക്ഷം അരവണയാണ് സന്നിധാനത്ത് വിൽക്കുന്നത്. 51 ലക്ഷം കണ്ടെയ്‌നർ അരവണ സ്റ്റോക്കുണ്ട്. ദർശനം പൂർണമായും ബുക്കിങ് വഴി ആണ് നടക്കുന്നത്.ഇതുവരെ അഞ്ചു ലക്ഷത്തിലേറെ പേർ ദർശനം നടത്തി മടങ്ങി.അതേസമയം പവിത്രമായ സന്നിധാനവും ശബരമല പൂങ്കാനവും സംരക്ഷിക്കേണ്ടത് ഭക്തരുടെ കടയമയാണെ് മേൽശാന്തി കെ ജയരാമൻ നമ്പൂതിരി. കോവിഡ് മഹാമാരി വിട്ടൊഴിഞ്ഞ, പ്രകൃതി അനുകൂലമായി നിൽക്കുന്ന ഒരു മണ്ഡലകാലമാണ് ഇത്തവണത്തേത്.
അഭൂതപൂർവ്വമായ ഭക്തജനത്തിരക്കാണ് ഇതുവരെ ഉണ്ടായത്. കൊവിഡിനു മുൻപുള്ള നിലയിലേക്ക് തിരക്ക് വർധിക്കുന്നത് ശബരിമല ലോകോത്തര തീർത്ഥാടന കേന്ദ്രമാകുന്നു എന്നതിന്റെ സൂചനയാണ്. ഇനിയും തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച ഭക്തർക്ക് ഏറെ പ്രധാന്യമുള്ള പന്ത്രണ്ട് വിളക്ക് ഉത്സവം എന്ന പ്രത്യേകത കൂടിയുണ്ട്. പന്ത്രണ്ട് വിളക്കിന് ശേഷം തിരക്ക് കൂടും. പന്തിരുകുലത്തിലെ പന്ത്രണ്ട് മക്കളുടെ ദേവിയുപാസനയുമായി ബന്ധപ്പെട്ടതാണ് പന്ത്രണ്ട് വിളക്കുത്സവത്തിന്റെ ഐതിഹ്യമെന്നും മേൽശാന്തി പറഞ്ഞു.
മറുനാടന്‍ മലയാളി ബ്യൂറോ